മലപ്പുറം ഭൂമി ഏറ്റെടുക്കല്‍; അറസ്റ്റിലായവരില്‍ സിപിഎം നേതാവും, നേതാക്കളോട് സഹോദരന്റെ ചോദ്യം
മലപ്പുറം: ദേശീയപാത സര്‍വ്വേയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ സിപിഎം നേതാവും. എആര്‍ നഗര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെപി ഷമീര്‍ ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. ഷമീറിന്റെ അറസ്റ്റിനെതിരെ സിപിഎം പ്രവര്‍ത്തകനായ സഹോദരന്‍ മുനീര്‍ രംഗത്തെത്തി.

മലപ്പുറത്ത് സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ കുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്‌നമുണ്ടാക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ഷമീറിന്റെ അറസ്റ്റ് നടന്നതും സഹോദരന്‍ നേതാക്കള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നതും.
ഞാനും ജേഷ്ഠന്‍ സമീറും എആര്‍ നഗര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. സഖാക്കള്‍ എന്ന നിലയക്ക് ഞങ്ങള്‍ പ്രാദേശിക കാര്യങ്ങളില്‍ ഇടപെട്ടതിനാണോ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത്. അങ്ങനെയെങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തിയത്, ഈ തീവ്രവാദം പഠിപ്പിക്കാനോ- എന്നാണ് മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സര്‍വെ വിരുദ്ധ സമരം നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാന്റ് ചെയ്തിട്ടുണ്ട്. ഷമീറിനെ കൂടാതെ പ്രദേശത്തുകാരായ യുവാക്കളാണ് അറസ്റ്റിലായത്. സമരം നടത്തിയവരെ തീവ്രവാദികള്‍ എന്ന് വിളിച്ച വിജയരാഘവന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം. സോഷ്യല്‍ മീഡിയയില്‍ വിജയരാഘവനെതിരെയും സിപിഎമ്മിനെതിരേയും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
വെള്ളിയാഴ്ച സര്‍വെക്കെതിരെ നടന്ന പ്രതിഷേധം വ്യാപക സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വീടുകളില്‍ കയറിയ പോലീസിന്റെ നടപടികള്‍ ഏറെ വിവാദമായി. സ്ത്രീകളും കുട്ടികളും നിലവിളിച്ചതും വീട്ടുകാര്‍ക്ക് മുമ്പില്‍ വച്ച് യുവാക്കളെ പിടിച്ചുകൊണ്ടുപോയതും സമരത്തില്‍ പങ്കെടുക്കാത്തവരെ പിടികൂടിയതുമാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം.












Click it and Unblock the Notifications