ലോക്സഭ: കേരളത്തില്‍ ബിജെപി പ്രമുഖരെ ഇറക്കും; തിരുവനന്തപുരത്ത് കാത്തിരുന്നത് കോണ്‍ഗ്രസ് എംപിയെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുകയാണ് ബിജെപി. ഇതിനായി വിജയ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാർ അടക്കമുള്ള പ്രധാന നേതാക്കളെ തന്നെ മത്സരിപ്പിക്കും. കേന്ദ്ര മന്ത്രിയായ വി മുരളീധരന് പുറമെ രാജീവ് ചന്ദ്രശേഖറും ഇത്തവണ കേരളത്തില്‍ നിന്നും ജനവിധി തേടിയേക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ആറ്റിങ്ങലിലായിരിക്കും വി മുരളീധരന്റെ മത്സരം.
തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷിച്ചിരുന്നത് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖനെയായിരുന്നു. നിലവില്‍ എംപിയായ ഈ കോണ്‍ഗ്രസ് നേതാവ് ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകള്‍ നടത്തുകയും ചെയ്തിരുന്നുവെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇദ്ദേഹത്തെ പാർട്ടിയില്‍ എത്തിക്കുന്നതിനോട് കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖർക്ക് താല്‍പര്യം ഇല്ലെന്നാണ് സൂചന. ഇതോടെയാണ് മലയാളി വ്യാവസായി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ പേര് തിരുവനന്തപുരത്ത് സജീവമായത്.

തിരുവനന്തപുരം പിടിക്കാന്‍ രാജീവ് ചന്ദ്രശേഖർ
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ സാമുദായിക നേതാക്കളുമായും പാർട്ടി സംസ്ഥാന നേതൃത്വവുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.കോണ്‍ഗ്രസില്‍ നിന്നും ഇത്തവണയും ശശി തരൂർ തന്നെയായിരിക്കും മത്സരിക്കുക. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ നേരിടാന്‍ കരുത്തുള്ള നേതാവാണ് രാജീവ് ചന്ദ്രശേഖരെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം പാർട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന് ഇദ്ദേഹത്തെ തലസ്ഥാനത്ത് മത്സരിപ്പിക്കുന്നതില്‍ എതിർപ്പുമുണ്ട്.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, സി കൃഷ്ണകുമാർ എന്നിവരെല്ലാം മത്സര രംഗത്ത് ഉണ്ടായേക്കും. അതേസമയം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല.
സാധ്യതാ പട്ടിക
സ്ഥാനാർത്ഥി സാധ്യതയുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ സജീവമാവും. കഴിഞ്ഞ തവണ തിരുവനന്തപുരംത്ത് ശശി തരൂരുമായി ശ്രദ്ധേയമ പോരാട്ടം കാഴ്ചവെച്ച കുമ്മനം രാജശേഖരന് ഇത്തവണ കൊല്ലത്താണ് സാധ്യത. കെ സുരേന്ദ്രന്‍ ഒരിക്കല്‍ പത്തനംതിട്ടയില്‍ പോരാട്ടത്തിന് ഇറങ്ങിയേക്കാം. മാവേലിക്കരയില്‍ പന്തളം പ്രതാപനും ആലപ്പുഴയില്‍ ലിഷ രഞ്ജിത്ത് അല്ലെങ്കില്‍ ഡോ. കെസ് രാധാകൃഷ്ണനും മത്സരിച്ചേക്കാം.
കോട്ടയത്ത് മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് വിക്ടർ ടി തോമസ്, എറണാകുളം- അനില്‍ ആന്റണി, വിനീത ഹരിഹരൻ, ടി.പി.സിന്ധുമോൾ എന്നിവർക്കാണ് സാധ്യത. ചാലക്കുടി-ജേക്കബ് തോമസ്, എഎൻ രാധാകൃഷ്ണൻ, പാലക്കാട്-സി കൃഷ്ണകുമാർ, സന്ദീപ് വാര്യർ, ആലത്തൂർ-പി സുധീർ, മലപ്പുറം-എപി അബ്ദുള്ളക്കുട്ടി, പൊന്നാനി-പ്രഫുൽ കൃഷ്ണ, കോഴിക്കോട്-എംടി രമേശ്, വടകര-പ്രകാശ് ബാബു, കണ്ണൂർ-പികെ കൃഷ്ണദാസ്/ശോഭ സുരേന്ദ്രന്‍, കാസർകോട്- പികെ കൃഷ്ണദാസ്, കെ ശ്രീകാന്ത് എന്നിവർക്കാണ് സാധ്യത.
സഖ്യകക്ഷിയായ ബിഡിജെഎസിന് വിട്ട് നല്‍കുക ഇടുക്കി, വയനാട് സീറ്റുകളായിരിക്കും. അതേസമയം ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ബിഡിജെഎസ് ശക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചാലക്കുടി കൂടി അവർക്ക് വിട്ടുനല്കിയേക്കും. പുതിയ ക്രിസ്ത്യന്‍ പാർട്ടി രൂപീകരിച്ച് അവർക്ക് സീറ്റ് നല്‍കുകയെന്ന ആലോചന നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഈ ചർച്ചകള്‍ മുന്നോട്ട് പോയില്ല. ജോണി നെല്ലൂർ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്ന പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളിലുള്ളത്.












Click it and Unblock the Notifications