2024 ആഗസ്റ്റ് 15-ന് മോദിജിയെക്കൊണ്ട് സ്വന്തം വീട്ടിൽ പതാക ഉയർത്തിക്കണം: കെടി ജലീല്‍
2024 ആഗസ്റ്റ് 15-ന് മോദിജിയെക്കൊണ്ട് സ്വന്തം വീട്ടിൽ പതാക ഉയർത്തിക്കണമെന്ന് കെടി ജലീല്‍ എംഎല്‍എ. മണിപ്പൂരും ഹരിയാനയും പശുക്കടത്തിൻ്റെ പേരിലെ കൊലകളും വർഗീയ കലാപ വാർത്തകളും ജനങ്ങളിലെത്തുന്നത് തടയാൻ സംഘടിത ഗൂഢാലോചനയാണ് ഭരണകൂട ഒത്താശയോടെ അരങ്ങേറുന്നതെന്നും എം എല്‍ എ ഫേസ്ബുക്കില്‍ കുറിക്കുന്നത്. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസമില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു കെടി ജലീലിന്റെ പ്രതികരണം.

കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പശുവിൻ്റെ പേരിൽ മനുഷ്യനെ തച്ചുകൊല്ലുന്ന ഏർപ്പാട് എന്നാണ് ഇന്ത്യയിൽ അവസാനിക്കുക? ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും എന്ന് ഘോഷിക്കുന്ന പ്രധാനമന്ത്രീ, മനുഷ്യജീവന് വില കൽപ്പിക്കുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് അങ്ങ് ആദ്യം ശ്രമിക്കേണ്ടത്! പുറംനാടുകളിൽ ജീവിക്കുന്ന ഭാരതീയർക്ക് തല ഉയർത്തി നടക്കാനുള്ള "നല്ല ദിനം" എന്നാണ് മോദിജീ വന്നണയുക? കൊടും ക്രൂരതകൾ കണ്ടും കേട്ടും സഹിച്ചും മടുത്തു.
രാജ്യത്ത് നടക്കുന്ന പൈശാചികതകൾ (മണിപ്പൂർ, ഹരിയാന, യു.പി, മധ്യപ്രദേശ്) എണ്ണിപ്പറഞ്ഞ് കേന്ദ്രസർക്കാരിനെതിരായി ആര് സാമൂഹ്യമാധ്യമങ്ങളിൽ കുറിക്കുന്ന പോസ്റ്റുകൾക്കും "വേണ്ടപ്പെട്ടവരെ" സ്വാധീനിച്ച് റീച്ച് കുറക്കുന്ന "സംഘ്പരിവാർ ഏർപ്പാട്" മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുന്നതിന് സമാനമാണ്.
മണിപ്പൂരും ഹരിയാനയും പശുക്കടത്തിൻ്റെ പേരിലെ കൊലകളും വർഗീയ കലാപ വാർത്തകളും ജനങ്ങളിലെത്തുന്നത് തടയാൻ സംഘടിത ഗൂഢാലോചനയാണ് ഭരണകൂട ഒത്താശയോടെ അരങ്ങേറുന്നത്. മാലോകരിൽ നിന്ന് രക്ഷപ്പെടാൻ മണലിൽ തല പൂഴ്ത്തി 'തന്ത്രം' പയറ്റുന്ന ഒട്ടകപ്പക്ഷിയുടെ നിലപാടെടുത്താൽ രാജ്യത്ത് സംഘികൾ നടത്തുന്ന മനുഷ്യത്വ വിരുദ്ധ പ്രവൃത്തികൾ ലോക ശ്രദ്ധയിൽ നിന്ന് ഒളിപ്പിച്ചുവെക്കാമെന്നാണ് വിഡ്ഢിയാൻമാർ കരുതുന്നത്.
2024 ആഗസ്റ്റ് 15-ന് മോദിജിയെക്കൊണ്ട് സ്വന്തം വീട്ടിൽ പതാക ഉയർത്തിക്കണം. ചെങ്കോട്ടയിൽ INDIA-യുടെ "നായകൻ" പതാക ഉയർത്തണം. അതുമാത്രമാണ് വർത്തമാന പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി.












Click it and Unblock the Notifications