'നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം', സിപിഎമ്മിനും പോലീസിനും സുധാകരന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് തിരഞ്ഞെടുപ്പ് തോറ്റതിന്റെ പേരിൽ കെഎസ്യുക്കാരുടെ വീടുകളിൽ കയറി മാതാപിതാക്കളെ അടക്കം ആക്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അക്രമികൾക്ക് കൂട്ടുനിൽക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നതെന്ന് കെ സുധാകരൻ ചോദിച്ചു.
ശാസ്താംകോട്ട കെഎസ്എം ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്യു ആണ് വിജയിച്ചത്. യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി അടക്കമുളള പ്രധാന സീറ്റുകളില്‍ അടക്കം ആകെയുളള 112 സ്ഥാനങ്ങളില്‍ 58ലും കെഎസ്യു സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതിന് പിന്നാലെ സിപിഎം പോലീസിന്റെ തണലിൽ ഗുണ്ടാവിളയാട്ടം നടത്തുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു..

കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ: '' ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിൻ്റെ പേരിൽ കെഎസ് യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ? അക്രമികൾക്ക് കൂട്ടുനിൽക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്? ആക്രമണ വിധേയമായ വീടുകളിൽ കേറി പോലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്. പോലീസിൻ്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്. ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്.
അർദ്ധരാത്രിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ കേറി തെരുവു ഗുണ്ടകളെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പോലീസ് ഏമാൻമാരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ കണ്ടു. ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പോലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പോലീസിനെയും നിലയ്ക്കു നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കേസിൽ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും. സിപിഎമ്മിനോടും കേരള പോലീസിനോടും കൂടി പറയുകയാണ്, ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും''.












Click it and Unblock the Notifications