ഷെയര്‍ മാര്‍ക്കറ്റിന്റെ ചതിയിലെ കൂട്ട ആത്മഹത്യ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒരുമിച്ച് മരിക്കുക. കാരണം അന്വേഷിച്ച് ചെന്നാല്‍ ഉത്തരം കിട്ടും... വീട്ടാന്‍ കഴിയാത്തത്ര കടം. കടുത്ത സാമ്പത്തിക പ്രതിസന്ധി... ബ്ലേഡ് മാഫിയയുടെ ഭീഷണി...
തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യയുടെ യഥാർത്ഥ കാരണത്തിലേക്ക് ചികയുമ്പോള്‍ ചെന്നെത്തുക ഓഹരി വിപണി ചതിച്ച രണ്ട് യുവാക്കളിലേക്കാണ്. കണക്കുകളുടെ കളിയിലും വിപണി പ്രവചനത്തിലും തോറ്റ് പോയവര്‍.

2008 ന് ഒടുവില്‍ ലോകത്തെ കീഴടക്കിയ സാന്പത്തിക മാന്ദ്യത്തില്‍ നിന്ന് നമ്മുടെ വിപണി ഇന്നും രക്ഷപ്പെട്ടിട്ടില്ല. പ്രതീക്ഷകള്‍ ഓഹരികളാക്കി കച്ചവടത്തിനിറങ്ങി പരാജയപ്പെട്ട കഥയാണ് ആത്മഹത്യ ചെയ്ത കുടുംബത്തിലെ ബിജുവിനും സാജുവിനും പറയാനുള്ളത്.
ഓണ്‍ലൈന്‍ ട്രേഡിങില്‍ സജീവമായിരുന്നു ബിജുവും സജുവും. ഒരു ട്രേഡിങ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ബിജു. കഴിഞ്ഞ വര്‍ഷം ബിജുവിന് ഓഹരി വിപണി ഉണ്ടാക്കിയ നഷ്ടം നാല്‍പത് ലക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു.
വിപണി ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ കടം കയറിയവന് രക്ഷപ്പെടാനാവില്ല. രക്ഷ തേടി ആളുകള്‍ പിന്നെയും പിന്നെയും ഓഹരി വിപണിയില്‍ നിക്ഷേപിച്ചുകൊണ്ടേയിരിക്കും. ചിലര്‍ കിട്ടിയ വിലക്ക് ഓഹരികള്‍ വിറ്റഴിക്കും. എന്നാലും കടം തീരില്ല. ഒടുവില്‍ മൂക്കറ്റം കടം കയറും. ആ കടം വീട്ടാന്‍ പലിശക്ക് പണമെടുക്കും. പിന്നെ ആ കടം ദിനം പ്രതി പെരുകും.
ഇതുതന്നെയാണ് ബിജുവിന്റെ കാര്യത്തിലും സംഭവിച്ചത്. ഇത് ഒരു ബിജുവിന്റെ മാത്രം അവസ്ഥയല്ല. ഓഹരി വിപണിയുടെ മായിക ലോകത്ത് വീണുപോയ അനേകായിരങ്ങളുടെ അവസ്ഥയാണ്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി മാര്‍ക്കറ്റ് ഇടിഞ്ഞ് താഴ്ന്നപ്പോള്‍ ജീവിതം നഷ്ടപ്പെട്ട അനേകായിരങ്ങളുണ്ട്.












Click it and Unblock the Notifications