ലോക്‌സഭാ തിരഞ്ഞെടുപ്പ്; ശൈലജയുടെ സാധ്യത മങ്ങുന്നു, വടകരയിലും കണ്ണൂരും മറ്റ് പേരുകൾ പരിഗണനയിൽ
തിരുവനന്തപുരം: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് ഇടയിൽ മുൻമന്ത്രി കെകെ ശൈലജ മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുന്ന ഇടത് മുന്നണി കണ്ണൂരിലോ വടകരയിലോ ശൈലജയെ മത്സരിപ്പിച്ചേക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും മുതിർന്ന സിപിഎം നേതാക്കളുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. കണ്ണൂർ മണ്ഡലത്തിൽ എംവി ജയരാജനും, വടകര മണ്ഡലത്തിൽ എ പ്രദീപ് കുമാറും പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെയാണ് ശൈലജ മത്സരിക്കാനുള്ള സാധ്യത കുറയുന്നത്.

ജില്ലാ കമ്മിറ്റി ചർച്ചകളിൽ ഇവരുടെ പേര് തന്നെ തീരുമാനിച്ച് ഉറപ്പിച്ചാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തിന് കെകെ ശൈലജ ഉണ്ടാകില്ല. കൂടുതൽ വനിതകളെ മത്സര രംഗത്ത് ഇറക്കണമെന്ന ആവശ്യം സിപിഎമ്മിൽ സജീവമാകുന്നതിനിടെയാണ് ഏറ്റവും ജനപിന്തുണയുള്ള വനിതാ നേതാക്കളിൽ ഒരാൾ തഴയപ്പെടുന്നത്. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.
അതേസമയം, കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യരെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള പദ്ധതിയും സിപിഎം തയ്യാറാക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട് മണ്ഡലത്തിൽ മുതിര്‍ന്ന നേതാവ് എളമരം കരീമിനൊപ്പം മേയർ ബീന ഫിലിപ്പിന്റെ പേരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ആലത്തൂര്‍ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്‌ണന് തന്നെയാണ് പ്രഥമ പരിഗണന.
പാലക്കാട് യുവനേതാക്കളിൽ ശ്രദ്ധേയനായ എം സ്വരാജ് മത്സരിച്ചേക്കും. പൊന്നാനിയിൽ മുൻമന്ത്രി കെടി ജലീലിനാണ് കൂടുതൽ സാധ്യത. എന്നാൽ ഇവിടെ പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുടെ വിയോജിപ്പ് മറികടക്കേണ്ടതുണ്ട് എന്നതാണ് വെല്ലുവിളി.
കാസർകോട് ടിവി രാജേഷിന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണനും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. കൊല്ലത്ത് സിഎസ് സുജാതയും ഐഷാ പോറ്റിയുമാണ് സാധ്യത കൽപ്പിക്കപ്പെടുന്നവർ. പത്തനംതിട്ടയിൽ തോമസ് ഐസകും ആലപ്പുറയിൽ ആരിഫും ഇടുക്കിയിൽ ജോയിസ് ജോര്‍ജ്ജും ഏതാണ്ട് സീറ്റുറപ്പിച്ചിട്ടുണ്ട്.
ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ആറ്റിങ്ങലിൽ ശക്തമായ മത്സരം തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. വർക്കല എംഎൽഎ വി ജോയിയുടെ പേരാണ് ഇവിടെ ഉയർന്നു കേൾക്കുന്നത്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെ രംഗത്തിറക്കണം എന്ന ആവശ്യം സജീവമാണെങ്കിലും ആറ്റിങ്ങൽ നേടാൻ വട്ടിയൂർക്കാവ് നിയോജകമണ്ഡലം വിട്ടുകളയാൻ പാർട്ടി ഒരുക്കമല്ല.
അടുത്ത രണ്ട് ദിവസങ്ങൾ കൂടി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികൾ സൂക്ഷ്‌മമായി പരിശോധിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തേണ്ടതുണ്ട്. തുടർന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ കൂടി ചര്‍ച്ച ചെയ്‌ത ശേഷം ഈ മാസം 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സിപിഎം തീരുമാനം.












Click it and Unblock the Notifications