അഴിമതിക്കെതിരെ പോരാടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത; ഗവര്‍ണര്‍ക്കെതിരെ സുധാകരന്‍
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ അഴിമതി വീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയെന്ന് സുധാകരന്‍ പറഞ്ഞു. കാഴ്ചക്കാരായി മാറിയ സി പി ഐയുടെ അവസ്ഥയും പരിതാപകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പി നേതാവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ച് ആര്‍ എസ് എസ് കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധവും ഭരണഘാടനാവിരുദ്ധവുമായ നടപടികള്‍ക്ക് ഗവര്‍ണര്‍ കുടപിടിക്കുകയാണ്. ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കേണ്ട രാജ്ഭവന്‍ കൊടുക്കല്‍ വാങ്ങല്‍ കേന്ദ്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. രാജ്ഭവന്‍ കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രതീക്ഷയുടെയും ആസ്ഥാനമാണ്. അതിന്റെ പവിത്രതയും അന്തസും ഗവര്‍ണറുടെ ഈ നടപടിയോടെ നഷ്ടപ്പെട്ടുവെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

അഴിമതിക്കെതിരെ പോരാടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ലോകായുക്തയെന്നും വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഭേദഗതിയിലൂടെ ഇല്ലാതാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
കടിക്കാന്‍ പോയിട്ട് ഒന്ന് കുരക്കാന്‍ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തില്‍ തുടരണമോയെന്ന് ആദരണീയരായ ജഡ്ജിമാരാണ് ചിന്തിക്കേണ്ടത്. പഠനം ചെയ്തും ഗ്രഹിച്ചും പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണാധികാരികള്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനത്തോടെ ലോകായുക്തയില്‍ ജോലി ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. നീര്‍ജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
കേരളത്തില്‍ നിയമസഭയെ മുഖ്യമന്ത്രിയും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയും നോക്കുകുത്തിയാക്കി. ഫാസിസ്റ്റ് ഭരണത്തിന്റെ മുഖങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറിയെന്നും സുധാകരന്‍ പറഞ്ഞു. ജനാധിപത്യ ധര്‍മ്മങ്ങളെയും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കാറ്റില്‍പ്പറത്തുന്ന ഏകാധിപത്യ ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

എല്‍ ഡി എഫിന്റെ അഴിമതി വിരുദ്ധ നിലപാടിനെ തുറിച്ചുനോക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്ന് വിലപിക്കുയല്ല സി പി ഐ ചെയ്യേണ്ടത്. മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലിയിലുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് സി പി ഐ ചെയ്യേണ്ടതെന്നും സി പി ഐയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ലുള്ള ആരെങ്കിലും സി പി ഐയില്‍ ഉണ്ടെങ്കില്‍ അവരുടെ രാഷ്ട്രീയ വ്യക്തിത്വം തിരിച്ചെടുക്കാന്‍ പോരാടണം. ജനാധിപത്യകേരളം സി പി ഐയില്‍ നിന്നും അതാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications