മോദിക്കെതിരെ ചാവേർ മോഡല്‍ വേണ്ട, ഗാന്ധിയന്‍ മോഡലെങ്കിലുമായിക്കൂടെ: കോണ്‍ഗ്രസിനോട് ജയരാജന്‍
ഇതിപ്പോ എന്താ..!? ഭാഗ്യം..! 'കേന്ദ്ര ബിജെപി സർക്കാരിന് കീഴിലുള്ള ട്രെയിനിൽ സാധാരണക്കാർക്ക് 95 രൂപാ മാത്രം ചെലവിൽ ഊണ് ' എന്ന് വാർത്ത നൽകിയിട്ടില്ലെന്നും ജയരാജന്‍ പരിഹസിക്കുന്നു

കണ്ണൂർ: എരിതീയിൽ എണ്ണ ഒഴുക്കിയ അനുഭവമാണ് പാചകവാതകത്തിന് വില കയറ്റിയത് മൂലം ജനങ്ങൾക്കുണ്ടായതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പാവപ്പെട്ടവർ എങ്ങനെ ജീവിക്കും? കോർപ്പറേറ്റുകളും സമ്പന്നരും മാത്രം സുഖിച്ചാൽ മതിയോ? ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350.50 രൂപയും വർദ്ധിപ്പിച്ചതോടെ യഥാക്രമം 1112 രൂപയും 2143 രൂപയുമായി മാർച്ച് 1ഓടെ പാചകവാതക വില എവറസ്റ്റിന്റെ മുകളിലെത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 2014ൽ മോഡി അധികാരത്തിൽ വരുമ്പോൾ ഗാർഹിക പാചകവാതക വില സിലിണ്ടറൊന്നിന് 410 രൂപ മാത്രമായിരുന്നുവെന്നും സി പി എം നേതാവ് ചൂണ്ടിക്കാട്ടുന്നു.
എട്ട് വർഷം കൊണ്ട് മൂന്നിരട്ടിയോളമായി വിലവർദ്ധിച്ചു. ഇന്ധനവിലക്കയറ്റത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരേപോലെ ഉത്തരവാദികളാണ്. ഒരേ നയമാണവർ നടപ്പാക്കിയത്. പെട്രോൾ വില നിശ്ചയിക്കാൻ കോർപ്പറേറ്റുകൾക്ക് അധികാരം നൽകിയത് കോൺഗ്രസ്സാണെങ്കിൽ ഡീസലിന്റെ വിലനിർണയാവകാശം കോർപ്പറേറ്റുകൾക്ക് നൽകിയത് ബിജെപിയാണ്.

പാചകവാതക സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന പരിഷ്‌കരണം കോൺഗ്രസ് ഭരിക്കുമ്പോൾ 2013ൽ നടപ്പാക്കി. പിന്നീട് ബിജെപി വന്നതോടെ സബ്‌സിഡിയേ നിർത്തലാക്കി. പാചക വാതക വിലക്കയറ്റത്തിനെതിരെ ബിജെപി സർക്കാറിനെതിരെ സമരം നടത്താൻ കോൺഗ്രസ് തയ്യാറാകുമോ? ചാവേർ മോഡൽ സമരം വേണമെന്നില്ല, ഗാന്ധിയൻ മോഡൽ സത്യഗ്രഹസമരമെങ്കിലും കാണാൻ ജനങ്ങൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ട്രെയിനിൽ ഊണിന് 95 രൂപയാക്കി കുത്തനെ വിലവർധിപ്പിച്ചിരിക്കുന്നു.ഊണിന് മാത്രമല്ല, ചായയ്ക്കും പഴം പൊരിക്കും വടയ്ക്കുമെല്ലാം വർദ്ധിപ്പിച്ച തീരുമാനം ബാധകമാണ്. ഈ വലിയ വർദ്ധന വന്ന് രണ്ട് ദിവസം പിന്നിട്ടെങ്കിലും ചില മാധ്യമങ്ങളെങ്കിലും ഒന്നും അറിഞ്ഞില്ലെന്ന മട്ടാണ്. സംസ്ഥാന സർക്കാർ ഗ്രാന്റിൽ കുടുംബശ്രീ നടത്തുന്ന സാമൂഹ്യ അടുക്കളകളിൽ 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഉച്ചയൂണ് ലഭിക്കുമ്പോഴാണിത്. ചർച്ചയും ചർച്ചയ്ക്ക് മേൽ ചർച്ചയുമൊക്കെ നടത്താൻ ട്രെയിനിലെ ഊൺ വിലവർധനയിൽ പക്ഷെ ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിക്കാനായി ഒന്നുമില്ലല്ലോ അല്ലേ..!? അങ്ങനെയെങ്ങാൻ ആയിരുന്നെങ്കിൽ, ഉച്ചഭക്ഷണം തീർന്നശേഷം, കുടുംബശ്രീ പ്രവർത്തകർ അവർക്കായി മാറ്റിവെച്ച ഭക്ഷണവും കഴിച്ച്, '20 രൂപ ഊണിൽ കറിയില്ലെന്ന് തട്ടിവിട്ടപോലെ വാർത്തയും നൽകി, രണ്ടുമൂന്ന് ദിവസം ചർച്ചയോട് ചർച്ച ആവാമായിരുന്നു.
ഇതിപ്പോ എന്താ..!? ഭാഗ്യം..! 'കേന്ദ്ര ബിജെപി സർക്കാരിന് കീഴിലുള്ള ട്രെയിനിൽ സാധാരണക്കാർക്ക് 95 രൂപാ മാത്രം ചെലവിൽ ഊണ് ' എന്ന് വാർത്ത നൽകിയിട്ടില്ല. ചുരുക്കത്തിൽ, പുതിയ ആഗോള വിശപ്പ് സൂചിക പുറത്തുവന്നപ്പോൾ, ഇന്ത്യയ്ക്ക് വിശക്കുന്നു എന്നത് സ. യെച്ചൂരി ചൂണ്ടിക്കാണിച്ച ശേഷവും വലിയ ചർച്ചയാവാതെ മുക്കിയതുപോലെ, ഇതുമങ്ങ് മുക്കുമായിരിക്കും. മാറണം, ജനവിരുദ്ധ മാധ്യമ വ്യവസായ പ്രവർത്തനമെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications