സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളും എട്ടു നിലയിൽ പൊട്ടുന്നു: എന്നിട്ടും പ്രതിഫലം കുറയ്ക്കുന്നില്ല
മലയാള സിനിമ മേഖലയിലെ പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞ നിർമാതാവും ബി ജെ പി സംസ്ഥാന സമിതി അംഗവുമായ സുരേഷ് കുമാറിനെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് ഡോ കെ എസ് രാധാകൃഷ്ണൻ. നിർമാതാക്കളുടെ നേതാവ് സുരേഷ് കുമാർ പറയുന്നതിൽ ചില ശരികൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിൽ നഷ്ടം നിർമാതാക്കൾക്ക് മാത്രമാണ്. മലയാള സിനിമാ കമ്പോളം വളരെ ചെറുതാണ്. അതു കൊണ്ട് വലിയ മുതൽ മുടക്കു വരുന്ന ചിത്രങ്ങൾ വിപണിയിൽ പരാജയപ്പെടുന്നു. മലയാളത്തിൽ നിർമിക്കപ്പെടുന്ന ചിത്രങ്ങളിൽ പത്തു ശതമാനം ചിത്രങ്ങൾ മാത്രമേ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നുള്ളുവെന്നും കെഎസ് രാധാകൃഷ്ണന്‍ കുറിക്കുന്നു.
രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സൂപ്പർ താരരാജാക്കന്മാരേ, സിനിമ ഒരു സംഘഗാനമാണ്. അത് ആർക്കും ഒറ്റയ്ക്ക് പാടാൻ കഴിയില്ല. അത് മറക്കരുത്. പ്രേക്ഷകർ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്. സിനിമാ വ്യവസായത്തിൽ നിർമാതാവിന് ഒഴികെ ആർക്കും ഇന്നുവരെ നഷ്ടം വന്നിട്ടില്ല. സിനിമാ വ്യവസായത്തിൽ പണം മുടക്കി കുത്തുപാളയെടുത്ത നിർമാതാക്കളുടെ കഥകൾ ഏറെയാണ്. ഒരിക്കൽ എന്റെ സ്നേഹിതൻ, തിരക്കഥാകൃത്ത് ജോൺ പോൾ, എറണാകുളത്ത്, ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എന്നെ കയറ്റി. സാധാരണ ഗതിയിൽ ജോൺ പോൾ അത്തരം ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറാറില്ല.

ആ ഹോട്ടലിലെ വിളമ്പുകാരനും കാഷ്യറുമായി ജോൺ കുശലം ചോദിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഭക്ഷിച്ചു കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ ജോൺ പറഞ്ഞു: ''നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്ന മനുഷ്യൻ മലയാളത്തിൽ പത്തിലേറെ സൂപ്പർ ഹിറ്റ് സിനിമകൾ എടുത്ത നിർമാതാവാണ്''. പേര് പറഞ്ഞപ്പോൾ ഞാനും അദ്ദേഹത്തിന്റെ സിനിമകൾ കണ്ട കാര്യം ഓർത്തു. വിജയിച്ച സിനിമകളെക്കാൾ ഏറെ സിനിമകൾ പരാജയപ്പെട്ടു. അവസാനം, ജീവിക്കാൻ കണ്ടെത്തിയ മാർഗമാണ് ചായക്കട.
ആ മനുഷ്യൻ ഒടുവിൽ ചായക്കടയും നിർത്തി പോയതായും അറിഞ്ഞു. ഇത്തരം നന്ദികെട്ട കഥകൾ നിറഞ്ഞതാണ് സിനിമാ ചരിത്രം. തകരുന്ന നിർമാതാക്കളെ തേടി ചെന്ന് സിനിമ എടുപ്പിച്ചിരുന്ന ഒരേ ഒരു സിനിമാ താരം പ്രേംനസീറാണെന്നു കേട്ടിട്ടുണ്ട്. ഒരു സൂപ്പർ താരവും സ്വയം സൃഷ്ടിയല്ല. നിർമാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, ക്യാമറാമാൻ, പാട്ടെഴുത്തുകാരൻ, സംഗീത സംവിധായകൻ, ഗായകർ എന്നു തുടങ്ങി ഒട്ടനേകം പേർ ഒരുമിച്ചു ചേർന്നു സൃഷ്ടിച്ചെടുക്കുന്നതാണ് സൂപ്പർ താര പദവി.
നടന്റെ കഴിവും ഭാഗ്യവും അതിൽ ഒരു ഘടകമാണെന്നും മറക്കുന്നില്ല. വലിയ അഭിനയ മികവ് ഇല്ലാതിരുന്ന പ്രേംനസീറായിരുന്നു മൂന്നു പതിറ്റാണ്ടുകാലം മലയാള സിനിമ വ്യവസായത്തെ നിലനിർത്തിയ സൂപ്പർ താരമെന്നും ഓർക്കാവുന്നതാണ്. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാ സിനിമകളും നിരന്തരം വിജയിച്ചു കൊണ്ടിരുന്നപ്പോഴും സ്വയം നിർമാതാവായി സിനിമ എടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചില്ല, മണ്ടൻ.
ഇന്ന് അവസ്ഥ മാറി. സൂപ്പർ താരങ്ങൾ എല്ലാവരും സിനിമ നിർമാതാക്കളാണ്. സ്വാഭാവികമായും അവർ സിനിമാരംഗത്തെ അതി ശക്തരുമായി മാറി. സിനിമ വ്യവസായത്തിൽ ആര് എന്തു ചെയ്യണമെന്നും അവർ നിശ്ചയിച്ചു തുടങ്ങി. അവരോടു പിണങ്ങിയവർ അതിന്റെ തിക്തഫലം അനുഭവിച്ചു. നടൻ തിലകന്റെ അനുഭവം ഓർക്കാവുന്നതാണ്. സൂപ്പർ താരങ്ങൾക്ക് അതിമാനുഷ മഹത്വമുണ്ടെന്ന് നിരന്തരം പ്രശംസിച്ചു കൊണ്ടിരിക്കുക എന്നത് മലയാള സിനിമയിലെ നടപ്പു രീതിയാണ്. ചില സൂപ്പർ താരങ്ങൾ തങ്ങളുടെ മഹത്വം പാടി പ്രചരിപ്പിക്കാനായി ഇളമുറ പാണന്മാരേയും നിശ്ചയിച്ചിട്ടുണ്ട്. പല പാണ പ്രശംസകളും ഓക്കാനം വരുത്തുന്നവയുമാണ്. ''കോഴിബിരിയാണി തിന്നുകൊണ്ട് എന്നെ പ്രശംസിക്കൂ'' എന്ന് ഒരു ശ്രീനിവാസൻ കഥാപാത്രം പറയുന്നത് ഇന്ന് ഒരു ഫലിതം പോലുമല്ലാതായിരിക്കുന്നു.
ഇതെല്ലാം ഓർക്കാൻ കാരണം നിർമാതാക്കളുടെ സംഘടനയും താരരാജാക്കന്മാരും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധമാണ്. നിർമാതാക്കളുടെ നേതാവ് സുരേഷ് കുമാർ പറയുന്നതിൽ ചില ശരികൾ ഉണ്ട്. ഒന്ന്. സിനിമയിൽ നഷ്ടം നിർമാതാക്കൾക്ക് മാത്രം. രണ്ട്. മലയാള സിനിമാ കമ്പോളം വളരെ ചെറുതാണ്. അതു കൊണ്ട് വലിയ മുതൽ മുടക്കു വരുന്ന ചിത്രങ്ങൾ വിപണിയിൽ പരാജയപ്പെടുന്നു. മൂന്ന്. മലയാളത്തിൽ നിർമിക്കപ്പെടുന്ന ചിത്രങ്ങളിൽ പത്തു ശതമാനം ചിത്രങ്ങൾ മാത്രമേ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നുള്ളു. നാല്, സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളും എട്ടു നിലയിൽ നിരന്തരം പൊട്ടുന്നു. എന്നിട്ടും ഈ താരങ്ങൾ എല്ലാവരും താങ്ങാനാവാത്ത പ്രതിഫലം ചോദിക്കുന്നു.
സിനിമയുടെ നിർമാണ ചെലവ് കുറയ്ക്കാനായി എല്ലാവരും സഹകരിക്കണം. ഇതിനെതിരെ നടന്മാർക്ക് അവരുടെ ന്യായീകരണമുണ്ട്. ഒന്ന്. തങ്ങളെ വച്ച് പടമെടുക്കുന്നവർ തങ്ങളോടുള്ള ദയാവായ്പുകൊണ്ടല്ല തങ്ങളുടെ വിപണി മൂല്യത്തെ മുൻനിർത്തിയാണ് അങ്ങനെ ചെയ്യുന്നത്. രണ്ട്. കൂടുതൽ വിപണി മൂല്യമുള്ള താരത്തെ വച്ചു പടമെടുത്തു എളുപ്പത്തിൽ കൂടുതൽ പണം നേടലാണ് നിർമാതാക്കളുടെ ലക്ഷ്യം. സിനിമയിലെ ലാഭം അവർ ആരുമായും പങ്കുവയ്ക്കാറില്ല.
സ്വാഭാവികമായും നഷ്ടവും അവർ തന്നെ സഹിക്കണം. മൂന്ന്. തങ്ങൾ ചെയ്യുന്ന ജോലിയുടെ കൂലി നിശ്ചയിക്കാൻ തങ്ങൾക്കാണ് അവകാശം. ആ തുകയ്ക്ക് സമ്മതമല്ല എങ്കിൽ ആ നടനെ ഉപേക്ഷിക്കാൻ നിർമാതാക്കൾക്ക് അവകാശുണ്ട്. അതു കൊണ്ട് തങ്ങളുടെ വേലയുടെ കൂലി നിശ്ചയിക്കാൻ അന്യനെ ചുമതലപ്പെടുത്താൻ ഞങ്ങൾ തയാറല്ല. നാല്. സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനെ കുറിച്ചു വേവലാതിപ്പെടുന്നവർ അവർക്ക് കിട്ടിയ കോടിക്കണക്കിന് ലാഭവിഹിതത്തിൽ എത്ര തുക ഈ വ്യവസായത്തിന്റെ നിലനില്പിനായി മാറ്റിവച്ചു എന്നു കൂടി പറയുന്നത് നന്നായിരിക്കും.
സിനിമ കലയെക്കാൾ ഉപരി കച്ചവടമാണ്. കച്ചവടത്തിൽ ലാഭനഷ്ടങ്ങൾ സ്വാഭാവികം. മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ, നടന്മാരെക്കാളും സംവിധായകരെക്കാളും സാങ്കേതിക വിദഗ്ദ്ധരെക്കാളുo പ്രതിഭാവിലാസം സംഗീത സംവിധായകരിലും ഗായകരിലുമാണ് കാണാൻ കഴിയുന്നത് എന്നത് വസ്തുതയാണ്. നീലക്കുയിൽ എന്ന സിനിമയിൽ ഇന്നും നിലനിൽക്കുന്നത് കെ. രാഘവന്റെ സംഗീതവും പി. ഭാസ്കരന്റെ ഗാനങ്ങളും അവയെല്ലാം പാടിയ പാട്ടുകാരുമാണ് എന്നതാണ് വസ്തുത.
ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാ മൂർത്തി, അർജുനൻ എന്നിവരുടെ പ്രതിഭാവിലാസം നൽകിയ സംഗീതവും വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി, ഒ എൻ വി കുറുപ്പ്, യൂസഫലി കേച്ചേരി, പൂവ്വച്ചൽ ഖാദർ എന്നു തുടങ്ങിയവരുടെ കാവ്യരസം തുളുമ്പുന്ന ഗാനങ്ങളും യേശുദാസ് ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, എ പി ഉദയഭാനു, എസ്. ജാനകി, പി. സുശീല, മാധുരി തുടങ്ങിയരുടെ ശബ്ദ സൗകുമാര്യവും ഉൾചേർന്ന സംഗീത ലോകം തന്നെയാണ് ആദ്യകാല സിനിമകളിൽ ഇന്നും അവശേഷിക്കുന്നത്.
നടന്റെ കഴിവിനെ ചെറുതാക്കി ആർക്കും കാണാൻ കഴിയില്ല. എന്നാൽ, ഭാവനാസമ്പന്നനായ ഒരു തിരക്കഥാകൃത്തിന്റെ പ്രതിഭ രൂപം നൽകുന്ന കരുത്തുറ്റ കഥാപാത്രമില്ലെങ്കിൽ ഒരു നടനും ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, സിനിമയിൽ തിരകഥാകാരൻ ജന്മം നൽകുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് ലഭിക്കുന്നതിനേക്കാൾ പത്തിലൊന്നു പ്രതിഫലം പോലും തിരക്കഥാകൃത്തിന് നൽകുന്നില്ല എന്നും ഓർക്കണം. ഒരു സിനിമയുടെ മുഴുവൻ സംഘർഷവും സഹിക്കുന്ന സംവിധായകനും ഒരു സൂപ്പർ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ നാലിൽ ഒന്നു പോലും നൽകുന്നില്ല എന്നതും വസ്തുതയാണ്.
നിർമാതാവും തിരക്കഥാകൃത്തും സംവിധായകനും സംഗീത വിഭാഗവും സിനിമാറ്റോഗ്രാഫിയും ഒത്തുവന്നില്ലെങ്കിൽ ഒരു താരവും സൂപ്പർ താരവും സിനിമയിൽ ഉണ്ടാകില്ല. അവരുടെയെല്ലാം തോളിലിരിക്കുന്നതു കൊണ്ടാണ് സൂപ്പർ താരങ്ങൾക്ക് ഇത്രയും തലപൊക്കമുണ്ടാകുന്നത്. അതുകൊണ്ട്, താരപ്പൊലിമയുടെ വിപണി മൂല്യത്തെ കുറിച്ച് വാചാലരാകുന്ന താര പ്രമാണിമാർ ഇക്കാര്യം മറക്കരുത്. സിനിമ ഒരു സംഘഗാനമാണ്. അത് ആർക്കും ഒറ്റക്ക് പാടാൻ കഴിയില്ല. അത് മറക്കരുത്. ആ സംഘഗാനം ഏറ്റു പാടി അതിനെ നിലനിർത്തുന്നത് ഇവിടത്തെ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications