Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപയും ക്രിസ്ത്യാനിയായ ഇന്നസെൻ്റ് തന്ന 400 രൂപയും കൊണ്ട് താലി വാങ്ങി'

നടൻ ശ്രീനിവാസൻ്റെ മരണത്തിൽ അനുശോചിച്ച് കെടി ജലീൽ എംഎൽഎ. ചിരിപ്പിച്ചും രസിപ്പിച്ചും ദു:ഖിപ്പിച്ചും ചിന്തിപ്പിച്ചും ക്യാമറക്കണ്ണുകൾക്കു മുന്നിൽ അൽഭുതം സൃഷ്ടിച്ച കലാകാരനാണ് ശ്രീനിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളിയുടെ സാമൂഹിക ജീവിതത്തെ ആഴത്തിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷിച്ച മറ്റൊരു കലാകാരൻ ഉണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

'ശ്രീനിവാസൻ ഇനിയില്ല! ശ്രീനിവാസൻ ഇനിയൊരിക്കലും ക്യാമറകൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടില്ല. ചിരിപ്പിച്ചും രസിപ്പിച്ചും ദു:ഖിപ്പിച്ചും ചിന്തിപ്പിച്ചും ക്യാമറക്കണ്ണുകൾക്കു മുന്നിൽ അൽഭുതം സൃഷ്ടിച്ച മലയാളത്തിൻ്റെ ശ്രീനി അനന്തനിദ്ര പൂകിയ വാർത്ത വേദനയോടെയാണ് കേട്ടത്. അസുഖബാധിതനായ ശ്രീനിവാസൻ സാധാരണ ജീവിതത്തിലേക്കും സിനിമയിലേക്കും തിരികെയെത്തുമെന്ന പ്രതീക്ഷ ഉണർത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തിൻ്റെ ഹൃദയമിടിപ്പ് നിലച്ചത്.

sreenimm2-17

ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ അതുല്ല്യമാണ്. ചിരിയും ചിന്തയും ബാക്കിവെച്ച പകരക്കാരനില്ലാത്ത മഹാപ്രതിഭയാണ് നക്ഷത്രങ്ങളുടെ ലോകത്തേക്ക് പറന്നു പോയത്. തൻ്റെ പിൻഗാമികൾ മലയാള സിനിമയിൽ കാട്ടിക്കൂട്ടുന്നതെല്ലാം നക്ഷത്രങ്ങൾക്കിടയിലിരുന്ന് അദ്ദേഹം നോക്കിക്കാണും. ​മലയാള സിനിമയിലെ ചിരിയും വേദനയും ചിന്തയും ഒരുപോലെ സമന്വയിപ്പിച്ച അഭിനയസിദ്ധി സ്വന്തമാക്കിയ അപൂർവ്വം നടൻമാരിൽ ഒരാളാണ് അരങ്ങൊഴിഞ്ഞത്. വെറും ഒരു നടനോ തിരക്കഥാകൃത്തോ നിർമ്മാതാവോ മാത്രമായിരുന്നില്ല ശ്രീനിവാസൻ. മറിച്ച് മലയാളിയുടെ സാമൂഹിക ജീവിതത്തെ ആഴത്തിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷിച്ച മറ്റൊരു കലാകാരൻ ഉണ്ടോ എന്ന് സംശയമാണ്.
​പച്ചയായ മനുഷ്യരുടെ കഥാകാരൻ എന്ന വിശേഷണമാണ് ശ്രീനിവാസനെ വ്യത്യസ്തനാക്കുന്നത്.

​ദാസനും വിജയനും തുടങ്ങി എത്രയോ അനശ്വര കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളിയുടെ മനസ്സ് തൊട്ടു. സാധാരണക്കാരന്റെ പരിമിതികളെയും സ്വപ്നങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നിശിതമായ അപഗ്രഥന പാടവം കൊണ്ടാണ്.
​മലയാളി അതുവരെ കണ്ടു ശീലിച്ച വിമർശനത്തിൻ്റെ മൂർച്ചയുള്ള തൂലികയെ തീർത്തും അപ്രസക്തമാക്കിയാണ് ശ്രീനിവാസൻ തൻ്റെ പേന ചലിപ്പിച്ചത്.
​രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അർത്ഥവും അനർത്ഥവും 'സന്ദേശ'ത്തിലൂടെ തുറന്നു കാണിച്ച ശ്രീനിവാസൻ, അന്ധമായ രാഷ്ട്രീയ വിധേയത്വത്തിൻ്റെ പൊള്ളത്തരത്തെ തുറന്നു കാട്ടി. പുരോഗമനം പറയുന്നവന്റെ ഉള്ളിലെ കുടിലത തുറന്നുകാട്ടാൻ ശ്രീനിവാസൻ്റെ തിരക്കഥകൾക്ക് അനായാസം സാധിച്ചു. അദ്ദേഹത്തിൻ്റെ വിശ്വാസ വിമർശനം പോലും കേരളം ആസ്വദിച്ചു. ആരും അതിനെതിരെ ചെറുവിരൽ പോലും അനക്കിയില്ല.

അറബിക്കഥയിലെ ക്യൂബാ മുകുന്ദനും, സന്ദേശത്തിലെ പ്രഭാകരൻ കോട്ടപ്പളിയും, കിളിച്ചുണ്ടൻ മാമ്പഴത്തിലെ കലന്തൻ ഹാജിയും, ചന്ദ്രലേഖയിലെ നൂറും, കഥപറയുമ്പോളിലെ ബാർബർ ബാലനും, തേൻമാവിൻ കൊമ്പത്തിലെ അപ്പക്കാളയും, ഒരു മറവത്തൂർ കനവിലെ മരുതും, പവിത്രത്തിലെ രാമകൃഷ്ണനും, തലയണമന്ത്രിലെ സുകുമാരനും, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും, ഉദയനാണ് താരത്തിലെ രാജപ്പനും, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനും, അയാൾ കഥയെഴുതുകയാണിലെ രാമകൃഷ്ണനും, മിഥുനത്തിലെ പ്രേമനും, യാത്രക്കാരുടെ ശ്രദ്ധക്കിലെ ഗോപിയും, ട്രാഫിക്കിലെ കോൺസ്റ്റബിളും, അഴകിയ രാവണനിലെ അംബുജാക്ഷനും, മുത്താരംകുന്ന് പി.ഒയിലെ ദേവാനന്ദും, അക്കരനിന്നൊരു മാരനിലെ ആലിക്കോയയും, വെള്ളാനകളുടെ നാടിലെ ശിവനും, അരം+അരത്തിലെ ഗോപീകൃഷ്ണനും, ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റിലെ മാധവനും, ആവനാഴിയിലെ ശ്രീനിയും, പാവം പാവം രാജകുമാരനിലെ മദനനും, മഴയെത്തും മുമ്പേയിലെ റഹ്മാനും, ഗോളാന്തര വാർത്തയിലെ കാരക്കോട്ടിൽ ദാസനും, ഇഷ്ടത്തിലെ വിപിനും, മേഘത്തിലെ ഷൺമുഖനും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾക്കാണ് ശ്രീനിവാസൻ ജീവൻ നൽകിയത്!

​വലിയ തത്വചിന്തകളെ സാധാരണക്കാരന്റെ ഭാഷയിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച ശ്രീനിവാസൻ, ​പകരക്കാരനില്ലാത്ത എഴുത്തുകാരനും
അഭിനേതാവുമായിരുന്നു. ആഖ്യാനത്തിലും സംവിധാനത്തിലും തന്റേതു മാത്രമായ ശൈലി അദ്ദേഹം രൂപപ്പെടുത്തി. സിനിമയിലെ സൗന്ദര്യ സങ്കല്പങ്ങളെ തച്ചുടച്ച ശ്രീനിവാസൻ, നടന വൈഭവമാണ് പ്രധാനം എന്ന് സ്വജീവിതം കൊണ്ട് സമർത്ഥിച്ചു. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സംവിധായകർക്കൊപ്പം മോഹൻലാലുമൊത്ത് അദ്ദേഹം തീർത്ത കൂട്ടുകെട്ടുകൾ മലയാള സിനിമയുടെ അവിസ്മരണീയ കാലമായാണ് അടയാളപ്പെടുത്തപ്പെട്ടത്. തമാശയിലൂടെ ഗൗരവകരമായ കാര്യങ്ങൾ പറയുക എന്നതായിരുന്നു ശ്രീനിവാസൻ കഥകളുടെ രീതിശാസ്ത്രം. ​അദ്ദേഹത്തിൻ്റെ വിയോഗം തീർത്ത ശൂന്യത നികത്തപ്പെടാതെ തന്നെ കിടക്കും. തൻ്റെ മക്കളായ വിനീതിനെയും ധ്യാനിനെയും കലാരംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന ശ്രീനിവാസൻ, വർത്തമാന രാഷ്ട്രീയ സാഹചര്യങ്ങളോട് തീക്ഷണതയോടെ പ്രതികരിച്ചു.

വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ എനിക്കവസരമുണ്ടായത് ഓർമ്മയിൽ മായാതെ കിടപ്പുണ്ട്. ഞാൻ തദ്ദേശവകുപ്പിൻ്റെ ചുമതല വഹിക്കവെയാണ് എടപ്പാൾ സഫാരി ഗ്രൗണ്ടിൽ 'സരസ് മേള' അരങ്ങേറിയത്. ഒരാഴ്ച നീണ്ടു നിന്ന ആ ഉൽസവ കാലം മലപ്പുറത്തിന് മറക്കാനാവില്ല. ഒരു ദിവസത്തെ സാംസ്കാരിക സായാഹ്നം ഉൽഘാടനം ചെയ്യാൻ ശ്രീനിവാസനെയാണ് ക്ഷണിച്ചത്. എറണാങ്കുളം ജില്ലയിൽ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങവെ തൃശൂരിൽ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഞാൻ തന്നെയാണ് കാറിൽ കയറ്റി കൊണ്ടുവന്നത്. യാത്രയിൽ ശ്രീനി പങ്കുവെച്ചത് വർത്തമാനത്തിൻ്റെ ആകുലതകളാണ്. പ്രത്യേകിച്ച് നാട്ടിൽ വളരുന്ന വർഗ്ഗീയ വിഭാഗീയ ചിന്തകളെ സംബന്ധിച്ച്. അന്നത്തെ അദ്ദേഹത്തിൻ്റെ പ്രസംഗം തിങ്ങിനിറഞ്ഞ സദസ്സ് സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയിലാണ് ശ്രവിച്ചത്. തൻ്റെ വിവാഹ സന്ദർഭമാണ് ശ്രീനിവാസൻ അനുസ്മരിച്ചത്.

ഹിന്ദുവിനെയും മുസ്ലിമിനെയും കൃസ്ത്യാനിയേയും വേർതിരിക്കാൻ ശ്രമിക്കുന്നവരോടായി അദ്ദേഹം പറഞ്ഞു; "തൻ്റെ വിവാഹം നിശ്ചയിച്ച സമയം. സിനിമയിൽ പിച്ചവെച്ച് നടന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കയ്യിൽ കാശൊന്നുമില്ല. താലിമാലയും വധുവിനുള്ള വസ്ത്രങ്ങളും എങ്ങിനെ വാങ്ങുമെന്നറിയാതെ മദിരാശിയിൽ വിഷമിച്ചിരുന്നു. നാട്ടിൽ പോകാനുള്ള ദിവസങ്ങൾ അടുത്തടുത്തു വന്നു നെഞ്ചിടിപ്പ് കൂടി. വെറും കയ്യോടെ അമ്മയുടെ അടുത്ത് ചെല്ലുന്നത് ചിന്തിക്കാനേ കഴിഞ്ഞില്ല. അപ്പോഴാണ് മമ്മൂട്ടി അവിടെ ഉണ്ടെന്നറിയുന്നത്. വലിയ പരിചയമൊന്നില്ല. എന്നാലും അദ്ദേഹത്തെ കാണാമെന്ന് വെച്ചു. തമസ സ്ഥലം കണ്ടുപിടിച്ചു. നേരിൽ ചെന്നു കണ്ട് കാര്യം പറഞ്ഞു. എല്ലാം കേട്ട മമ്മൂട്ടി ഒന്ന് ചിരിച്ചു. റൂമിലേക്ക് പോയി. ഞാൻ പ്രതീക്ഷിച്ചതിലധികം തുകയുമായി തിരിച്ചു വന്ന് എൻ്റെ കൈവെള്ളയിൽ വെച്ചു തന്നു. വിവാഹാശംസകൾ നേർന്ന് അദ്ദേഹം എന്നെ യാത്രയാക്കി.

വിവാഹ വിവരം പറയാൻ എന്നോടൊപ്പം സിനിമയിൽ അഭിനയിക്കുന്ന ഇന്നസെൻ്റിൻ്റെ അടുത്തേക്കാണ് പിന്നെ പോയത്. ഞങ്ങൾക്ക് നിർമ്മാതാവ് പണമൊന്നും തന്നിരുന്നില്ല. ഇന്നസെൻ്റിൻ്റെ കയ്യിൽ ഒരു രൂപയില്ലെന്ന് എനിക്കറിയാം. കല്ല്യാണമല്ലെ? പറയാതെ പോകുന്നത് ശരിയല്ലല്ലൊ? എല്ലാം കേട്ട ഇന്നസെൻ്റ് ഭാര്യ ആലീസിനെ വിളിച്ചു. കയ്യിൽ കിടന്നിരുന്ന രണ്ട് സ്വർണ്ണവള ഊരി എൻ്റെ കയ്യിൽ തന്നു. ഞാൻ അന്തം വിട്ട് നിൽക്കവെ ഇന്നസെൻ്റ് ചെറുചിരിയോടെ പറഞ്ഞു; 'ഇത് നിനക്ക് തന്നില്ലെങ്കിൽ ബാങ്കിന് കൊടുക്കേണ്ടി വരും. ഇപ്പോ നിൻ്റെ കാര്യം നടക്കട്ടെ'. അന്ന് ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഹിന്ദുവായ ശ്രീനിവാസൻ്റെ ഭാര്യക്ക് വിവാഹക്കോടി വാങ്ങിയത് മുസ്ലിമായ മമ്മൂട്ടി തന്ന കാശ് കൊണ്ട്. അവൾക്ക് താലിമാല വാങ്ങിയത് കൃസ്ത്യാനിയായ ആലീസ് നൽകിയ സ്വർണ്ണ വള വിറ്റ് കിട്ടിയ പണം കൊണ്ട്. ഞാനെങ്ങനെ ഇതര മതസ്ഥരെ വെറുക്കും. എല്ലാവരുടെ ജീവിതത്തിലും സമാന അനുഭവങ്ങൾ കാണാനാകും. എന്ത് ഹിന്ദു? എന്ത് മുസ്ലിം? എന്ത് കൃസ്ത്യാനി? നമുക്ക് മുന്നിൽ മനുഷ്യരേ ഉള്ളൂ. അതേ ഉണ്ടാകാൻ പാടുള്ളൂ". അതു പറഞ്ഞു തീർന്നപ്പോഴേക്ക് ജനം ആർത്തിരമ്പി. സരസ് മേള ധന്യമായി. ശ്രീനിവാസന് പ്രണാമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+