മോദി വീണ്ടും കേരളത്തിലേക്ക്; ഇത്തവണ എത്തുക കുന്നംകുളത്ത്, തൃശൂരിൽ കണ്ണെറിഞ്ഞ് ബിജെപി
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഇത്തവണ കുന്നംകുളത്തേക്കാണ് മോദി എത്തുന്നതെന്നാണ് ലഭ്യമായ വിവരം. ഏപ്രിൽ 15ന് കുന്നംകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 11 മാനിക്കായിരിക്കും മോദി പരിപാടിയിൽ പങ്കെടുക്കുക. തൃശൂർ ജില്ലയിലെ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുന്നംകുളം.
ഇഡി അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെയായി കൊഴുക്കുന്ന കരുവന്നൂർ കേസിൽ സിപിഎമ്മിന് പ്രതിരോധത്തിലാക്കാൻ പ്രധാനമന്ത്രിയെ നേരിട്ട് രംഗത്തിറക്കാനാണ് ബിജെപിയുടെ ശ്രമം. നടൻ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ ലോക്‌സഭാ മണ്ഡലം മാത്രമല്ല, ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ കൂടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് മോദിയുടെ വരവിലൂടെ പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

നേരത്തെ കരുവന്നൂർ ഉൾപ്പെടുന്ന പ്രദേശമായ ഇരിങ്ങാലക്കുടയിലേക്ക് മോദിയെ എത്തിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ കുന്നംകുളത്തെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരുവന്നൂർ വിഷയം സിപിഎമ്മിനെതിരെ ശക്തമായ ആരോപണവുമായി ഉന്നയിക്കുന്നതിന് ഒപ്പം, കോൺഗ്രസിനെയും ലക്ഷ്യമിടാനാണ് ബിജെപിയുടെ ശ്രമം.
ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നയമാണ് ഇതിൽ പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. കരുവന്നൂർ അഴിമതിയിൽ കാര്യങ്ങ സിപിഎമ്മിന്റേതാണ് എന്ന് ആവർത്തിച്ച് പറയുന്നതിനൊപ്പം ഈ വിഷയത്തിൽ കോൺഗ്രസ് സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടാത്തത് ഇരുകൂട്ടരും തമ്മിലുള്ള ഒത്തുകളിയുടെ സൂചനയാണെന്നാവും പ്രധാനമായും ബിജെപിയുടെ പ്രചാരണം.
അതിനിടെ കരുവന്നൂർ കേസിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ കഴിഞ്ഞ ദിവസം ഇഡി മണിക്കൂറുകളോളമാണ് ചോദ്യം ചെയ്‌തത്. മുൻ എംപിയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പികെ ബിജു, ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സിപിഎം കൗൺസിലർ എകെ ഷാജൻ എന്നിവരാണ് ഇഡിയുടെ റഡാറിലുള്ളത്.
ഇതിനിടെ സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. എന്നാൽ ഇതെല്ലം സിപിഎം നിഷേധിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി കേന്ദ്ര ഏജൻസികളെ മുൻനിർത്തി നടത്തുന്ന നാടകമാണ് ഇതെന്നാണ് സിപിഎം തീർക്കുന്ന പ്രതിരോധം.
ഇതിനായി ദേശീയ തലത്തിൽ കെജ്രിവാളിന്റെ അറസ്‌റ്റിനെ ഉൾപ്പെടെ അവർ കൂട്ടുപിടിക്കുന്നുണ്ട്. എന്തായാലും മോദിയുടെ വരവോടെ തൃശൂരിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷിതമാവും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. കുന്നംകുളത്തെ പ്രസംഗത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ പ്രധാനമന്ത്രി ഉന്നയിക്കുമോ എന്നതും കണ്ടറിയണം.












Click it and Unblock the Notifications