അച്ഛന്‍ മരിച്ചിട്ട് പോലും അവള്‍ വീട്ടില്‍ വന്നില്ല: പത്മകുമാർ ചവിട്ടി: വെളിപ്പെടുത്തലുമായി അമ്മ
കൊല്ലം: ഓയൂർ തട്ടിക്കൊണ്ട് പോകല്‍ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അനിത കുമാരിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വന്തം അമ്മയും. തങ്ങളുടെ സ്വത്ത് മകള്‍ തട്ടിയെടുത്തെന്നാണ് അനിത കുമാരിയുടെ അമ്മ വെളിപ്പെടുത്തുന്നത്. സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ പത്മകുമാർ മർദ്ദിക്കുകയും പട്ടിയെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും അവർ പറയുന്നു.
ലോണ്‍ എടുക്കാനെന്ന പേരില്‍ ആറ് മാസത്തേക്കാണ് ഏഴ് സെന്റ് സ്ഥലം എഴുതിക്കൊടുക്കുന്നത്. കൃത്യം ആറ് മാസം കഴിയുമ്പോള്‍ തിരികെ തരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലത്തിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടായില്ല. പ്രമാണം തിരിച്ചുവേണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഇങ്ങോട്ട് വന്ന് എന്നെ ചവിട്ടി. മകളും കൊച്ചു മകളും ആ സമയത്ത് കൂടെയുണ്ടായിരുന്നു. അവരും തന്നെ ആക്ഷേപിച്ചു. പട്ടിയെ അഴിച്ച് വിട്ട് കടിപ്പിക്കുമെന്ന് ആക്ഷേപിക്കുകയും ചെയ്തെന്നും അമ്മ പറയുന്നു.

പതിനെട്ടാം വയസ്സിലാണ് അനിത കുമാരി പത്മകുമാറിനൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ആ വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നെങ്കിലും മകളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. അച്ഛന്‍ കശുവണ്ടി ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അച്ഛന്‍ മരിച്ചപ്പോള്‍ അനിത കുമാരിയോ പത്മകുമാറോ തിരിഞ്ഞ് നോക്കിയിട്ടില്ല. അസുഖത്തെ തുടർന്ന് പാരിപ്പള്ളിയില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. മെഡിക്കലില്‍ നിന്നാണ് മരിച്ച് ഇവിടെ കൊണ്ടുവന്നത്. പോയതും വന്നതുമെല്ലാം മകനാണ്. മകള്‍ വന്നതുമില്ല കണ്ടതുമില്ല. മരിച്ചിട്ടും അച്ഛനെ വന്ന് കണ്ടില്ലെന്നും 65 വയസ്സുള്ള അമ്മ പറയുന്നു.
സ്ഥലം തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ പ്രശ്നത്തെ തുടർന്ന് അവിടെ നിന്ന് ഇറങ്ങിപ്പോന്നതാണ്. മൂന്നു വർഷമായി യാതൊരു ബന്ധവുമില്ല. ചെറുപ്പത്തില്‍ മകള്‍ക്ക് നല്ല സ്വഭാവമായിരുന്നെന്നും പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല. ടിപ്പർ ഡ്രൈവറായ മകൻ മറ്റൊരു വീട്ടിലാണ് താമസം. ഇദ്ദേഹം നല്‍കുന്ന നൽകുന്ന ആഹാരവും മരുന്നുമായി പെരുമ്പുഴയ്ക്കടുത്തുള്ള കൊച്ചു വീട്ടിൽ തനിച്ചാണ് അമ്മ ഇപ്പോള്‍ കഴിയുന്നത്.
അതേസമയം, കേസിൽ പ്രതികളെ മൂന്ന് ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങുമെന്ന് പൂയപ്പള്ളി പൊലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ പത്മകുമാറുമായി ബന്ധമുണ്ടന്നു പറയുന്ന ബി ജെ പി നേതാവിനെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തതായും റിപ്പോർട്ടുണ്ട്. കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് നിലവില്‍ കഴിയുന്നത്.












Click it and Unblock the Notifications