സൗമ്യതയുടെയും മാന്യതയുടെയും ആൾരൂപമായിരുന്ന പൊതുപ്രവർത്തകൻ ; അനുശോചിച്ച് കെടി ജലീൽ
മലപ്പുറം; ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി കെടി ജലീൽ.വിവി പ്രകാശിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും. സൗമ്യതയുടെയും മാന്യതയുടെയും ആൾരൂപമായിരുന്ന പൊതുപ്രവർത്തകൻ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അർഹനായിരുന്ന നേതാവായിരുന്നു പ്രകാശനെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

വി.വി പ്രകാശിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സൗമ്യതയുടെയും മാന്യതയുടെയും ആൾരൂപമായിരുന്ന പൊതുപ്രവർത്തകൻ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അർഹനായിരുന്നു വി.വി പ്രകാശ്.
പകിട്ടും പത്രാസുമില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽ ആത്മാർത്ഥതയുള്ള ഒരുപാട് അനുയായികളെ ഉണ്ടാക്കിയെടുക്കാൻ കഴിയുമാറ് ആകർഷണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.
ജേഷ്ഠ തുല്യമായ സ്നേഹാദരങ്ങളോടെയാണ് ഞാനെന്നും പ്രകാശിനെ കണ്ടിട്ടുള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ (2011) തവനൂരിൽ UDF സ്ഥാനാർത്ഥിയായി എനിക്കെതിരെ മൽസരിച്ചത് വി.വി പ്രകാശായിരുന്നു.
എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എൻ്റെ എതിർ സ്ഥാനാർത്ഥി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ അതിനുള്ളൂ, വി.വി പ്രകാശ്. കലുഷിതമായ രാഷ്ട്രീയ അരങ്ങത്തു നിന്ന് ഒട്ടും നിനക്കാത്ത നേരത്ത് ആരോടും ചൊല്ലാതെ കാലയവനികക്കുള്ളിൽ പൊയ്മറഞ്ഞ സുഹൃത്തേ, അങ്ങയുടെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം,ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications