ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ച് സിപിഎം, കൊവിഡ് പ്രൊട്ടോക്കോളിൽ ഇളവ്, അയ്യങ്കാളി ഹാളില്‍ പൊതുദർശനം
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ പെണ്‍കരുത്ത് കെ ആര്‍ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ ഗൗരിയമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന കൊവിഡ് പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുദര്‍ശനത്തിന് ഇളവ് അനുവദിച്ച് ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളള പ്രമുഖര്‍ ഗൗരിയമ്മയെ അവസാനമായി കണ്ട് ആദരാജ്ഞലി അര്‍പ്പിക്കാനെത്തി. ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചാണ് സിപിഎം യാത്രയാക്കുന്നത്. അയ്യങ്കാളി ഹാളില്‍ വെച്ച് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ചെങ്കൊടി പുതപ്പിച്ചു.

പോലീസ് പാസ്സുള്ളവര്‍ക്കാണ് അയ്യങ്കാളി ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അയ്യങ്കാളി ഹാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ നിരവധി പേരാണ് ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അയ്യങ്കാളി ഹാളിലേക്ക് എത്തി. ഒരു മണിക്കൂര്‍ മാത്രമായിരുന്നു പൊതുദര്‍ശനം. പൊതുദര്‍ശനത്തിന് ശേഷം ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ട് പോയി. ആലപ്പുഴയിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കാരം വൈകിട്ട് വലിയ ചുടുകാട്ടില്‍ നടക്കും. ടിവി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപത്ത് തന്നെ ഗൗരിയമ്മയ്ക്കും ചിതയൊരുക്കും.
102 വയസ്സുളള ഗൗരിയമ്മ തന്റെ 103ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് മരണം. ഗൗരിയമ്മ വാര്‍ധക്യസഹജമായ രോഗങ്ങള്‍ കാരണമുളള ബുദ്ധിമുട്ടുകളിലായിരുന്നു. വിഷുക്കാലത്ത് ആണ് ഗൗരിയമ്മ തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ എത്തിയത്. അണുബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ 7 മണിയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത എന്നന്നേക്കുമായി വിടവാങ്ങിയത്.












Click it and Unblock the Notifications