2024 ലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല: പ്രചോദനം ഹനുമാനാണ്, എന്തും ചെയ്യാന്‍ സാധിക്കും
ദില്ലി: പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികൾ സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും, എന്നാൽ ഓരോ ഇന്ത്യക്കാരനെയും സഹായിക്കാൻ ശ്രമിക്കുന്നത് ബിജെപിയാണെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ബി ജെ പിയുടെ 44-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പാർട്ടിയുടെ 2024-ലെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെങ്കിലും നമ്മൾ സംതൃപ്തരാകേണ്ടതില്ല. 2024-ൽ ആർക്കും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ആളുകൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് സത്യമാണ്, എന്നാൽ ബിജെപി പ്രവർത്തകരായ നമുക്ക് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയം കീഴടക്കണം." നരേന്ദ്ര മോദി പറഞ്ഞു.

പ്രതിപക്ഷം "വളരെ നിരാശരായി" മാറിയെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു "മോദി തേരി കബർ ഖുദേഗി" (മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കപ്പെടും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. 'ബാദ്ഷാഹി' (ഫ്യൂഡൽ) ചിന്താഗതിയുള്ള ഈ ആളുകൾ മറ്റുള്ളവരെ, പ്രത്യേകിച്ച് ദരിദ്രരെയും നിരാലംബരെയും അടിമകളായിട്ടാണ് കണക്കാക്കിയതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെ പോരാടാൻ ബി.ജെ.പി ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു, അത് ഹിന്ദു ദൈവമായ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ്. ഇന്ന് ഇന്ത്യ, ഹനുമാനെപ്പോലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്ജമാണ്. ഞങ്ങളുടെ പാർട്ടി ഹനുമാൻജിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഹനുമാനെപ്പോലെ ചില സമയങ്ങളിൽ നമുക്ക് കർക്കശക്കാരായിരിക്കാൻ കഴിയും, എന്നാൽ ഞങ്ങൾ അനുകമ്പയും വിനയവും ഉള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹനുമാനെപ്പോലെ നിശ്ചയദാർഢ്യവും എന്തും ചെയ്യാനുള്ള മനോഭാവവും ബിജെപിക്കുണ്ടെന്നും വലിയ സ്വപ്‌നങ്ങൾ കാണുകയും അവ നിറവേറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുക എന്നതാണ് പാർട്ടിയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും ചെറിയ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപ്കഷ പാർട്ടികള്‍ അഴിമതിയിലും ജാതീയതയിലും കുടുംബവാഴ്ചയിലും മുങ്ങിക്കുളിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
2014ൽ 800 വർഷത്തെ അടിമത്തം അവസാനിപ്പിച്ച് ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാതൃകാപരമായ മാറ്റം കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. ബി ജെ പി എപ്പോഴും രാജ്യത്തെ തങ്ങളുടെ നയമായി മുന്നിൽ നിർത്തിയിട്ടുണ്ടെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications