ലോക കേരളസഭ നിര്‍ത്തിവെച്ച് ആ തുക പ്രവാസികള്‍ക്ക് ധനസഹായമായി പ്രഖ്യാപിക്കണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭ നിര്‍ത്തിവെച്ച് അതിന്റെ തുക കുവൈത്തിലെ അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായമായി നൽകണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ് .സർക്കാർ പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഏത് പ്രവാസിക്കാണ് ലോക കേരള സഭകൊണ്ട് ഗുണം കിട്ടിയത്. കോവിഡില്‍ മടങ്ങിവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനോ അവര്‍ക്ക് വായ്പ കൊടുക്കാനോ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി നിരന്തരം ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആളാണ്. എന്നാല്‍, ഇതുവരെ ഒരു ലേബര്‍ ക്യാമ്പില്‍ പോലും അദ്ദേഹം പോവുകയോ പ്രാവസികളുടെ ദുരിതം കേൾക്കുകയോ ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ലോക കേരള സഭ ഇന്നും നാളെയും(ജൂൺ 14, 15) നിയമസഭാ മന്ദിരത്തിൽ
ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും(ജൂൺ 14, 15) നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കും.
രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. മുദ്രാഗാനത്തിനും ദേശീയ ഗാനത്തിനും ശേഷം 9.35ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു ലോക കേരള സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഉദ്ഘാടന ചടങ്ങിൽ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുക്കും. കേരള മൈഗ്രേഷൻ സർവെ റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രിക്കു കൈമാറും. ഉച്ചയ്ക്കു രണ്ടു മുതൽ വിഷയാടിസ്ഥിത ചർച്ചകളും മേഖലാ സമ്മേളനങ്ങളും നടക്കും. വൈകിട്ട് 5.15നു നടക്കുന്ന ചടങ്ങിൽ ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
നവംബർ 15നു രാവിലെ 9.30 മുതൽ മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും 10.15 മുതൽ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. വൈകിട്ട് 3.30നു മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. തുടർന്നു സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ലോക കേരളസഭാ സമ്മേളനത്തിനു സമാപനമാകും.












Click it and Unblock the Notifications