കോട്ടയം മാത്രം പോര: ലോക്സഭയിലേക്ക് ആ രണ്ട് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം
കൊച്ചി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫില്‍ മൂന്ന് സീറ്റുകള്‍ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് എം. പാർട്ടി എല്‍ ഡി എഫിന്റെ ഭാഗമായതിന് ശേഷമുള്ള ആദ്യ ലോക്സഭ തിരഞ്ഞെടുപ്പാണ് വരാന്‍ പോവുന്നത്. പാർട്ടി പിളർന്നാണ് യു ഡി എഫില്‍ നിന്നും എല്‍ ഡി എഫിലേക്ക് എത്തിയതെങ്കിലും മുന്നണിയില്‍ വലിയ പരിഗണന ലഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റിന്റെ കാര്യത്തിലും ഈ പരിണഗന ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രതീക്ഷിക്കുന്നത്.
യു ഡി എഫില്‍ ആയിരുന്നപ്പോള്‍ കോട്ടയം സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിച്ചുകൊണ്ടിരുന്നത്. ആ സീറ്റി എല്‍ ഡി എഫിലും കിട്ടുമെന്ന കാര്യം ഉറപ്പാണ്. ആര് മത്സരിക്കും എന്ന കാര്യത്തില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ചർച്ച. എന്നാല്‍ കോട്ടയത്തിന് പുറമെ മറ്റ് രണ്ട് സീറ്റുകള്‍ കൂടി എല്‍ ഡി എഫില്‍ ചോദിക്കാനാണ് ജോസിന്റെയും കൂട്ടരുടേയും തീരുമാനം. ഇടുക്കി, പത്തനംതിട്ട ലോക്‌സഭ സീറ്റുകളാണ് അവർ ലക്ഷ്യമിടുന്നത്.

കര്‍ഷകരേറെയുള്ള ഇടുക്കിയിലാണ് പാര്‍ട്ടി നേതൃത്വം പ്രധാനമായും നോട്ടമിടുന്നതെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. മണ്ഡലത്തിന് കീഴില്‍ വരുന്ന മേഖലയില്‍ പാർട്ടി വലിയ സ്വാധീനവുണ്ട്. യു ഡി എഫില്‍ ആയിരുന്നപ്പോള്‍ തന്നെ ഇടുക്കി സീറ്റിനായുള്ള ശ്രമങ്ങള്‍ കേരള കോണ്‍ഗ്രസ് എം ആരംഭിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ എതിർപ്പിന് മുന്നില്‍ തട്ടി അത് നടക്കാതെ പോയി.
2014 ല്‍ ജോയ്സ് ജോർജിനെ സ്വതന്ത്രനാക്കി നിർത്തി മണ്ഡലം പിടിക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിരുന്നു. എന്നാല്‍ 2019 ഡീന്‍ കുര്യാക്കോസിനോട് ഒരു ലക്ഷത്തിലേറെ വോട്ടിന് ജോയ്സ് ജോർജ് പരാജയപ്പെട്ടു. ഹൈറേഞ്ചിലും ലോ റേഞ്ചിലും പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന വിലയിരുത്തലിലാണ് ഇടുക്കി ചോദിക്കാന്‍ മാണി ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇടുക്കി ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ പാർട്ടി അണിയറയില്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇടുക്കി ജനങ്ങളുടെ നിലവിലെ ഏറ്റവും പ്രതിസന്ധിയായ അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി കോടതിയെ സമീപിച്ചതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുന്നത്. കര്‍ഷകരായ മനുഷ്യരുടെ ജീവനും സ്വത്തുവകകളും സംരക്ഷിക്കപ്പെടുന്നതിനാണ് ആദ്യ മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ട് വെക്കുന്നു. അതേസമയം മറുവശത്ത് യു ഡി എഫില്‍ കോട്ടയം സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം ജോസഫ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications