മലപ്പുറം പരാമര്‍ശം: ഗവര്‍ണറുടെ അസാധാരണ നീക്കം, ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു
തിരുവനന്തപുരം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍. നാളെ വൈകീട്ട് നാല് മണിക്ക് നേരിട്ടെത്തി വിശദീകരിക്കാനാണ് നിര്‍ദേശം.
മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍ വിശദീകരണം. ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. നേരത്തെ ഈ റണ്ട് വിഷയങ്ങളിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നേരിട്ടെത്തി വിശദീകരിക്കാന്‍ നിര്‍ദേശിച്ചത്.

അതേസമയം ഇന്ന് സഭയിലെ പ്രതിഷേധങ്ങള്‍ക്കിടെ മലപ്പുറം പരാമര്‍ശത്തിലെ അടിയന്തര പ്രമേയ ചര്‍ച്ച മുങ്ങിപ്പോയിരുന്നു. സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷം കൂടുതല്‍ ശ്രദ്ധ നല്‍കിയത് പ്രതിഷേധങ്ങള്‍ക്കാണ്. ഇതോടെ സഭ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതിപക്ഷത്തെ ഈ വിഷയത്തില്‍ കൂടുതല്‍ ആക്രമിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയെന്ന പ്രചാരണമാണ് ഉയര്‍ത്തുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍സം ദേശീയ തലത്തില്‍ തന്നെ കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
പന്ത്രണ്ട് മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടത്താമെന്നായിരുന്നു സ്പീക്കര്‍ അറിയിച്ചത്. മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കി ഒഴിഞ്ഞുമാറുകയായിരുന്നു സര്‍ക്കാരെന്നും സഭ ചട്ടങ്ങള്‍ക്ക് അകത്ത് നിന്ന് ഇനിയും വിഷയം അവതരിപ്പിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. സഭയ്ക്ക് പുറമേ ഭരണ-പ്രതിപക്ഷം പോരാട്ടം ഇന്ന് നടന്നിരുന്നു.
കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചാല്‍ അതിന് ഏറ്റവും അര്‍ഹന്‍ വിഡി സതീശനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെ കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചര്‍ച്ച നടന്നാല്‍ പ്രതിപക്ഷ നേതാവിനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.
മലപ്പുറത്തെ മോശമാക്കുന്നുവെന്നാണ് ആരോപണം. ഇത് ചര്‍ച്ചയ്ക്ക് വെച്ചാല്‍ പുറത്ത് ആംബുലന്‍സ് വെക്കേണ്ടി വരും. വിഡി സതീശനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകേണ്ടി വരും. മലപ്പുറം ജില്ല രൂപീകരിക്കേണ്ടെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് പ്രതിപക്ഷ നേതാവിന്റേത്. ജനസംഘവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ജാഥ നടത്തി.
സ്വാതന്ത്ര്യ സമരത്തിന് വലിയ പങ്കുവഹിച്ച ജില്ലയാണ് മലപ്പുറം. അതിനെ മാപ്പിള ലഹളയായി ചിത്രീകരിക്കാനായിരുന്നു ശ്രമം. അവിടത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് റിയാസ് പറഞ്ഞു.












Click it and Unblock the Notifications