'നുണ ലോകം ചുറ്റിയതല്ല': മന്ത്രിയുടെ വാദം തള്ളി അട്ടപ്പാടിയിലെ യുവതിയുടെ ഭർത്താവും എംപിയും
പാലക്കാട്: അട്ടപ്പാടിയില്‍ ഗർഭിണിയെ തുണിമഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ വിശദീകരണത്തെ എതിർത്ത് യുവതിയുടെ ഭർത്താവും സ്ഥലം എംപി വികെ ശ്രീകണ്ഠനും. ഗർഭിണിയെ 300 മീറ്റർ മാത്രമാണ് തുണിയിൽ കെട്ടി ചുമന്നതെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം നടത്തിയ വിശദീകരണം. എന്നാല്‍ സംഭവം പുറത്തുകൊണ്ടുവന്നവരെ മന്ത്രി കളിയാക്കുകയാണെന്നാണ് വികെ ശ്രീകണ്ഠന്‍ എംപി ആരോപിക്കുന്നത്.

റോഡ് സംവിധാനമില്ലാത്തതിനാല്‍ രണ്ടര കിലോമീറ്ററിലധികം നടന്നാണ് ഗർഭിണിയെ ഊരിന് പുറത്തെത്തിച്ചത്. റോഡ് മോശമായതാണ് പ്രതിസന്ധിക്ക് കാരണം. കൃത്യസമയത്ത് വാഹനം ലഭിച്ചിരുന്നെങ്കില്‍ പുലർച്ചെ രണ്ടരക്കെങ്കിലും ആശുപത്രിയിൽ എത്തിക്കാമായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് മുരുകനും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പ്രസവവേദന അനുഭവപ്പെട്ട സുമതിയെന്ന യുവതിയെ ബന്ധുക്കള്‍ ചേർന്ന് രണ്ടരകിലോമീറ്ററോളം ദൂരം ചുമന്ന് ആംബുലന്‍സിന് അരികെ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിക്കുകയും ചെയ്തു.

അതേസമയം 'സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരുമെന്ന കാര്യം ഇന്ന് "അട്ടപ്പാടി" വാർത്തയിലും കാണാനായി' എന്നായിരുന്ന കെ രാധാകൃഷ്ണന്റെ വിശദീകരണം. കടുക്മണ്ണ ഊരിൽ നിന്ന് ഗർഭിണിയെ കിലോമീറ്ററുകൾ തുണിയിൽ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ചെന്ന വാർത്തയാണ് ഇതിനാധാരം. ആദിവാസി ജനവിഭാഗങ്ങൾ താമസിക്കുന്ന ഊരിൽ നിന്ന് ഗർഭിണിയെ തുണിയിൽ കിടത്തി അല്പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലൻസിൽ എത്തിച്ച സംഭവത്തെ ചില വാർത്താ ചാനലുകൾ വസ്തുതകൾക്ക് വിരുദ്ധമായാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കടുക്മണ്ണ പട്ടികവർഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ഞായറാഴ്ച രാവിലെ കോട്ടത്തറ ആശുപത്രിയിൽ ആൺ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ ആഴ്ച കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി മരുന്നുകളുമായി ഊരിലേക്ക് മടങ്ങിയതായിരുന്നു യുവതി. അടുത്ത ജനുവരി എട്ടിനാണ് പ്രസവം കണക്കാക്കിയിരുന്നത്.
blackheads remover: ബ്ലാക്ക് ഹെഡ്‌സുകളെ തൂത്തെറിയാം;ഇതാ എട്ട് പൊടിക്കൈകള്‍

ശനിയാഴ്ച രാത്രി നേരം വൈകി യുവതിക്ക് പ്രസവവേദന ഉണ്ടായപ്പോൾ തന്നെ നഴ്സും പട്ടികവർഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. തുടർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയതും ഇവരാണ്. കാട്ടിനുള്ളിൽ നിന്നും ഭവാനിപ്പുഴ മറികടന്ന് അൽപ്പം ദൂരമകലെ ആംബുലൻസ് എത്തിയ സ്ഥലത്ത് യുവതിയെ ബന്ധുക്കളും ആരോഗ്യ പ്രവർത്തകരും ചേർന്ന് എത്തിച്ചതിനെയാണ് ചില മാധ്യമങ്ങൾ മൂന്നര കിലോമീറ്റർ കാട്ടിലൂടെ തുണിയിൽ കെട്ടി ചുമന്ന് എത്തിച്ചതായൊക്കെ കെട്ടുകഥകളും മുളപ്പാലത്തിന്റെ പടങ്ങളും ചേർത്ത് അവതരിപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ കടുക്മണ്ണയിൽ ഇരുമ്പ് തൂക്കുപാലം നിർമിച്ച് ഊരു നിവാസികളുടെ യാത്രാ ക്ലേശം പരിഹരിച്ചതുപോലും ഇവർ മറന്നു പോയി. ആ ഭാഗത്തേക്കുള്ള 5 കോളനികളിലേക്കും തൂക്കുപാലങ്ങൾ നിർമിച്ചിട്ടുണ്ട്.

സാധാരണ ഊരുകളിൽ നടന്നിരുന്ന പ്രസവങ്ങൾ ബോധവത്കരണത്തിലൂടെയും ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെയും ആശുപത്രിയിലെത്തിച്ച് നടത്തുന്നത് തന്നെ അട്ടപ്പാടിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളെ ഗുണഫലങ്ങളാണ്. എന്തായാലും അമ്മയും കുഞ്ഞും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ സുഖമായുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications