ബിജെപി പിന്തുണച്ചിട്ടും ജനപക്ഷത്തിന് രക്ഷയില്ല: സിറ്റിങ് സീറ്റില്‍ പിസി ജോർജിന്റെ പാർട്ടി മൂന്നാമത്
പൂഞ്ഞാർ: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ മുന്‍ എം എല്‍ എ പിസി ജോർജിന്റെ ജനപക്ഷത്തിനേറ്റത് കനത്ത തിരിച്ചടി. സിറ്റിങ് സീറ്റ് സി പി എമ്മിന് മുന്നില്‍ അടിയറവ് വെച്ച ജനപക്ഷം യു ഡി എഫിനും പിന്നില്‍ മൂന്നാമാതാവുകയും ചെയ്തു. ജനപക്ഷത്തിന്റെ പഞ്ചായത്ത് അംഗമായ ഷെല്‍മി റെന്നി രാജിവെച്ചതോടെയായിരുന്നു പൂഞ്ഞാർ പഞ്ചായത്തിലെ ഒന്നാം വാർഡായ പെരുന്നിലത്ത് തിരഞ്ഞെടുപ്പ് നടന്നത്.
ശക്തമായ ത്രികോണ മത്സരത്തില്‍ ബി ജെ പി പിന്തുണ പ്രഖ്യാപിച്ചതും ജനപക്ഷത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ സി പി എമ്മിലെ ബിന്ദു അശോകന്‍ കോണ്‍ഗ്രസിലെ മഞ്ജു ജെയ്‌മോനെ 12 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി. സി പി എം സ്ഥാനാർത്ഥിക്ക് 264 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 250 വോട്ടുകളാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ബി ജെ പി പിന്തുണയില്‍ മത്സരിച്ച ജനപക്ഷത്തിനാവട്ടെ 239 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

ഇതോടെ സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ ജനപക്ഷത്തിന് പ്രതിനിധിയില്ലാതായി. ഇന്നത്തെ വിജയത്തോടെ 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന്റെ അംഗ സഖ്യ ഏഴാവുകയും ചെയ്തു. കേരള കോണ്‍ഗ്രസിന് ഒന്നും കോണ്‍ഗ്രസിന് അഞ്ചും മെമ്പര്‍മാരാണുള്ളത്. പഞ്ചായത്തിലെ ഒന്നാം വാർഡില്‍ കഴിഞ്ഞ തവണ എല്‍ ഡി എഫ് നാലാമതായിരുന്നു എന്നതാണ് ശ്രദ്ധേയം.
അതേസമയം കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട സീറ്റ് സിപിഎമ്മും കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട് വാർഡ് കോണ്‍ഗ്രസും നിലനിർത്തി. മുക്കടയില്‍ 127 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി സുജാ ബാബു കോണ്‍ഗ്രസിലെ പ്രയ്‌സ് ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.
പുത്തൻതോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സൂസന്‍ കെ സേവ്യറാണ് വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിക്ക് 596 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് 521 വോട്ടും ലഭിച്ചു. യു ഡി എഫിന്റെ സിറ്റിങ് സീറ്റായിരുന്നു പുത്തന്‍തോട് ഡിവിഷന്‍. നഗരസഭയിൽ എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമായിരുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും നിർണ്ണായകമായിരുന്നു. നറുക്കെടുപ്പിലൂടെയായിരുന്നു യു ഡി എഫ് നേരത്തെ അധികാരം പിടിച്ചത്.












Click it and Unblock the Notifications