കൊച്ചിയില്‍ ലാറ്റിനമേരിക്കന്‍ ലഹരിമാഫിയ പിടിമുറുക്കുന്നു: തിരിച്ചറിയാനാകാതെ എന്‍സിബി
കൊച്ചി: ലാറ്റിനമേരിക്കന്‍ ലഹരിമാഫിയയുടെ ഇന്ത്യയിലെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായി കൊച്ചിയും മാറിയേക്കുമെന്ന് ആശങ്ക. നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി പിടിയിലായ വിദേശികള്‍ക്ക് ഇതുവരെയും കൊച്ചിയില്‍ പ്രാദേശിക സഹായം കിട്ടിയതായി വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും സാധ്യത തള്ളാതെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി).
ലഹരിവിതരണത്തിന് അനുയോജ്യമായ സാഹചര്യം കൊച്ചിയില്‍ നിലനില്‍ക്കുന്നതാണ് തെക്കേ അമേരിക്ക കേന്ദ്രീകരിച്ചുള്ള സംഘത്തിനു പ്രചോദനം പകരുന്നത്. ഗോവയില്‍ നടക്കുന്ന നിശാകാല ലഹരിപാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്നു സ്ഥിരമായി റേവ് ട്രിപ്പുകള്‍ സംഘടിപ്പിക്കുന്ന ഏജന്റുമാര്‍ ജില്ലയില്‍ സജീവമാണ്. സമീപ ജില്ലയായ ആലപ്പുഴയില്‍ നിന്നുള്ള യുവാക്കളെയും ഗോവയില്‍ കൊണ്ടു പോകുന്നുണ്ട്. ഈ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ ലഹരിമരുന്നുകളുമായിട്ടാണു മടങ്ങിയെത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചുള്ള രാത്രികാല പാര്‍ട്ടികള്‍ കൊച്ചിയിലും സജീവമാണ്.

മൂന്നു കൊല്ലം മുമ്പു കടവന്ത്രയിലെ ആഡംബര ഫ്‌ലാറ്റില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചുള്ള ലഹരി പാര്‍ട്ടിക്കിടെ സിനിമാ താരമുള്‍പ്പെടെയുള്ളവര്‍ പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നെടുമ്പാശേരിയില്‍ നിന്നു പിടികൂടിയ കൊക്കെയ്ന്‍ ഗോവ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണെങ്കിലും കൊച്ചിയില്‍ വച്ചു കൈമാറ്റം ചെയ്യാനും ലക്ഷ്യമിട്ടതായി സംശയമുണ്ട്. 4.7 കിലോ കൊക്കെയ്‌നുമായി അറസ്റ്റിലായ ഫിലിപ്പിനോ യുവതി ജോന്ന ഡി ടോറസിന് തങ്ങാന്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ തങ്ങുന്നതിനിടെ കൊക്കെയ്ന്‍ കൈമാറാന്‍ സാധ്യതയുണ്ടായിരുന്നതായി സംശയമുണ്ടെങ്കിലും അറസ്റ്റിലായതിനാല്‍ തെളിവുകള്‍ ലഭിച്ചില്ല.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി എത്തുന്ന കൊക്കെയ്ന്‍ പിടികൂടുന്നുണ്ടെങ്കിലും ലഹരി കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ എന്‍സിബിക്ക് സാധിച്ചിട്ടില്ല. ഇതുവരെ പിടിയിലായവരെല്ലാം ലഹരിമാഫിയയുടെ വാഹകര്‍ മാത്രമാണെന്നും ഇവര്‍ക്കു ലഹരി കടത്തുന്ന സംഘങ്ങളുമായി നേരിട്ടു ബന്ധമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊക്കെയ്ന്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു കൈമാറിയാല്‍ വന്‍ തുകയാണു ലഹരിമാഫിയ നല്‍കുന്നത്. ഈ മോഹവലയത്തില്‍ അകപ്പെട്ടാണു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പലരും കൊക്കെയ്ന്‍ കടത്തിനു തയ്യാറാകുന്നത്. ജനുവരിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായ ഫിലിപ്പിനോ യുവതി ജോന്ന ഡി ടോറസ് ഇവരില്‍പ്പെടും. മറ്റു ചിലര്‍ സ്ഥിരമായി ലഹരി കടത്തുന്ന പ്രഫഷണലുകളാണ്. 101 കൊക്കെയ്ന്‍ ടാബ്ലെറ്റുകള്‍ വിഴുങ്ങി വയറ്റിലൊളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വെനസ്വേലന്‍ സ്വദേശി ഗബ്രിയേല്‍ കാസ്‌ട്രോ കറേനോ പ്രഫഷണല്‍ സംഘത്തില്‍പ്പെട്ടയാളാണ്. ഇവര്‍ക്കു പോലും ലഹരി കടത്തു സംഘത്തിന്റെ തലപ്പത്തുള്ളവരുമായി നേരിട്ടു ബന്ധമില്ല.

ഇതു തന്നെയാണ് എന്‍സിബിയെ കുഴക്കുന്നതും. തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു കൊക്കെയ്ന്‍ കടത്തുന്ന സംഘങ്ങള്‍ പല രാജ്യങ്ങളിലും അവിടുത്തെ സര്‍ക്കാരുകളെ പോലും വെല്ലുവിളിച്ചാണു ലഹരി കച്ചവടത്തില്‍ ഏര്‍പ്പെടുന്നത്. ഇവരെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുക പ്രായോഗികമല്ല. ഇന്ത്യയിലേക്കുള്ള ലഹരികടത്ത് ഫലപ്രദമായി തടയുക മാത്രമാണു ചെയ്യാനുള്ളത്. 2015ല്‍ ഇന്ത്യയിലേക്ക് 113 കിലോ കൊക്കെയ്‌നാണ് എത്തിയത്.












Click it and Unblock the Notifications