അസാധുവാക്കിയ ഭൂമി മറിച്ചുവിറ്റു; സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോടതി വില്‍പന അസാധുവാക്കിയ ഭൂമി ആണെന്ന വിവരം മറച്ചു വെച്ച് ആ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുകയും, കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയില്ല എന്നും ആണ് സുനില്‍ ഗോപിയ്‌ക്കെതിരായ പരാതി. ഇതിലാണ് സുനില്‍ ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കോയമ്പത്തൂരിലെ ജില്ലാ ക്രൈം ബ്രാഞ്ചാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കോയമ്പത്തൂരിലെ ജി എന്‍ മില്‍സിലെ ഗിരിധരന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗിരിധരന്റെ പരാതിയിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് കേസെടുത്തിരിക്കുന്നത്. സുനില്‍ ഗോപി നവക്കരയിലെ 4. 52 ഏക്കര്‍ ഭൂമി മറ്റൊരാളില്‍ നിന്ന് വാങ്ങിയിരുന്നു.
എന്നാല്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ അസാധുവാണെന്ന് കോടതി അറിയിച്ചു. ഈ വിവരം മറച്ചു വെച്ച് ഭൂമി ഗിരിധരന് വില്‍ക്കാന്‍ ശ്രമിച്ചു. ഇതിന്റെ അഡ്വാന്‍സ് തുകയായി സുനില്‍ 97 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ ഭൂമിയുടെ രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ ഗിരിധരന്‍ അഡ്വാന്‍സ് തുക തിരികെ ചോദിച്ചു.
എന്നാല്‍ തുക തിരികെ നല്‍കാന്‍ സുനില്‍ ഗോപി തയാറായില്ല. ഇതാണ് കേസിനാസ്പദമായ സംഭവം. സുനില്‍ ഗോപി ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ അക്കൗണ്ടിലേക്കാണ് അഡ്വാന്‍സ് തുക നിക്ഷേപിച്ചത്. മറ്റ് രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചനാ കുറ്റത്തിനാണ് സുനില്‍ ഗോപിയുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.
സുനില്‍ ഗോപിയുടെ അക്കൗണ്ടിലേക്ക് 72 ലക്ഷം രൂപയാണ് കൈമാറിയത്. ഇയാളുടെ സുഹൃത്തുക്കളായ റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചുകൊടുത്തു. എന്നാല്‍ സ്ഥലം വില്‍പ്പനയില്‍ കബളിപ്പിച്ചതായി കണ്ടെത്തിയതോടെ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ സുനില്‍ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.












Click it and Unblock the Notifications