Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ വണ്ടിയെടുത്തതും പുറത്ത് അടി വീണതും ഒരുമിച്ച്!!... മലപ്പുറത്ത് പോലീസ് അതിക്രമം വീണ്ടും

മലപ്പുറം: ജില്ലയില്‍ കൊറോണ ജാഗ്രതയ്ക്ക് വിന്യസിച്ച പോലീസുകാര്‍ അതിക്രമം നടത്തുന്ന സംഭവം തുടര്‍ക്കഥയാകുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയെ ജോലി സ്ഥലത്ത് ഇറക്കി തിരിച്ചുവരുന്ന വ്യക്തിയെ പരപ്പനങ്ങാടി സിഐ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. വാണിയമ്പലത്ത് മീന്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച് പോലീസ് ജീപ്പില്‍ കയറ്റുന്ന വീഡിയോ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. ജനങ്ങളെ മര്‍ദ്ദിക്കാനല്ല പോലീസിനെ വിന്യസിച്ചത് എന്നായിരുന്നു ഈ സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Recommended Video

cmsvideo
    Malappuram: Muhammed Aslam's facebook post about Police attack goes viral

    എന്നാല്‍ വീണ്ടും പോലീസ് അതിക്രമം നടന്നുവെന്നാണ് പുതിയ വിവരം. മലപ്പുറം കൂട്ടിലങ്ങാടിയില്‍ ഇറച്ചി വാങ്ങി വരുന്ന യുവാവിനെയാണ് ലാത്തി കൊണ്ട് അടിച്ചത്. എല്ലാ രേഖകളുമുണ്ടായിട്ടും പോലീസ് മര്‍ദ്ദിച്ച സംഭവം വിശദീകരിച്ച് മുഹമ്മദ് അസ്ലം എന്ന യുവാവ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായി. പോലീസ് മര്‍ദ്ദിച്ചതിന്റെ അടയാളവും ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. 5000ത്തോളം പേരാണ് അസ്ലമിന്റെ പോസ്റ്റ് പങ്കുവച്ചത്. 6000ത്തോളം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. പോലീസ് അതിക്രമത്തിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അസ്ലമിന്റെ കുറിപ്പ് ഇങ്ങനെ...

    m

    പോലീസാണു വൈറസ്
    ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാൻ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോൾ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയിൽ പോലീസ് വാഹനം നിർത്തിയിട്ടുണ്ട്. ഞാൻ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു.എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യിൽ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്നു അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു..
    പോലീസിന്റെ ലാത്തി ജീവിതത്തിൽ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോൾ ഞാൻ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്.

    നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിർത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാൾക്കും വേണ്ടത് നിയമമല്ല ; ഇരയെയാണ്. വാണിയമ്പലത്തെ മർദ്ധനവും മനസ്സിൽ വന്നു.
    കേവലം ഒരു ഹെൽമെറ്റ് വെക്കാത്തതിനു പോലും എനിക്ക് പോലീസുകാർക്കു മുന്നിൽ ഇതു വരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റർ ബോർഡിൽ 80,000 km കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..
    ലോക് ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാൽ അത്യാവശ്യം പ്രാദേശിക പൊതുപ്രവർത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ ചെറു അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളിൽ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദർശിച്ചു, മഴക്കെടുതി വിലയിരുത്തി വാർഡു മുതൽ മുകളിലേക്കുള്ള ജനപ്രതിനികളോട് കാര്യങ്ങൾ അറിയിച്ചു. ഇതെല്ലാം എന്റെ അയൽപക്കത്തിൽ.
    അല്ലെങ്കിലും എനിക്കിത് കിട്ടണം,
    വീട്ടിലേക്ക് പാൽ വാങ്ങാൻ കുറച്ചപ്പുറത്ത് ബൈക്കിൽ പോകുമ്പോൾ പോലും 'പാൽ വാങ്ങാൻ ഇന്ന നമ്പർ വാഹനത്തിൽ...' എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..
    പോലീസിനെ സംബന്ധിച്ച് മാരക മർദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളിൽ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാൽ ലാത്തിയമർന്ന് രാവിലെ തണർത്ത ഭാഗം ഇപ്പോൾ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാൾ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അടയാളങ്ങൾ മാറുമായിരിക്കും. ശരീരത്തിൽ നിന്ന് ; മനസ്സിൽ നിന്നല്ല. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരിൽ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും.
    എന്നാലും ഒരുറപ്പുണ്ട്,
    അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ് ,
    അന്യായമായിരുന്നെങ്കിൽ നീയൊക്കെ അനുഭവിച്ചേ പോകൂ..
    Kozhinhil Muhammed Aslam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+