കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മാതൃകയായി
തൃശൂര്‍: യാത്രക്കിടെ കുഴഞ്ഞുവീണ യുവതിയ്ക്ക് ചികിത്സ നല്‍കാന്‍ തുടര്‍യാത്ര ഉപേക്ഷിച്ച് ആശുപത്രിയലെത്തിച്ച് ബസ് ജീവനക്കാരും യാത്രക്കാരും മാതൃകയായി. ആശുപത്രിയലിെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം യുവതിയുടെ ബന്ധുക്കളെ ഏല്‍പ്പിച്ച് ഒന്നരമണിക്കൂറിനുശേഷമാണ് യാത്രക്കാര്‍ മടങ്ങിയത്.
ഒല്ലൂരില്‍ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. വൈക്കം - തൃശൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ആലുവയില്‍ നിന്നും കയറിയ തസ്‌നീം (25) ആണ് തലോരില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീണത്. ബസിലുണ്ടായിരുന്ന സ്ത്രീ യാത്രികര്‍ മുഖത്ത് വെള്ളം തെളിച്ചെങ്കിലും യുവതിക്ക് ബോധം തെളിഞ്ഞഇല്ല. ഡ്രൈവര്‍ കെ.ഒ. ബിജു, കണ്ടക്ടര്‍ വിന്‍സ് വര്‍ഗീസ് എന്നിവര്‍ യാത്രക്കാരുടെ സമ്മതത്തോടെ ഒല്ലൂരിലെ ഹോളി ഫാമിലി മെഡിക്കല്‍ സെന്ററിലെത്തിച്ചു.

പ്രാഥമിക ചികിത്സ നല്‍കിയപ്പോള്‍ യുവതിക്ക് ബോധം തെളിഞ്ഞു. ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി യിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍, യുവതിയുടെ ബന്ധുക്കളെത്തുന്നതുവരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെതുടര്‍ന്ന് തൃശൂരിലേയ്ക്ക് അഞ്ചുകിലോമീറ്റര്‍ മാത്രമുണ്ടായിരുന്നതിനാല്‍ യാത്ര ഒല്ലൂരില്‍ അവസാനിപ്പിക്കുകയായിരുന്നു. ധൃതിയുള്ള യാത്രക്കാരെ പിന്നില്‍ വന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റിവിടുകയും ചെയ്തു. യുവതിയുടെ തൃശൂരിലുള്ള ബന്ധുക്കളെത്തിയശേഷമാണ് മറ്റു യാത്രക്കാരും ബസ് ജീവനക്കാരും യാത്ര തുടര്‍ന്നത്. അപ്പോഴേയ്ക്കും ഒന്നരമണിക്കൂര്‍ സമയം പിന്നിട്ടിരുന്നു.
തൃശൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ തസ്‌നീം ജോലിയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. തലചുറ്റലനുഭവപ്പെട്ടതിനെതുടര്‍ന്ന് ബോധരഹിതയായെങ്കിലും തക്ക സമയത്ത് സഹായം ലഭ്യമാക്കാന്‍ ബസ് ജീവനക്കാരും യാത്രക്കാരും നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് തസ്‌നിം ആശുപത്രി വിട്ടത്.












Click it and Unblock the Notifications