നിപ ഭീതി ഒഴിയുന്നു: ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്ന 61 പരിശോധന ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപയില്‍ ഇന്നും ആശ്വാസ വാർത്ത. നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉള്‍പ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ നിലവില്‍ 22 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഐ സി യുവില്‍ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. 13 പേര്‍ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്താക്കി.

കേന്ദ്ര സംഘവുമായി ഇന്നും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം, നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം ഇന്ന് മുതൽ ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ പഠനത്തിനായി എത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും കോർഡിനേറ്റർ അറിയിച്ചു.
അതോടൊപ്പം തന്നെ, ജില്ലയിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചതായി വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചു. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഉള്ളതായി പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്.
വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടേയും വെറ്റിനറി ഡോക്ടർമാരുടേയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications