കെടി ജലീലിനെ തള്ളി എംവി ഗോവിന്ദന്‍; മാപ്പ് പറയണമെന്ന് സതീശന്‍, രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി
കൊച്ചി/ന്യൂഡല്‍ഹി: കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തെ തള്ളി സിപിഎം. കെടി ജലീലിന്റെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കശ്മീരിനെ കുറിച്ചും ഇന്ത്യയെ കുറിച്ചും വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരുന്നതല്ല ജലീല്‍ പറഞ്ഞത്. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
കെടി ജലീല്‍ പറഞ്ഞത് ബോധപൂര്‍വമാണെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴെല്ലാം വിവാദ പ്രസ്താവനയുമായി കെടി ജലീല്‍ രംഗത്തുവരാറുണ്ട്. ഇത് സിപിഎമ്മിന്റെ അറിവോടെയാണോ എന്ന് സംശയമുണ്ട്. പാകിസ്താന്‍ അവരുടെ നയതന്ത്ര വേദിയില്‍ പറയുന്ന രീതിയിലാണ് കെടി ജലീല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കശ്മീരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, കടുത്ത ഭാഷയില്‍ കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി രംഗത്തെത്തി. അവര്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ആണ്. അവര്‍ പ്രതികരിക്കണം. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായിട്ടാണ് കെടി ജലീല്‍ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നമ്മള്‍ വിളിക്കുക. ഈ രീതിയിലാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണ്. കേരള സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ജോഷി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
കെടി ജലീലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും കേസെടുക്കാത്തത് കേരള സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് ഒരു അര്‍ഥമേയുള്ളൂ എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പാകിസ്താനോട് കൂറുപുലര്‍ത്തുന്ന രാജ്യദ്രോഹിയായ കെടി ജലീലിനെ മഹാനാക്കിയത് പിണറായി വിജയന്‍ ചെയ്ത രാഷ്ട്രീയ പാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.
ഫേസ്ബുക്കില്‍ കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറിപ്പില്‍ ജലീല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ ആസാദി കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും വിശേഷിപ്പിച്ചതാണ് വിവാദമായത്. ആസാദ് കശ്മീര്‍ എന്ന് ഇന്‍വര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന് ജലീല്‍ വിശദീകരിക്കുന്നു. ഇതിന്റെ അര്‍ഥം മനസിലാകാത്തവരോട് സഹതാപം മാത്രമാണുള്ളതെന്നും കെടി ജലീല്‍ പ്രതികരിച്ചു.












Click it and Unblock the Notifications