സംഘർഷ ഭൂമി സന്ദർശിച്ച് മമത: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും
കൊല്‍ക്കത്ത: എട്ട് പേരോടെ ജീവനോടെ ചുട്ടുകൊലപ്പെടുത്തിയ ബിർഭൂം ഗ്രാം സന്ദർശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. അക്രമങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും പിന്നില്‍ എന്തോ വലിയത് ഉണ്ടെന്നെന്നായിരുന്നു കലാപഭൂമി സന്ദർശിച്ചുകൊണ്ട് മമത അഭിപ്രായപ്പെട്ടത്. "ആധുനിക ബംഗാളിൽ ഇത്തരത്തിൽ ക്രൂരമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അമ്മമാരും കുട്ടികളും കൊല്ലപ്പെട്ടു. നമ്മുടെ കുടുംബാംഗങ്ങൾ മരിച്ചു, എന്റെ ഹൃദയം തകർന്നിരിക്കുന്നു...", കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചുകൊണ്ട് മമത ബാനർജി പറഞ്ഞു.
ആളുകൾ ഓടിപ്പോയെന്ന വിശദീകരണങ്ങളൊന്നും എനിക്ക് കേള്‍ക്കേണ്ട. ഉത്തരവാദികളായ ആളുകളെ അറസ്റ്റ് ചെയ്യണമെന്നും പോലീസുകാർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവരും ശിക്ഷിക്കപ്പെടണമെന്നും മമത ബാനർജി പറഞ്ഞു. ആക്രമണങ്ങളിൽ നിന്ന് സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകണം. വീടുകൾ നഷ്ടമായവർക്ക് 2 ലക്ഷം രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി ഒരു ലക്ഷം രൂപ നൽകുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് തികയില്ലെന്ന് കുടുംബങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് പിന്നീട് തുക 2 ലക്ഷം രൂപയായി ഉയർത്തുകയായിരുന്നു.

ദുരിതബാധിതരായ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്യുകയും ചെക്ക് വിതരണം ചെയ്യുകയും ചെയ്തു. പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു രാംപൂർഹട്ട് ടൗണിനടുത്തുള്ള ബോഗ്തുയി ഗ്രാമത്തിൽ ചൊവ്വാഴ്ച മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ എട്ട് പേരെ അക്രമിസംഘം വീടുകളിൽ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു. കൊല്ലപ്പെട്ടവരെല്ലാം ഒരേ കുടുംബത്തിലുള്ളവരാണ്. തീവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവർക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തിന് ശേഷം നിരവധി ഗ്രാമീണർ അക്രമവും അറസ്റ്റും ഭയന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. തൃണമൂൽ നേതാവിന്റെ കൊലപാതകം, ഗ്രാമവാസികളുടെ കൊലപാതകം എന്നിങ്ങനെ രണ്ട് എഫ് ഐ ആറുകള്‍ ഫയല്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളും രാഷ്ട്രീയ സംഘർഷത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്ന് ഗ്രാമീണർ അവകാശപ്പെടുന്നത്. പ്രതിപക്ഷം കടുത്ത വിമർശനം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിറം പരിഗണിക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications