'ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും', ജൂഡ് ആന്റണിയെ കുറിച്ചുളള വിവാദ പരാമർശത്തിൽ ഖേദവുമായി മമ്മൂട്ടി
കൊച്ചി: സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി നടന്‍ മമ്മൂട്ടി. ജൂഡ് ആന്റണിയെ മമ്മൂട്ടി ബോഡി ഷെയിമിംഗ് നടത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. ജൂഡിന്റെ തലയില്‍ കുറച്ച് മുടി കുറവാണെന്നേ ഉളളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. 2018ലെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗ് പരിപാടിയിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ വാക്കുകളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇനി അത്തരം പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മമ്മൂട്ടി പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് മമ്മൂട്ടിയുടെ ഖേദപ്രകടനം. കുറിപ്പ് ഇങ്ങനെ: ' പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി'.

മമ്മൂട്ടിയുടെ ഖേദപ്രകടനത്തോട് പ്രതികരിച്ച് ജൂഡ് ആന്റണിയും രംഗത്ത് വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ പോസ്റ്റിന് ജൂഡിന്റെ കമന്റ് ഇങ്ങനെ: ' എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക . എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'. വിവാദമായതിന് പിന്നാലെ മമ്മൂട്ടി സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുതെന്ന് ആവശ്യപ്പെട്ട് ജൂഡ് രംഗത്ത് വന്നിരുന്നു. '' മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ'' എന്നായിരുന്നു ജൂഡിന്റെ പ്രതികരണം.












Click it and Unblock the Notifications