കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സർക്കാർ എടുത്ത തീരുമാനമാണ് ലോകായുക്ത';' വിവിധ അഭിപ്രായങ്ങൾ സ്വാഭാവികം'; എ.വിജയരാഘവൻ

'സർക്കാർ എടുത്ത തീരുമാനമാണ് ലോകായുക്ത';' വിവിധ അഭിപ്രായങ്ങൾ സ്വാഭാവികം'; എ.വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് അടക്കം വിവിധ വിഷയത്തിൽ പ്രതിരണവുമായി എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ എൽഡിഎഫിൽ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. മലയാള മനോരമയുടെ 'ക്രോസ് ഫയറിൽ' റിപ്പോർട്ടറിനോടായിരുന്നു എ.വിജയരാഘവൻ പ്രതികരിച്ചത്.

ലോകായുക്ത ഓർഡിനൻസ് ഭേദഗതിയാണല്ലോ സജീവ ചർച്ചാ വിഷയം. ആ ഭേദഗതി ഓർഡിനൻസായി കൊണ്ടുവന്നതിനെതിരെ എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ പരസ്യമായി രംഗത്തു വന്നതിനെക്കുറിച്ച് കൺവീനറുടെ പ്രതികരണം എന്താണ്?

vijaya

പ്രായോഗികമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ എടുത്ത തീരുമാനമാണ് അത്. അതേക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികം മാത്രമാണ്. സർക്കാരിനെ രാഷ്ട്രീയമായി എതിർക്കുന്നവർ ആ നിലയിൽ അഭിപ്രായം പറയും. പ്രതിപക്ഷ അഭിപ്രായങ്ങളുടെ പൊതുസ്വഭാവം നോക്കിയാൽ രാഷ്ട്രീയ വിരോധമാണ് അതിൽ ഉള്ളത്.

എൽഡിഎഫിൽ തന്നെയുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ചാണ് ചോദിച്ചത്. വേണ്ടത്ര രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നാണല്ലോ സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്..?

സിപിഐ ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. പക്ഷേ അവർ ഓർഡിനൻസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി അഭിപ്രായം പറ‍ഞ്ഞിട്ടില്ല.

ചർച്ച കൂടാതെ തിടുക്കത്തിലാണ് ഓർഡിനൻസ് തയാറാക്കിയത് എന്ന അവരുടെ വാദം പരസ്യമായ വിയോജിപ്പു തന്നെയല്ലേ?

അക്കാര്യത്തിൽ ഒരു പരസ്യ പ്രതികരണത്തിനില്ല. നിയമത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അവർ ഒരു അഭിപ്രായം പറഞ്ഞതായി കാണുന്നില്ല.

അഴിമതിക്കെതിരെ ഇടതുപക്ഷത്തിന്റെ നിലപാടുകൾ പ്രഖ്യാപിതമാണ്. അങ്ങനെയിരിക്കെ ലോകായുക്തയെ ദുർബലമാക്കുന്ന ഈ ഓർഡിനൻസിന്റെ ആവശ്യകത എന്താണ്?

ആ നിയമത്തിൽ ഭേദഗതി അനിവാര്യമാണെന്ന് അഡ്വക്കറ്റ് ജനറൽ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അത് ഇപ്പോൾ നൽകിയതല്ല. വരാൻ പോകുന്ന നിയമസഭാ സമ്മേളനം പ്രധാനമായും ബജറ്റുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ നിയമനിർമാണത്തിനു വേണ്ടിയുള്ളതല്ല. സ്വാഭാവികമായും ഓർഡിനൻസ് ആ നിലയിൽ വന്നതാണ്. ഈ സർക്കാർ ഓർഡിനൻസുകൾക്കു വേണ്ടിയല്ല നിലകൊള്ളുന്നത്. പ്രായോഗികത കണക്കിലെടുത്ത് എടുത്ത തീരുമാനം മാത്രമാണ് ഓർഡിനൻസ്.

ഇനി വരുന്ന നിയമസഭാ സമ്മേളനം ബജറ്റ് അനുബന്ധ കാര്യങ്ങൾക്കുള്ളത് ആയതിനാൽ ഈ ബിൽ ചർച്ചയ്ക്കെടുക്കുന്നത് ആ സമ്മേളനത്തിൽ പ്രായോഗികമല്ല എന്നതു കണക്കിലെടുത്താണ് ഓർഡിനൻസ് എന്നാണോ?

അത്രേയുള്ളൂ. അല്ലാതെ മറ്റൊരു ദുരുദ്ദേശവും ഇല്ല. വളരെ നേരത്തേ തന്നെ വരേണ്ടിയിരുന്ന ഒരു നിയമ ഭേദഗതിയായിരുന്നു അത്.

പക്ഷേ ഒരു ഭേദഗതി മാത്രം എന്നു പറയുമ്പോൾ നിയമത്തിലെ ശക്തമായ വ്യവസ്ഥയല്ലേ മാറ്റുന്നത്?

ലോക്പാൽ നിയമവുമായും ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെ നിയമങ്ങളുമായും തട്ടിച്ചു നോക്കുമ്പോൾ കേരളത്തിലെ നിയമം ലഘൂകരിക്കുന്ന ഒരു ഭേദഗതിയും സർക്കാർ ഉദ്ദേശിക്കുന്നില്ല.

ദേശീയതലത്തിൽ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന നേതാവാണ് താങ്കൾ. ലോക്പാൽ നിയമം കൂടുതൽ ശക്തിപ്പെടുത്തണമെന്നെല്ലാം വാദിച്ച പാർട്ടിക്ക് സ്വന്തം സർക്കാർ മറിച്ചൊരു നിലപാട് എടുക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുമോ?

ലോക്പാൽ നിയമത്തെ ലഘൂകരിക്കുന്ന ഒന്നും ഇവിടെ സംഭവിക്കില്ല. ലോക്പാൽ നിയമം പ്രായോഗികമായി നടപ്പാക്കുമ്പോൾ ഭരണഘടന നൽകുന്ന പരിരക്ഷയുടെ നിഷേധം ആകരുത്. അങ്ങനെ വരുമ്പോൾ തിരുത്തലുകൾ വേണ്ടിവരും. അതല്ലാതെ അഴിമതിക്കെതിരെയുള്ള ഒരു നിലപാടിനെയും ഇതു ദുർബലപ്പെടുത്തുന്നില്ല.

ബിൽ ഭരണഘടനാവിരുദ്ധമാണ് എന്ന അഭിപ്രായം ഇക്കാലമത്രയും ഉയർന്നിട്ടില്ലല്ലോ?

പ്രായോഗികമായി നടപ്പിലാക്കുമ്പോൾ ഉള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ ഭേദഗതികൾ വേണ്ടിവരുന്നത്. ഭരണഘടനാ ഭേദഗതികൾ തന്നെ ഉണ്ടാകാറുണ്ടല്ലോ. ഏതു നിയമമാണെങ്കിലും നടപ്പിലാക്കുമ്പോൾ ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും സ്വാഭാവികമായി വരുന്നതാണ്. അതു നിയമനിർമാണം എന്ന പ്രക്രിയയാണ്.

അങ്ങനെ സ്വാഭാവികമായി വരുന്ന ഒരു ഭേദഗതി മന്ത്രിസഭ ചർച്ചചെയ്ത് അംഗീകരിച്ചതാണെങ്കിൽ അതിനെതിരെ സിപിഐ പ്രതിഷേധിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമല്ലേ?

സിപിഐ ഒരു പാർട്ടി എന്ന നിലയിൽ അഭിപ്രായം പറഞ്ഞു. നിയമത്തിന്റെ ഉള്ളടക്കത്തിലേക്ക് കയറി ഒന്നും പറഞ്ഞിട്ടുമില്ല. അല്ലാത്തയിടത്തോളം കാലം ആ ചർച്ചയിലേക്കു പോകേണ്ടതില്ല.

സർക്കാരിനെ അട്ടിമറിക്കാനായി ഗവർണറെ കരുവാക്കി ലോകായുക്തയിലെ വ്യവസ്ഥ ഉപയോഗിച്ചേക്കാമെന്ന ആശങ്ക ഭേദഗതിക്കുള്ള ന്യായമായി സിപിഎം ചൂണ്ടിക്കാട്ടി. ഇതൊന്നും ഉപയോഗിച്ചല്ലല്ലോ 1959ൽ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടത്?

സർക്കാരിനെ പിരിച്ചുവിട്ട ആ നടപടി ജനാധിപത്യത്തിന്റെ കശാപ്പായിരുന്നു. അന്ന് അക്കാര്യത്തിൽ എല്ലാവരും അഭിപ്രായം പറ‍ഞ്ഞതാണ്. ഇന്ന് അതിനെ ന്യായീകരിക്കാൻ അപൂർവം ചിലർ മാത്രമേ ഉള്ളൂ. അതും മറ്റുള്ളതുമായി കൂട്ടിച്ചേർക്കണ്ടതില്ല. ഗവർണർ പദവി ദുർവിനിയോഗം ചെയ്ത ഒട്ടേറെ സന്ദർഭങ്ങളുണ്ട്. അപ്പോഴെല്ലാം അതിനെ വിമർശനപരമായി സമീപിച്ചിട്ടുമുണ്ട്.

ലോകായുക്തയുടെ മുന്നിൽ നിലവിലുള്ള കേസുകൾ സർക്കാരിനു പ്രതികൂലമാകുമെന്ന ആധി ഈ തിരക്കിട്ട ഈ നീക്കത്തിന് കാരണമായി വ്യാഖ്യാനിച്ചാൽ തെറ്റു പറയാമോ?

പൂർണമായും തെറ്റാണ്. ഈ ഭേദഗതി ശുപാർശ സർക്കാരിനു മുന്നിൽ നേരത്തേ വന്നതാണ്. പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നതിനു മുൻപേ തന്നെ അതു പരിഗണനയിൽ ഉണ്ട്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ വിരോധമാണ് പ്രധാന ഘടകം. ഭിന്നാഭിപ്രായം പറയുന്നവരുടെ പൊതു സ്വഭാവം നോക്കിയാൽ അവർ രാഷ്ട്രീയമായി ഇടതുപക്ഷത്തെ എതിർക്കുന്നവരാണ്. അതിൽ പ്രതിപക്ഷവും ഉണ്ട്, കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുമുണ്ട്.

അങ്ങനെ പറയാൻ കഴിയുമോ? എൽഡിഎഫിന്റെ ആകെ വിശ്വാസം തന്നെ ഓർഡിനൻസിന് ഇല്ലെന്നല്ലേ സിപിഐയുടെ എതിർപ്പ് വ്യക്തമാക്കുന്നത്?

ഞാൻ പറഞ്ഞല്ലോ, ബില്ലിന്റെ ഉള്ളടക്കത്തെ ഒരു ഘടകകക്ഷിയും എതിർത്തിട്ടില്ല.

ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും കണ്ണൂർ വിസി നിയമനക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനും പരിച തീർക്കാൻ വേണ്ടിയാണ് ഭേദഗതി എന്നാണല്ലോ പ്രതിപക്ഷം ആരോപിക്കുന്നത്?

മുഖ്യമന്ത്രിയോ കേരളത്തിലെ മന്ത്രിസഭാംഗങ്ങളോ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നു പറയാൻ കഴിയില്ല. അവർ അങ്ങനെ പ്രവർത്തിക്കുന്നവരുമല്ല. എന്നാൽ സർക്കാരിനെതിരെ സമീപനങ്ങൾ സ്വീകരിക്കുന്ന വ്യക്തികളും സംഘടനകളും ഉണ്ട്. അങ്ങനെയുള്ള ചില കടലാസ് സംഘടനകളെ കൃത്രിമമായി സൃഷ്ടിച്ച് അവർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ആക്ഷേപം പറയുന്നതും പരാതി നൽകുന്നതും അതു മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുക്കുന്നതുമായ ഒരു ശൈലി കുറച്ചു കാലമായി കണ്ടുവരുന്നു.

ഒരാൾ ഒറ്റയ്ക്ക് പാർട്ടിയെ നയിക്കില്ല. കൂട്ടായ പ്രവർത്തനത്തിലെ പങ്കാളിത്തമാണ് നമുക്കെല്ലാം ഉള്ളത്. കേരളത്തിലെ സിപിഎമ്മിന്റെ കൂട്ടായ നേതൃത്വമാണ് ഈ പ്രവർത്തനങ്ങളെല്ലാം മുന്നോട്ടു കൊണ്ടു പോകുന്നത്. വ്യക്തികൾക്ക് അതിൽ പങ്കുണ്ടാകാം

സ്ഥിരം ആക്ഷേപം പറയലാണ് അവരുടെ പണി. ഈ സംഘടനകൾക്കൊന്നും ജനങ്ങളുടെ അംഗീകാരമില്ല. ആരോടും ഉത്തരവാദിത്തമില്ലാത്തതും കൃത്രിമമായി ഉത്പാദിക്കപ്പെട്ടതുമായ സംഘടനകളുടെ പ്രസിഡന്റും സെക്രട്ടറിയും പറയുന്നതിന് വലിയ വാർത്താപ്രാധാന്യമാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ നടക്കുന്നതും അതു തന്നെയാണ്.

ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി ഇത്തരം സംഘടനകളുടെ സഹായത്തോടെ പ്രതിപക്ഷം ഉയർത്തുന്നതാണ് എന്നാണോ?

ഒരു സാമൂഹിക ഉത്തരവാദിത്തവും ഇല്ലാത്ത ചില കടലാസ് സംഘടനകളെ ഉണ്ടാക്കും. ആ സംഘടനകളെ കൊണ്ട് ആക്ഷേപങ്ങൾ പറയിപ്പിക്കും. ആ വാർത്തകൾ വച്ചുകൊണ്ട് പ്രതിപക്ഷനേതാവും മറ്റും വാർത്താ സമ്മേളനം നടത്തും. ഇതു കുറച്ചു ദിവസമായി കണ്ടു കൊണ്ടിരിക്കുന്ന കലാപരിപാടിയാണ്.

വിസി നിയമനത്തിനായി മന്ത്രി ഗവർണർക്ക് കത്ത് നൽകിയ നടപടിക്കെതിരെ ഇത്തരം സംഘടനകളും പ്രതിപക്ഷവും മാത്രമല്ല അഭിപ്രായം പറഞ്ഞത്. അതു മന്ത്രിയുടെ അധികാരത്തിനു പുറത്തുള്ള നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തന്നെയല്ലേ ആരോപിച്ചത്?

അതെല്ലാം നിയമപരമായ വിഷയമല്ലേ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമവിധേയമായി മാത്രമേ കാര്യങ്ങൾ നടത്തൂ. അല്ലാതെ നിയമവിരുദ്ധമായോ തെറ്റായോ പ്രവർത്തിക്കുമെന്നു ഞാൻ കരുതുന്നില്ല.

അന്നു മന്ത്രിയുടെ കത്തിന്റെ കാര്യത്തിൽ ഉന്നയിച്ച എതി‍ർപ്പ് ലോകായുക്ത ഓർഡിനൻസ് വരെ സിപിഐ തുടരുമ്പോൾ അക്കാര്യത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഓരോ പാർട്ടികൾ പറയുന്ന അഭിപ്രായത്തിൽ കയറി വീണ്ടും നമ്മൾ അഭിപ്രായം പറയേണ്ട കാര്യമില്ല.

ഭരണ മുന്നണിയിൽ തന്നെ അഭിപ്രായ ഭിന്നത രൂപപ്പെട്ട സാഹചര്യത്തിൽ ഓർഡിനൻസിന്റെ കാര്യത്തിൽ എന്തെങ്കിലും വീണ്ടുവിചാരം ആവശ്യമാണോ?

അതു സർക്കാർ എടുത്ത ഒരു തീരുമാനമല്ലേ. നേരത്തേ തന്നെ വന്ന ചില ശുപാർശകൾ കണക്കിലെടുത്തു ചെയ്തതാണ്. പെട്ടെന്ന് എടുത്ത തീരുമാനമല്ലല്ലോ.

ആ പേരുദോഷം മായ്ക്കാൻ വേണ്ടിയാണോ സിൽവർ ലൈൻ?

ആ ആക്ഷേപം ഉന്നയിച്ചവരാണ് ഇപ്പോൾ തിരിച്ചു പറയുന്നത് എന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. അവരുടെ പ്രശ്നം സിപിഎം വിരോധവും ഇടതുപക്ഷ വിരുദ്ധതയുമാണ്. അതിന്റെ പേരിൽ കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ പാടില്ല.

കേന്ദ്രസഹായം തുച്ഛം, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശം. 65,000 തൊട്ട് ഒരു ലക്ഷം കോടി വരെയുള്ള പദ്ധതി കേരളത്തിന് താങ്ങാൻ കഴിയുമോ?

ഒരു വികസനപദ്ധതിക്കായി രാവിലെ ബാങ്കിൽ പോയി ഇത്രയും പണം എടുത്ത് ചെലവാക്കുകയല്ലല്ലോ ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ ഘട്ടം ഘട്ടമായി വരുന്ന ചെലവുകൾക്കാണ് പണം സമാഹരിക്കുന്നത്. വികസനപദ്ധതി പൂ‍ർത്തിയാക്കുന്നതിനിടയിൽ ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിനു സാധിക്കും. പണം എവിടെ എന്നത് വിമർശിക്കാനുള്ള എളുപ്പവിദ്യയാണ്. അങ്ങനെ നോക്കിയാൽ ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയില്ല. ഇത് മൂലധനനിക്ഷേപമാണ്. അല്ലാതെ ദൈനംദിന ചെലവല്ല. മൂലധന നിക്ഷേപത്തിൽനിന്നു വരുമാനം ഉണ്ടാകും. ഇങ്ങനെയെല്ലാം നോക്കിയാൽ ബ്രിട്ടിഷുകാർ റെയിൽവേ ഉണ്ടാക്കിയതും തെറ്റാണെന്നു പറയേണ്ടി വരും. ആരെങ്കിലും അതു പറയുമോ?

പക്ഷേ ഇടതുപക്ഷവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും അടക്കം പദ്ധതിയുടെ കാര്യത്തിൽ ആശങ്കകൾ ഉയർത്തിയിട്ടില്ലേ?

ഗെയിൽ പൈപ്പ് ലൈൻ വന്നപ്പോൾ വലിയ ആശങ്കകളും പ്രക്ഷോഭങ്ങളും ഉണ്ടായില്ലേ? ഒടുവിൽ പ്രക്ഷോഭകാരികൾ പറഞ്ഞതാണോ സർക്കാർ പറഞ്ഞതാണോ ശരി എന്ന ചോദ്യം വന്നപ്പോൾ സർക്കാർ പറഞ്ഞതാണ് ശരി എന്നു വന്നില്ലേ. ദേശീയ പാതാ വികസനം എത്ര വേഗത്തിലാണ് നടക്കുന്നത്. അതിനെതിരെയും സമരങ്ങൾ നടന്നില്ലേ. ഇപ്പോൾ പരാതികൾ ഉണ്ടോ? എത്രയോ പേരി‍ൽ നിന്ന് ഭൂമി ഏറ്റെടുത്തു.

പ്രതീക്ഷിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നൽകിയാണ് പ്രായോഗികമാക്കുന്നത്. ഇക്കാര്യത്തിലും മികച്ച പുനരധിവാസ പാക്കേജുണ്ട്. തളിപ്പറമ്പിൽ വയൽക്കിളി പ്രശ്നം എന്തെല്ലാം ചർച്ച ഉണ്ടാക്കിയതാണ്. പിന്നീട് വസ്തുതകൾ വ്യക്തമായപ്പോൾ അതിൽനിന്നെല്ലാം ആളുകൾ മാറിപ്പോയില്ലേ. ഒരു വികസനപദ്ധതി വരുമ്പോൾ ആശങ്കകൾ ഉയരുന്നത് ജനാധിപത്യ വിരുദ്ധമല്ല. എന്നാൽ അതു ദൂരീകരിച്ചും വസ്തുതകൾ ബോധ്യപ്പെടുത്തിയും നടപ്പാക്കുമെന്നു തന്നെയാണ് സർക്കാരിന്റെ കാഴ്ച്ചപ്പാട്. ജനങ്ങളുടെ ഒപ്പംനിന്നും അവരെ വിശ്വാസത്തിലെടുത്തും മാത്രമാകും പദ്ധതി നടപ്പാക്കുക. അവരുടെ ആശങ്കകളെല്ലാം ദൂരീകരിക്കും.

പദ്ധതിയുടെ സർവേക്കല്ലുകൾ പിഴുതെറിയുന്നുണ്ടല്ലോ? കോൺഗ്രസ് തന്നെ അങ്ങനെ ഒരു ആഹ്വാനം നൽകി. ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇതെല്ലാം കാരണമാകുമോ?

ജനങ്ങളുടെ പിന്തുണ അത്തരം പ്രവർത്തനങ്ങൾക്ക് ലഭിക്കില്ല. ഒറ്റയ്ക്കു പോയി നിയമവിരുദ്ധ പ്രവർത്തനം നടത്താനായിരിക്കും ഉദ്ദേശിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ആ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെങ്കിൽ അതിനു ജനങ്ങളുടെ പിന്തുണ ലഭിക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ ചരിത്ര പുരുഷനാക്കാതിരിക്കാനാണ് പ്രതിപക്ഷം സിൽവർ ലൈനിനെ എതിർക്കുന്നത് എന്നു കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. അതാണോ പദ്ധതിയുടെ ലക്ഷ്യം?

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധനനിക്ഷേപം നടക്കുകയാണ്. വെറുതെ പ്രഖ്യാപിക്കുകയല്ല, പൂർത്തീകരിക്കുകയാണ്. സാമൂഹിക തുല്യത കേരളം ആർജിച്ചിട്ടുണ്ട്. ഇനി വേണ്ടത് അടിസ്ഥാന സൗകര്യവികസനമാണ്. യുവതലമുറയ്ക്ക് കുതിക്കാൻ വേണ്ട സൗകര്യങ്ങൾ ഇവിടെ ലഭ്യമാകണം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ സർക്കാരിന്റെ മുൻകൈ പ്രധാനമാണ്. അല്ലെങ്കിൽ കേരളം പിന്തള്ളപ്പെടും. അത് ഒഴിവാക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കാൻ മുഖ്യമന്ത്രി മുന്നിൽ നിന്നു ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയവിരോധം മൂലം ഇതിനെയെല്ലാം എതിർക്കുന്ന സമീപനം പ്രതിപക്ഷവും സ്വീകരിക്കുന്നുണ്ട്.

ദിലീപിനായി ജഡ്ജിയെ സ്വാധീനിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു, ബിഷപ്പിനെ ഉപയോഗിച്ചു: ശാന്തിവിളദിലീപിനായി ജഡ്ജിയെ സ്വാധീനിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു, ബിഷപ്പിനെ ഉപയോഗിച്ചു: ശാന്തിവിള

സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിനു മുന്നോടിയായി ദേശീയതലത്തിലെ സഖ്യങ്ങൾ സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ദേശീയതലത്തിൽ ബിജെപി വിരുദ്ധ ചേരി രൂപീകരിക്കുന്നതിൽ കോൺഗ്രസിന് ഒരു പങ്കും വഹിക്കാനില്ല എന്നാണോ സിപിഎം നിലപാട്?

Recommended Video

cmsvideo
ഇന്ന് 51,570 പേര്‍ക്ക് കൊവിഡ്, അഞ്ചാം ദിവസവും അരലക്ഷം കടന്ന് രോഗികള്‍ | Oneindia Malayalam

ബിജെപിയെ തോൽപിക്കുക എന്നതാണ് ഒന്നാമത്തെ രാഷ്ട്രീയ അജൻഡ എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ കോൺഗ്രസിന് ഒറ്റയ്ക്ക് അതു ചെയ്യാൻ കഴിയില്ല. ആ രാഷ്ട്രീയ ദൗത്യം നിർവഹിക്കാനുള്ള ശക്തി മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിനില്ല. പ്രാദേശിക പാർട്ടികളാണ് മിക്ക സംസ്ഥാനങ്ങളിലും ആ പങ്ക് നിർവഹിക്കുന്നത്. ഈ യാഥാർഥ്യങ്ങൾ മുന്നിൽ വച്ചുകൊണ്ട് ബിജെപിയെ അധികാരഭ്രഷ്ഠമാക്കുക എന്നതാണ് സിപിഎം നിലപാട്. - അദ്ദേഹം പറഞ്ഞു .

English summary
LDF Convener A Vijayaraghavan responded on various issues including Lokayukta Ordinance in kerala polictics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X