തിരുവനന്തപുരം മണ്ഡലത്തിൽ നരേന്ദ്ര മോദി മത്സരിക്കുമോ?; മറുപടിയുമായി പ്രകാശ് ജാവദേക്കർ
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. 2019 ൽ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇക്കുറി ദേശീയ നേതാക്കളെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നുള്ള പ്രചരണങ്ങളും ഉണ്ട്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
'തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണ്. കേരളത്തിൽ ഇത്തവണ ബി ജെ പി ചരിത്രം കുറിക്കും. 2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലൊരു ചിന്ത ആർക്കുമില്ല. 2024 ലെ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെ വിജയിക്കും', ജാവദേക്കർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും ജാവേഡ്ക്കർ പ്രതികരിച്ചു. വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. അന്വേഷണ ഏജൻസികൾ ആളുകളെ നോക്കിയല്ല അന്വേഷണം നടത്തുന്നതെന്നും ജാവദേക്കർ പറഞ്ഞു.
'മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ എന്താണ് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കും അറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തിൽ കാര്യമില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ അക്കാര്യം വ്യക്തമാകും', ജാവദേക്കർ പറഞ്ഞു.
എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം രാഷ്‌ട്രീയമായ പകപോക്കലാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം നടക്കട്ടെ. ബി ജെ പി പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളെ നേരിടുന്നത് എങ്ങനെയെന്ന് അറിയാവുന്നതാണ്. ഒരു അന്വേഷണത്തെയും സി പി എം ഭയപ്പെടുന്ന കാര്യമില്ല. പിണറായി വിജയന്റെ മകൾ എന്ന രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. അല്ലെങ്കിൽ എന്ത് അന്വേഷണം. സംഭവത്തിൽ സി പി എം പ്രതിക്കൂട്ടിലാകും എന്ന ധാരണ ആർക്കും വേണ്ട', എന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications