ഇഡിയെ സെറ്റില്‍ ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു; ഗുരുതര ആരോപണവുമായി കെഎസ് ഹംസ

മലപ്പുറം: മുസ്ലിം ലീഗ് പുറത്താക്കിയ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പികെ കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണ് മുസ്ലിം ലീഗ് എംഎല്‍എ ആര്‍എസ്എസുമായി മലപ്പുറത്ത് ചര്‍ച്ച നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക പത്രത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇഡിയെ സെറ്റില്‍ ചെയ്തിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ആര്‍എസ്എസ് നേതാക്കളും മുസ്ലിം ലീഗ് എംഎല്‍എയും ചര്‍ച്ച നടത്തിയത് ശരിയാണ്. കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യപ്രകാരമാണ് ചര്‍ച്ച നടന്നത്. ഏത് എംഎല്‍എയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് ഹംസ ആവശ്യപ്പെട്ടു. ഇടക്കാലത്ത് മുസ്ലിം ലീഗ് സിപിഎമ്മുമായി അടുക്കുന്നു എന്ന വാര്‍ത്ത വന്നതും ആര്‍എസ്എസുമായി നടന്ന ചര്‍ച്ചയും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്നും ഹംസ ആരോപിച്ചു.
എആര്‍ നഗര്‍ ബാങ്ക് അഴിമതിയും ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസും ചോദ്യം ചെയ്തപ്പോള്‍ ഇഡിയെ സെറ്റില്‍ ചെയ്തു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇനി ഇഡി വരില്ലെന്നും ഇഡിയെ ഞാന്‍ സെറ്റില്‍ ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കെടി ജലീലുമായുള്ള വാഗ്വാദം പെട്ടെന്ന് അവസാനിച്ചതിന് പിന്നിലും മറ്റുചില കളികള്‍ നടന്നുവെന്നും കെഎസ് ഹംസ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണ്. മുസ്ലിം ലീഗിനെ ഇടതു ക്യാമ്പിലെത്തികക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. സോളാര്‍ കേസിലും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടായി. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും. സംസ്ഥാന കൗണ്‍സിലിലേക്ക് മല്‍സരിക്കാതിരിക്കാനാണ് തന്നെ പുറത്താക്കിയതെന്നും കെഎസ് ഹംസ ആരോപിച്ചു.
ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഹംസ തന്നെ 25 കൊല്ലമായി വേട്ടയാടുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐസ്‌ക്രീം കേസ് കഴിഞ്ഞ ശേഷമാണ് എന്ന് ഞാന്‍ മറുപടി നല്‍കി. ഹൈദരലി തങ്ങള്‍ പരിശുദ്ധനായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഇഡിയുടെ നോട്ടീസ് ലഭിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. ചന്ദ്രികയുടെ അക്കൗണ്ടില്‍ നോട്ട് നിരോധനത്തിന് പിന്നാലെ 10 കോടി വന്നു. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ മൂന്ന് കോടിക്കടുത്ത് രൂപ പിഴ കെട്ടി. ഇതോടെ കുറ്റം സമ്മതിച്ച പോലെയായി. ഇതൊന്നും ഹൈദരലി തങ്ങള്‍ അറിഞ്ഞില്ലെന്നും അപ്പോഴേക്കും എല്ലാ രേഖകളും തങ്ങള്‍ക്കെതിരായി കഴിഞ്ഞിരുന്നുവെന്നും കെഎസ് ഹംസ പറഞ്ഞു.












Click it and Unblock the Notifications