കുണ്ടറയില്‍ റെയില്‍വേ പാളത്തില്‍ ടെലിഫോണ്‍ വെച്ച പ്രതികള്‍ പിടിയില്‍: അട്ടിമറി സാധ്യതയും അന്വേഷിക്കുന്നു?
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തില്‍ ടെലിഫോണ്‍ വെച്ച പ്രതികള്‍ പിടിയില്‍. പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്താന്‍ സാധിച്ചത്.
മുറിച്ച് വില്‍ക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ കൊണ്ടുവെച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കിയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം പൂർണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും ഒരാള്‍ പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഇവർക്ക് പുറമെ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിട്ടു.
എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ സമാനമായ രീതിയില്‍ വീണ്ടും പോസ്റ്റ് കണ്ടു. ഇതോടെയാണ് അട്ടിമറി സാധ്യത എന്ന സംശയം ബലപ്പെട്ടത്.തുടർന്ന് പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത് നിർണ്ണായകമായി.
അതേസമയം, പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബി ജെ പിയും ആരോപിച്ചു. 'കുണ്ടറയിൽ ഉണ്ടായത് റെയിൽവേ പാളത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് കൊണ്ട് വെച്ചു ട്രെയിൻ അപകടം ഉണ്ടാക്കുവാൻ ഉള്ള ശ്രമം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൽ ഉൾപ്പെട്ടവർ എന്ന് കരുതുന്ന രണ്ടു ആൾക്കാരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് . ആ ദൃശ്യങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ചു ഉന്നതതല അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നടന്നത്. കേരള സർക്കാറിന്റെ ഏജന്‍സികള്‍ക്ക് പുറമെ കേന്ദ്ര സർക്കാറിന്റെ അന്വേഷണ ഏജന്‍സികളും വിഷയം അന്വേഷിക്കണം. രാജ്യസുരക്ഷയെ സംബന്ധിച്ച വലിയ ചോദ്യമാണ് ഇവിടെ ഉയരുന്നത്. വലിയ ഭീതിയാണ് സമൂഹത്തിലുണ്ടാക്കുന്നത്' സംഭവ സ്ഥലം സന്ദർശിച്ചുകൊണ്ട് സ്ഥലം എം എല്‍ എ പിസി വിഷ്ണുനാഥ് പറഞ്ഞു.












Click it and Unblock the Notifications