ഈ പേരുകളല്ല, ഡിസിസി പട്ടികയിൽ അടിമുടി മാറ്റം;കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം; സംസ്ഥാനത്ത് ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ പട്ടിക ഹൈക്കമാന്റ് രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തേ നൽകിയ റിപ്പോർട്ടുകളിൻമേൽ ആക്ഷേപം ഉയർന്നതോടെയാണ് പുതിയ പട്ടികയുമായാണ് കെപിസിസി അധ്യക്ഷൻ ദില്ലിയിലേക്ക് തിരിച്ചിരിക്കുന്നത്. അന്തിമ പട്ടിക വരുമ്പോൾ പല ജില്ലകളിലും മാറ്റം വരുമെന്ന് സൂചിപ്പിക്കുകയാണ് മുതിർന്ന നേതാവും കാസർഗോഡ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

സംസ്ഥാനത്ത് നിരവധി ചർച്ചകൾക്കൊടുവിൽ തയ്യാറാക്കിയ ഡിസിസി പട്ടികയുമായിട്ടാണ് നേരത്തേ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തേ ദില്ലിയിലേക്ക് പുറപ്പെട്ടത്. സംസ്ഥാനത്തെ ഗ്രൂപ്പ് വടംവലികൾ അവസാനിപ്പിച്ച് പുതിയ പാർട്ടിയെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഇതിനെതിരെ 'ഗ്രൂപ്പ് മാനേജർ'മാരായ മുതിർന്ന നേതാക്കൾ രംഗത്തെത്തി.

തങ്ങളോട് യാതൊരു തരത്തിലുള്ള ചർച്ചകളും നടത്താതെ ഏകപക്ഷീയമായി തയ്യാറാക്കിയ പട്ടികയാണ് ഹൈക്കമാന്റിന് കൈമാറിയതെന്നായിരുന്നു മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആക്ഷേപം ഉന്നയിച്ചത്. ഇവർ ഹൈക്കമാന്റിന് നേരിട്ട് പരാതി നൽകിയതോടെ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടു. യാതൊരു ആക്ഷേപങ്ങൾക്കും വഴിവെയ്ക്കാത്തതാകണം പട്ടികയെന്നും നേതാക്കളുടെ പരാതികൾ കേൾക്കണമെന്നുമായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശം.

സോണിയയുടെ നിർദ്ദേശ പ്രകാരം മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും നേതാക്കൾ വഴങ്ങിയിരുന്നില്ല. അതേസമയം ഹൈക്കമാന്റ് നീക്കങ്ങളെ തള്ളി ഇനിയും മുതിർന്ന നേതാക്കളുമായി കൂടിയാലോചന വേണ്ടെന്ന നിലപാടിലായിരുന്നു കെപിസിസി നേതൃത്വം. കൂടുതൽ ചർച്ചകൾ പട്ടിക വൈകിപ്പിക്കാൻ കാരണമാകുമെന്നും നേതൃത്വം വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ പട്ടികയിൽ ഉയർന്ന ആക്ഷേപങ്ങൾ പരിഹരിക്കുക ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പട്ടികയാണ് കെ സുധാകരൻ ബുധനാഴ്ച രാവിലെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കൈമാറുക. ഈ പട്ടിക പരിശോധിച്ച ശേഷം തൃപ്തികരമല്ലെങ്കിൽ ഇടക്കാലാധ്യക്ഷ സോണിയാ ഗാന്ധിക്ക് പട്ടിക കൈമാറും.
Recommended Video


അതേസമയം ഇപ്പോൾ ചർച്ച ചെയ്ത പേരുകളെല്ലാം അന്തിമ പട്ടികയിൽ മാറി മറിയുമെന്ന് പറയുകയാണ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
നിരവധി ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചില പേരുകൾ വന്നിട്ടുണ്ട്. അതിൽ ചില പേരുകൾ പരസ്യമായതോടെ അവരെ കുറിച്ചുള്ള ചില ആക്ഷേപങ്ങൾ ഉയർന്നു.ഇത് നേതാക്കൻമാരെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. അതിനാൽ അന്തിമ പട്ടിക പുറത്തുവന്നാൽ ഇപ്പോൾ ചർച്ചയാകുന്ന പേരുകളിലൊക്ക മാറ്റം ഉണ്ടാകും.ആ മാറ്റം കോൺഗ്രസിന്റെ സംഘടന സംവിധാനത്തെ നയിക്കാൻ ഉതകുന്നതായിരിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ഉണ്ണിത്താൻ പറഞ്ഞു.

ഇത്രയും കാലം ഗ്രൂപ്പുകൾ മാത്രമായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. അത് ഇത്തവണ നടക്കാതിരിക്കുമ്പോൾ പല തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ വിലയിരുത്തപ്പെട്ടതാണ്. പുതിയ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഭാവിയിൽ ഈ സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തമാകേണ്ടതുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി നേരത്തേ തന്നെ പ്രതീക്ഷിച്ചതാണ്. കാരണം അത്രമാത്രം പലയിടങ്ങളിലും സംഘടന ദുർബലമായിരുന്നു.
പരമ്പരാഗതമായി കോൺഗ്രസിനു വോട്ട് ചെയ്തിരുന്ന ഒരു നല്ല ശതമാനം സാമൂഹ്യ സംഘടനകൾ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ നിന്നും അകന്ന് പോയി. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഉൾപ്പെടെ കോൺഗ്രസിൽ നിന്നും അകന്നു.അവരെയൊന്നും തിരിച്ച് കൊണ്ടുവരാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല, ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

അതേസമയം നിലവിൽ നാല് ജില്ലകളിലാണ് തർക്കം നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പേരുകളിലാണ് പ്രതിസന്ധി. തിരുവനന്തപുരത്ത് ശശി തരൂരിന്റെ നോമിനിയായ ജി എസ് ബാബുവിനാണ് മുൻതൂക്കമെങ്കിലും കടുത്ത പ്രതിസന്ധിയാണ് ഉയരുന്നത്. ഐ ഗ്രൂപ്പിന്റെ കൈയ്യിലുള്ള കൊല്ലത്ത് എ ഗ്രൂപ്പിലെ മുതിർന്ന നേതാവായ രാജേന്ദ്ര പ്രസാദിന്റെ പേരാണ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് നിർദ്ദേശിച്ചത്. ഇത് ഐ ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പിൽ ചെന്നിത്തല നിർദ്ദേശിച്ച പേരിനോട് ജില്ലാ നേതൃത്വം താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ നേതൃതലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ല എ ഗ്രൂപ്പിന് വിട്ട് നൽകുകയായിരുന്നു. എന്നാൽ ഇതിനെതിരെ ജില്ലാ നേതാക്കൾ രമേശ് ചെന്നിത്തലയെ അതൃപ്തി അറിയിച്ചു. അതേസമയം 79 കഴിഞ്ഞ രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിൽ എ ഗ്രൂപ്പിനുള്ളിലും അതൃപ്തി ശക്തമാണ്.

പാലക്കാട് ആദ്യ ഘട്ടത്തിൽ മൂന്ന് പേരുകളാണ് ഉയർന്നതെങ്കിലും എവി ഗോപിനാഥന്റെ പേരിനെതിരെ കടുത്ത എതിർപ്പ് ഉയർന്നതോടെ നിലവിൽ മുൻ തൃത്താല എംഎൽഎ വിടി ബൽറാമിന്റേയും മുതിർന്ന നേതാവ് എ തങ്കപ്പന്റേയും പേരുകൾക്കാണ് മുൻഗണന. അതേസമയം തലമുറ മാറ്റം എന്ന ആവശ്യമുയർന്നാൽ വിടി ബൽറാമിനാണ് സാധ്യത കൂടുതൽ . രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് വിടി. അതിനിടെ ഐ ഗ്രൂപ്പിന്റെ കൈയ്യിലുള്ള ഇടുക്കിയിൽ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട സിപി മാത്യുവിനെതിരേയും പോര് കനക്കുന്നുണ്ട്.

ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ബാബുപ്രസാദ്, കോട്ടയത്ത് നാട്ടകം സുരേഷ്, വയനാട്- കെകെ എബ്രഹാം, കാസര്‍കോട്- ഖാദര്‍ മങ്ങാട്, തൃശൂര്‍- ജോസ്, പത്തനംതിട്ട- സതീഷ് കൊച്ചുപറമ്പിൽ, മലപ്പുറം- ആര്യാടൻ ഷൗക്കത്ത്, കോഴിക്കോട്- പ്രവീണ്‍ കുമാര്‍, എറണാകുളം- ഷിയാസ്, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ് എന്നീ പേരുകളാണ് പരിഗണിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകാത്തതിനെതിരെ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ അന്തിമ പട്ടികയിൽ ഒരു ജില്ലയിൽ എങ്കിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ കൊല്ലത്ത് മാത്രമാണ് കോൺഗ്രസിന് അധ്യക്ഷ ഉള്ളത്. പരിഗണിക്കുകയാണെങ്കിൽ തൃശ്ശൂലായിരിക്കും സാധ്യത. ഇവിടെ പദ്മജ വേണുഗോപാലിന്റെ പേര് നേരത്തേ ഉയർന്നിരുന്നു.












Click it and Unblock the Notifications