'വീണ ജോർജ് പൂനെ ലാബിലേക്ക് വിളിച്ചു, പരിശോധനാ ഫലം ആയിട്ടില്ല', പ്രതികരിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ പരിശോധനാ ഫലം സംസ്ഥാനത്തിന് ലഭ്യമായിട്ടില്ലെന്ന് മന്ത്രി
മുഹമ്മദ് റിയാസ്. കേരളത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. എന്നാല്‍ പൂനെ വൈറോളജി ലാബില്‍ നിന്നും പരിശോധനാ ഫലം ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഹമ്മദ് റിയാസിന്റെ വാക്കുകൾ: പൂനെയില്‍ നിന്നുളള ഫലം വരുന്നത് വരെ കാത്ത് നില്‍ക്കുക എന്നതാണ് പ്രധാനം. സംസ്ഥാനത്തെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന ആരോഗ്യമന്ത്രിക്ക് ഇത് നിപയാണ് എന്ന് പറയാമായിരുന്നു. എന്നാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് നടപടിക്രമങ്ങള്‍ പാലിച്ച് നീങ്ങുന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിച്ചത്. അതിന് കാരണം നിപ തന്നെ ആണെന്ന് ഉറപ്പാക്കണം, ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കരുത് എന്നത് കൊണ്ടാണ്.

വിവരം അറിഞ്ഞ ശേഷം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉത്തരവാദിത്തപ്പെട്ട ആളുകളെ വിളിച്ചപ്പോള്‍ ഫലം ആയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. നിപ ആണെങ്കിലും അല്ലെങ്കിലും ജാഗ്രതയോടെ എല്ലാവരേയും യോജിപ്പിച്ച് മുന്നോട് പോവുക എന്നതാണ് പ്രധാനമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ച് മുന്നോട്ട് പോകുന്നതല്ല നല്ലത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം അദ്ദേഹം അറിഞ്ഞാല്‍ തന്നെയും സംസ്ഥാന ആരോഗ്യമന്ത്രിയെ അറിയിച്ചിട്ട് വേണമായിരുന്നു പ്രഖ്യാപിക്കാന്‍. ഇത് പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ്.
സര്‍ക്കാരിനെ സംബന്ധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി കൊണ്ട് പോവുക എന്നതാണ് പ്രധാനം. പഞ്ചായത്ത് പ്രസിഡണ്ടുമാരും എംഎല്‍എമാരും അടക്കം യോഗം ചേര്‍ന്നു. പരിശോധനാ ഫലം വന്നാല്‍ കൂടിയാലോചന നടത്തി വേണം പ്രസിദ്ധപ്പെടുത്താന്‍ എന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications