'എവിടെയാണെങ്കിലും സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് എത്തരുത്'; ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സ്വരാജ്
മലപ്പുറം: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്. ലോകത്തിന്റെ ഏത് ഭാഗത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായാലും യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് സ്വരാജ് പറഞ്ഞു. ലോകത്തിലെ ഏത് ഭാഗത്ത് യുദ്ധം ഉണ്ടായാലും അത് മറ്റിടങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യുദ്ധം നമ്മളെ നേരിട്ട് ബാധിക്കുമോ എന്ന ചിന്ത പ്രസക്തമല്ല. ആയുധങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ പരസ്പരം പോരടിക്കുകയും സാധാരണക്കാരും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും അതിന്റെ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നതിന്റെ ഫലം സര്‍വനാശമാണ്. യുദ്ധം അതാണ് വരുത്തിവെക്കുന്നത്. യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവന്‍ ഉയര്‍ന്ന് വരേണ്ടത്,' സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികള്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനമായി ഉയര്‍ന്നു വരുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടണം എന്നും സ്വരാജ് പറഞ്ഞു. 'സമാധാനമുണ്ടാകട്ടേ, ആരും കൊല്ലപ്പെടാതിരിക്കട്ടേയെന്ന് എന്ന് ആഗ്രഹിക്കാന്‍ മാത്രമേ ഈ ഘട്ടത്തില്‍ പറയാന്‍ പറ്റൂ. യുദ്ധേത്സുകത മനുഷ്യരെ ഭ്രാന്തരാക്കി മാറ്റും,' അദ്ദേഹം പറഞ്ഞു.
യുദ്ധേന്മാദം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് എന്നും ലോകം പുരോഗമിക്കുന്നതിന് അനുസരിച്ച് അത് കുറഞ്ഞ് വരികയും യുദ്ധം സര്‍വനാശമാണെന്നുമുള്ള നിലപാട് ഉയര്‍ന്ന് വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് സുസ്ഥിരമായി സ്ഥാപിക്കപ്പെടേണ്ടത്. അത്തരം നിലപാട് ശക്തിപ്പെട്ട് വരുന്നുണ്ടെങ്കിലും ഇക്കാലത്തും യുദ്ധോന്മാദികളുണ്ട് എന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
സാവധാനം അവരും യുദ്ധ വിരുദ്ധ നിലപാടിലേക്ക് ഉയര്‍ന്നു വരും എന്ന് പ്രതീക്ഷിക്കാന്‍ മാത്രമെ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേല്‍.
അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാര സമീപനമാണ് ഇസ്രായേലിന്റേത്. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ് എന്നും പിണറായി പറഞ്ഞിരുന്നു. അതിനിടെ ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന പുതിയ ഇസ്രായേലി ആക്രമണങ്ങളില്‍ തങ്ങളുടെ രണ്ട് ഉന്നത ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു.
ജറുസലേമിലും ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ഇതുവരെയില്ലാത്ത മാരകമായ ആക്രമണമാണ് ഇറാന് മേല്‍ ഇസ്രായേല്‍ നടത്തിയത്. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഉന്നത സൈനിക കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുകൊണ്ടുമായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേല്‍ സൈന്യം ടെഹ്റാനില്‍ മൂന്നാം റൗണ്ട് വ്യോമാക്രമണം നടത്തി.












Click it and Unblock the Notifications