'സുനിലേട്ടന് ഒരു വോട്ട്'; സുനിൽ കുമാറിന് വേണ്ടിയും പോസ്റ്റർ, തൃശൂരിൽ പ്രചരണം കൊഴുക്കുന്നു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് ബിജെപി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ തൃശൂർ. എന്തുവിലകൊടുത്തും മണ്ഡലം പിടിക്കാൻ ബി ജെ പി ഇറങ്ങി പുറപ്പെട്ടതോടെ തൃശൂർ നിലനിർത്താൻ അരയും തലയും മുറുക്കി കോൺഗ്രസും രംഗത്തുണ്ട്, 2019 ൽ നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കാൻ സി പി ഐയും. മണ്ഡലത്തിൽ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്.
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. മണ്ഡലം പിടിക്കാൻ ലക്ഷ്യം വെച്ച് ബി ജെ പി പ്രചരണം കൊഴുപ്പിച്ചതോടെ നിലവിലെ എം പിയായ ടി എൻ പ്രതാപനോട് തൃശൂരിൽ സജീവമാകാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹത്തിന് വേണ്ടി ചുവരെഴുത്തുകളും വന്നുതുടങ്ങി. ഇപ്പോഴിതാ സി പി ഐ നേതാവ് വിഎസ് സുനിൽകുമാറിന് വേണ്ടിയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

സുനിലേട്ടന് ഒരു വോട്ട്' എന്ന വാചകത്തോടെ സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്ററുകൾ. ഇത്തവണ വി എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. പ്രാദേശിക നേതൃത്വം ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടയിലാണ് സുനിൽകുമാറിന് വോട്ട് തേടി പ്രചാരണം തുടങ്ങിയത്. 'പാർട്ടിയുടെ അറിവോടെയല്ല പോസ്റ്ററുകൾ എന്നാണ് സുനിൽ കുമാർ പ്രതികരിച്ചത്. മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ചയുണ്ടായിട്ടില്ലെന്നും നേരത്തേ സുനിൽ കുമാർ പറഞ്ഞിരുന്നു.
അതിനിടെ പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്തുകൾ വന്നു. ചൂണ്ടലിലാണ് ഇന്ന് ചുവരെഴുത്ത് കണ്ടത്. എളവള്ളി ചിറ്റാട്ടുകര കിഴക്കെതലയിലും നേരത്തേ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൈപ്പത്തി ചിഹ്നവും 'പ്രതാപൻ തുടരും പ്രതാപത്തോടെ, നമ്മുടെ ടിഎൻ പ്രതാപനെ വിജയിപ്പിക്കുക ' തുടങ്ങിയ വരികളോടെയായിരുന്നു ഇത്. എന്നാൽ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്നുമാണ് പ്രതാപൻ ഇതിനോട് പ്രതികരിച്ചത്.
അതേസമയം വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സുരേഷ് ഗോപി കൂടുതൽ സജീവമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. സംഘടനാ സംവിധാനത്തേക്കാൾ സുരേഷ് ഗോപി എന്ന വ്യക്തിയിലാണ് ബി ജെ പി ഇത്തവണ പ്രതീക്ഷ വയ്ക്കുന്നത്.












Click it and Unblock the Notifications