നിപ: 11 സാംപിളുകള്‍ കൂടി നെഗറ്റീവ്, പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്തെ നിപ സാഹചര്യത്തില്‍ നേരിയ ആശ്വാസം. പരിശോധനയ്ക്ക് അയച്ച സാംപിളുകളില്‍ 11 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പോസിറ്റീവായി ആയ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 94 പേരുടെ സാംപിളുകള്‍ ഇതോടെ നെഗറ്റീവായി. ഇതുവരെ പരിശോധിച്ച സാംപിളുകളില്‍ ആറെണ്ണമാണ് പോസിറ്റാവായിട്ടുള്ളത്. നിലവില്‍ പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമാണ് രോഗികള്‍ ചികിത്സയിലുള്ളത്. ഇവിടങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനിലയില്‍ പേടിക്കാനില്ല. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നിലയില്‍ നേരിയ പുരോഗതി കാണുന്നുണ്ട് എന്നും എങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണ് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അവസാനം നിപ പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കുക എന്നതിലും ആദ്യം മരിച്ച രോഗിയ്ക്ക് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് കണ്ടെത്തുന്നതിലും ആണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ലൊക്കേഷന്‍ ട്രേസ് ചെയ്യും. മറ്റ് ജില്ലകളിലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ സാംപിളെടുക്കുന്നത് ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
മറ്റ് ജില്ലകളില്‍ ഉള്ള സമ്പര്‍ക്ക പട്ടികയിലെ ആളുകളുടെ സാംപിള്‍ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും എന്നും മന്ത്രി വ്യക്തമാക്കി. മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും വീണ ജോര്‍ജ് പറഞ്ഞു. നിലവില്‍ ചികിത്സയിലിരിക്കുന്ന രോ?ഗികള്‍ക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ല.
ആന്റിബോഡി മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിക്കേണ്ടതുണ്ട്. ഈ നടപടി വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ കോഴിക്കോട് നഗരത്തിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്.
പുതുക്കിയ സമ്പര്‍ക്ക പട്ടികയില്‍ 1080 പേരാണ് ഉള്ളത്. നിലവില്‍ നാല് പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. രണ്ട് മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications