ലോട്ടറി ചൂതാട്ടം; സംസ്ഥാനത്തെ 8 ജില്ലകളില്‍ പ്രത്യേക ഏജന്റുമാര്‍, ഇതാ അറിയേണ്ടതെല്ലാം...
കേരളത്തില്‍ ലോട്ടറി ചൂതാട്ടം. പിന്നില്‍ ചില വന്‍കിട സംഘം. മറിയുന്നത് ലക്ഷങ്ങള്‍.
കണ്ണൂര്‍: കേരളത്തില്‍ ലോട്ടറി ചൂതാട്ടം വ്യാപകമാകുന്നെന്ന് റിപ്പോര്‍ട്ട്. പരിശോധന ശക്തമാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. സംസ്ഥാനത്താകെ ലക്ഷങ്ങളാണ് ഓരോ ദിവസവും മറിയുന്നത്. സംസ്ഥാനത്ത് ലോട്ടറി നിരോധിച്ച ഘട്ടത്തിലാണ് ഒറ്റ നമ്പര്‍ ലോട്ടറി എന്ന പേരില്‍ ചൂതാട്ടം തുടങ്ങിയത്.
കേരള ലോട്ടറി വീണ്ടും തുടങ്ങിയപ്പോഴും ചൂതാട്ടത്തിന് യാതൊരു കുറവുമില്ല. കാഞ്ഞങ്ങാട്, നീലേശ്വരം, കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗങ്ങളാണ് പ്രധാന ചൂതാട്ട കേന്ദ്രങ്ങള്‍. ഓരോ ദിവസവും നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിന് ഉപയോഗിക്കുന്നത്.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വരെ
വന്‍കിട ലോട്ടറി മൊത്തക്കച്ചവടക്കാരായി ചില വന്‍കിടസംഘമാണ് പ്രത്യേക സോഫ്റ്റ് വെയറും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും തയ്യാറാക്കി ചൂതാട്ടം നടത്തുന്നത്.

പത്ത് രൂപ
ഒരു നമ്പര്‍ പ്രവചിക്കുന്നതിന് പത്തുരൂപയാണ് ഈടാക്കുന്നത്. ഇത് ശരിയായാല്‍ 5000 രൂപ സമ്മാനം. ഒരാള്‍ക്ക് ഒരേനമ്പര്‍ തന്നെയോ പലനമ്പറായോ എത്രവേണമെങ്കിലും പ്രവചിക്കാം. ഓരോ നമ്പറിനും പത്തുരൂപവീതം നല്‍കണമെന്നുമാത്രം.

വിവരങ്ങള്‍
നറുക്കെടുപ്പ് ദിവസം ഉച്ചവരെ നമ്പര്‍ സ്വീകരിക്കും. നമ്പര്‍ നല്‍കിയവരുടെ വിവരങ്ങള്‍ ഏജന്റുമാരുടെ കൈയിലാണുണ്ടാകുക. ഇതിനും കൃത്യമായ രേഖയൊന്നുമുണ്ടാകില്ല.

തുക നല്‍കാന്‍ കഴിയില്ല
ലോട്ടറി ഫലം വന്നാല്‍ ഒന്നാം സമ്മാനാര്‍ഹമായ നമ്പറിന്റെ അവസാന മൂന്നക്കം പ്രവചിച്ചവര്‍ എത്രയുണ്ടോ അവര്‍ക്ക് 5000 രൂപവീതം മൊത്തക്കച്ചവടക്കാര്‍ നല്‍കും. സമ്മാനത്തുക കൈമാറാന്‍ ഏജന്റുമാര്‍ക്ക് കഴിയില്ലെന്നിടത്താണ് മൊത്തക്കച്ചവടക്കാരായ ചൂതാട്ടക്കാരുടെ നേട്ടം.

പ്രവചനങ്ങള്‍ ശേഖരിക്കും
ലോട്ടറി മൊത്തവില്‍പ്പനക്കാരില്‍ ചിലരാണ് ചൂതാട്ടം നിയന്ത്രിക്കുന്നത്. തട്ടുകടകള്‍, ലോഡ്ജുകള്‍, ലോട്ടറിയുടെ ചില്ലറ വില്‍പ്പനശാലകള്‍, നടന്നുവില്‍ക്കുന്നവര്‍ എന്നിങ്ങനെയാണ് ചൂതാട്ടത്തിന്റെ ഏജന്റുമാരാകുന്നത്. ഇവിടങ്ങളിലാണ് പ്രവചനനമ്പര്‍ ശേഖരിക്കുക.

വടകരയിലും
46 ചൂതാട്ടക്കേസുകള്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനോടെ നടത്തുന്ന ചൂതാട്ടം വടകരയില്‍നിന്ന് പിടികൂടിയിട്ടുണ്ട്.












Click it and Unblock the Notifications