ആലപ്പുഴ തിരിച്ചുപിടിക്കാൻ കെസി വേണുഗോപാൽ എത്തുമോ? മറുപടി..ബുൾഡോസർ ഇഫക്ടാകുമെന്ന് കൊടിക്കുന്നിൽ
ഡൽഹി: പാർട്ടി നേതൃത്വം പറഞ്ഞൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് ഏറെ ഇഷ്ടമെന്നും ഇക്കുറി കേരളത്തിൽ 20 സീറ്റിലും വിജയം ഉറപ്പാക്കുമെന്നും വേണുഗോപാൽ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ അടിസ്ഥാനപരമായി കോൺഗ്രസിന്റെ സന്നദ്ധ ഭടനാണ്. പാർട്ടി എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുകയെന്നതാണ് എന്റെ കടമ. പാർട്ടി എന്ത് തീരുമാനമെടുത്താലും അത് ഞാൻ അനുസരിക്കും', വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ 20 സീറ്റുകളിലും വിജയിക്കാനുള്ള സാധ്യതയാണുള്ളതെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മാത്രമാണ് യു ഡി എഫിന് നഷ്ടമായത്. ഇത്തവണ ആലപ്പുഴ കൂടി തിരിച്ചുപിടിച്ച് 20 സീറ്റിലും വിജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ച ചരിത്രമുള്ള കെസിയുടെ പേര് മണ്ഡലത്തിൽ നിന്നും പരിഗണിക്കപ്പെടുന്നത്.
മണ്ഡലം തിരിച്ചുപിടിക്കണമെങ്കിൽ ശക്തനായ നേതാവ് തന്നെ വേണമെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. കഴിഞ്ഞ 28 വർഷമായി മണ്ഡലത്തിൽ ശക്തമായ ബന്ധം വളർത്തിയെടുക്കാൻ സാധിച്ച നേതാവാണ് വേണുഗോപാൽ . മതസമുദായിക നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധമാണ് പുലർത്തുന്നത്. മാത്രമല്ല വേണുഗോപാൽ എത്തിയാൽ പാർട്ടിയിൽ എതിർ സ്വരങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്.
അതിനിടെ വേണുഗോപാൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു. അദ്ദേഹം മത്സരിക്കുന്നത് പാർട്ടിയുടെ പ്രചരണത്തിന് ഒരു ബുൾഡോസർ ഇഫക്ട് നൽകും. പ്രവർത്തകരുടെ ആവേശം ഉയർത്താനും ഇത് സഹായിക്കും. മാത്രമല്ല കെ സി വേണുഗോപാൽ എന്ന നേതാവ് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്റെ പ്രധാന മുഖമാണ്. കെ സിയോട് മത്സരിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു', കൊടിക്കുന്നിൽ പറഞ്ഞു.
അതേസമയം ഇടതുപക്ഷത്തിന് വേണ്ടി സിറ്റിങ് എം പി എ എം ആരിഫ് തന്നെയാകും മണ്ഡലത്തിൽ മത്സരിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9213 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകളും ഷാനിമോള്‍ ഉസ്മാൻ 433790 വോട്ടുകളുമായിരുന്നു നേടിയത്.












Click it and Unblock the Notifications