റിബലുകളെ പുറത്താക്കുമെന്ന് ചെന്നിത്തലയുടെ മുന്നറിയിപ്പ്
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആണെന്നിരിക്കെ റിബലുകളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. സീറ്റു മോഹികള്‍ പാര്‍ട്ടിയോട് കലഹിച്ച് സ്വന്തം നിലയ്ക്ക് നല്‍കിയ പത്രിക പിന്‍വലിക്കണമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ഇത്തരം റിബലുകള്‍ക്കെതിരെ പാര്‍ട്ടി കാര്യമായി അച്ചടക്ക നടപടികള്‍ എടുക്കാറില്ല. എന്നാല്‍ ഇത്തവണ അങ്ങിനെ ആയിരിക്കില്ലെന്നാണ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം കോണ്‍ഗ്രസ് ഒന്‍പതു വിമതന്‍മാരുടെ വെല്ലുവിളിയാണ് നേരിടുന്നത്. മിക്ക നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല.

കോഴിക്കോട് പയ്യോളി നഗരസഭയില്‍ 12 റിബലുകളാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ശനിയാഴ്ചയായതിനാല്‍ റിബലുകളെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
റിബലുകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിപ്പു നല്‍കി. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നുതന്നെയാണ് സുധീരനും വ്യക്തമാക്കിയിരിക്കുന്നത്. വിമതരെ ഏതവിധേനയും അനുനയിപ്പിക്കാന്‍ ജില്ലാ നേതാക്കളോട് സുധീരന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications