• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാപ്പൻ വർഗീയ കലാപത്തിന് ശ്രമിച്ചു, ഫണ്ട് ദുരുപയോഗം ചെയ്തു; കുറ്റപത്രത്തിൽ മനോരമ ലേഖകന്റെ മൊഴി പുറത്ത്

Google Oneindia Malayalam News

ദില്ലി; മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാപ്പനെതിരെ മലയാള മനോരമ മാധ്യമപ്രവർത്തകൻ ബിനു വിജയൻ മൊഴി നൽകിയതായി പറയുന്ന കുറ്റപത്രത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. ന്യൂസ് ലോണ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

ബിനുവിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും കാപ്പനെതിരെ യുപി ടാസ്ക് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂസ് ലോണ്ടറി റിപ്പോർട്ടിൽ പറയുന്നു.
കെ യു ഡബ്ല്യു ജെ ഡൽഹി ചാപ്റ്ററിന്റെ സെക്രട്ടറിയായിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ബിനു വിജയൻ നൽകിയ മൊഴിയെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. മാത്രമല്ല ദേശീയ അഖണ്ഡത തകർക്കുന്നതിനും സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയുയർത്തുന്ന തരത്തിൽ വർഗീയ കലാപമുണ്ടാക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും കാപ്പൻ ശ്രമിച്ചതായും ബിനു വിജയൻ മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഫണ്ട് ദുരുപയോഗം സംബന്ധിച്ച വിജയന്റെ ആരോപണങ്ങൾ കെയുഡബ്ല്യുജെ നിഷേധിച്ചിട്ടുണ്ട്.

20 വർഷത്തോളമായി പത്രപ്രവർത്തകനായി പ്രവർത്തിക്കുന്നയാളാണ് ബിനു വിജയൻ . 2003 മുതൽ 2017 വരെ മലയാള മനോരമ പത്രത്തിന്റെ ഡൽഹി ലേഖകനായിരുന്നു.നിലവിൽ പാട്നയിൽ നിന്നുള്ള മനോരമ ലേഖകനാണ് ബിനു. അതേസമയം ബിനുവിന്റെ മൊഴിയെ സംബന്ധിച്ചുള്ള പ്രതികരണത്തിനായി ന്യൂസ് ലോണ്ടറി അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും മറുപടി നല്‍കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനിടെ കാപ്പനും മറ്റ് കെയുഡബ്ല്യൂജെ അംഗങ്ങളായ മാധ്യമ പ്രവർത്തകരും വർഗീയത നിറഞ്ഞ റിപ്പോർട്ടിംഗ് നടത്തിയത് സംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ബിനു വിജയിലേക്ക് എത്തിയതെന്ന് യു പി ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

2020 നവംബർ 23-ന് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുഖപത്രമായ ഓർഗനൈസറിന്റെ അസോസിയേറ്റ് എഡിറ്റർ ജി ശ്രീദത്തന് കാപ്പനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇമെയിൽ വിജയൻ അയച്ചതായും യുപി ടാസ്ക് ഫോഴ്സിന്റെ ഡെയ്ലി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തന്റെ അറസ്റ്റിന് മുൻപ് കാപ്പൻ ശ്രീദത്തനെതിരെ നേരത്തെ മാനനഷ്ടത്തിന് കേസ് നൽകിയതും പ്രത്യയശാസ്ത്രപരമായി ശ്രീദത്തൻ തന്നോട് വിരോധം പുലർത്തിയിരുന്നതുമായുള്ള കാപ്പന്റെ ആരോപണങ്ങൾ നേരത്തേ ന്യൂസ് ലോണ്ടറി റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം മൊഴി രേഖപ്പെടുത്താൻ യുപി എസ്‌ടിഎഫിന്റെ നോയിഡ ഓഫീസിലേക്ക് വരാൻ ബിനുവിനോട് ആവശ്യപ്പെട്ടപ്പോൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഭീഷണി കാരണം തനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ബിനു പറഞ്ഞതായും ഡെയ്ലി ഡയറിയിൽ പറയുന്നു. സിദ്ദിഖ് കാപ്പനും പിഎഫ്‌ഐയുമായി ബന്ധമുള്ളവരും രാജ്യത്തുടനീളം വർഗീയ കലാപം ആസൂത്രണം ചെയ്യുന്നവരാണ്, തന്റെ മെയിൽ മൊഴിയായി കണക്കാക്കണം എന്ന് ബിനു വിജയൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിൽ പറഞ്ഞതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുളള റിപ്പോർട്ടിൽ പറയുന്നു.

2019 ൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പൗരത്വ (സി എ എ) പ്രതിഷേധങ്ങളെക്കുറിച്ചും ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിൽ കാപ്പന് പങ്കുണ്ടെന്നതാണ് ബിനുവിന്റെ പ്രസ്താവനയുടെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തിൽ സിദ്ധിഖ് കാപ്പൻ കെ യു ഡബ്ല്യു ജെ അക്കൗണ്ടിൽ നിന്നും സംശയാസ്പദമായ രീതിയിൽ പണം പിൻവലിച്ചതിനെ സംബന്ധിച്ചാണ് പരാമർശം.

2020 നവംബർ 23-ന് ശ്രീദത്തന് അയച്ച ഇമെയിലിൽ കെ‌ യു ‌ഡബ്ല്യു ‌ജെ ദില്ലിയിലും കേരളത്തിലും നിരവധി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന ആരോപണവും ബിനു വിജയൻ ഉന്നയിച്ചിട്ടു ണ്ട്. കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തതിന് കെ യു ഡബ്ല്യു ജെയുടെ ഡൽഹി യൂണിറ്റിനെതിരെ കേസെടുത്തിട്ടുണ്ടെന്നും 2018 മുതൽ കേരള ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് നിലവിലുണ്ടെന്നും മെയിലിൽ ഉന്നയിച്ചിട്ടുണ്ട്. കെ‌ യു‌ ഡബ്ല്യു ‌ജെയുടെ മറ്റ് യൂണിറ്റുകളും പ്രസ് ക്ലബുകളും അന്വേഷണം നേരിടുന്നുണ്ടെന്നും ബിനു മെയിലിൽ പറയുന്നതായി റിപ്പോർട്ടിൽ ഉണ്ട്.

അതേസമയം കെയു ഡബ്ല്യു ജെയുടെ ഡൽഹി യൂണിറ്റിന്റെ അക്കൗണ്ടിൽ 25 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തുവെന്നത് തെറ്റായ ആരോപണമാണെന്ന് കെ യു ഡബ്ല്യു ജെ പ്രസിഡന്റ് കെ പി റെജി പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 2018 ൽ ബിനു വിജയന് വേണ്ടി ഒരു അഭിഭാഷകൻ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സംഭവം നടന്ന സ്ഥലം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് കോടതി അത് തള്ളുകയായിരുന്നുവെന്നും റെജി ചൂണ്ടിക്കാട്ടി. പിന്നീട് ബിനു വിജയൻ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. ഈ കേസ് നിലവിലുണ്ടെന്നും റെജി പറഞ്ഞു.അതിനിടെ ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും റിപ്പോർട്ടർമാരെ കാപ്പൻ സ്വാധീനിച്ചുവെന്നും വിജയന്റെ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മീഡിയ വൺ റിപ്പോർട്ടറായ മിജി ജോസ്, ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്രശാന്ത് രഘുവംശം എന്നിവർ സിദ്ധിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള സോഷ്യൽ മീഡിയ കാമ്പെയിനുകളിൽ സജീവമായി ഏർപ്പെട്ടിരുന്നതായും ബിനുവിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. കെയുഡബ്ല്യുജെയുടെ രണ്ട് മുൻ സെക്രട്ടറിമാരായ പി കെ മണികണ്ഠൻ, എം പ്രശാന്ത് എന്നിവരുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്ന് ബിനു വിജയൻ പ്രസ്താവനയിൽ പറഞ്ഞതായും ന്യൂസ് ലോണ്ടറി റിപ്പോർട്ട് ചെയ്തു.

അതേസമയം വിജയന്റെ ആരോപണങ്ങളെ ദില്ലി ഘടകം കെ യു ഡബ്ല്യൂ ജെ തള്ളിക്കളഞ്ഞു. ബിനുവിന്റെ ആരോപണങ്ങൾ കുറ്റപത്രത്തിൽ ഉണ്ടെന്നത് യഥാർത്ഥത്തിൽ വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും തങ്ങൾക്ക് ഇക്കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും സംഘടന വ്യക്തമാക്കി. കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. യൂനിയന്റെ നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും സംഘടന പറഞ്ഞു.

2020 ഒക്ടോബർ 5 ന് ഹഥ്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദർശിക്കാനായി പോകവേയായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും മഥുരയിലെ ടോൾ പ്ലാസയിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്.സിദ്ദിഖ് കാപ്പൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥ്രസിലേയ്ക്ക് പോയതെന്നാണ് യുപി പോലീസ് ആരോപണം. ഒക്‌ടോബർ ഏഴിന് പോലീസ് നൽകിയ പ്രഥമ വിവര റിപ്പോർട്ട് പ്രകാരം കാപ്പനെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷം വളർത്തൽ), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയത്.

English summary
malayala manorama reporter's satatement against Siddique Kappan in UP police charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X