'അഭിനയമല്ലാതെ മറ്റൊരു തൊഴിലുമറിയില്ല'; സ്റ്റേജ് ഷോകളും ഗൾഫ് ഷോകളുമില്ല, വിനോദ് കോവൂർ പറയുന്നു
കേരളത്തിൽ കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഏറ്റവുമധികം പ്രതിസന്ധിയിലായ വിഭാഗങ്ങളിലൊന്നാണ് കലാകാരന്മാർ. അഭിനയത്തെ മാത്രം ഉപജീവനത്തിനായി ആശ്രയിച്ചവരെ ആയിരുന്നു തുടർച്ചയായി വന്ന ലോക്ക്ഡൌണും നിയന്ത്രണങ്ങളും പ്രതിസന്ധിയിലാക്കിയത്. സ്റ്റേജ് ഷോകളും, ഗൾഫ് ഷോകളുമെല്ലാം ഇതിനൊപ്പം ഇല്ലാതാവുകയും ചെയ്തു. ഷൂട്ടിംഗ് നിർത്തിവെച്ചതോടെ സിനിമാ, സീരിയൽ എന്ന് തുടങ്ങി അഭിനയരംഗത്തുള്ള കലാകാരന്മാർക്കെല്ലാം അനന്തമായി തൊഴിലില്ലാതാവുകയായിരുന്നു.

എന്നെ എന്ന് മാത്രമല്ല കേരളത്തിലെ എല്ലാ കലാകാരന്മാരെയും ഈ ലോക്ക്ഡൌൺ ബാധിച്ചിട്ടുണ്ട്. വല്ലാത്ത ഒരു സങ്കടമുണ്ട് കാര്യം മറ്റൊരു തൊഴിലും നമുക്ക് അറിയില്ല. നമുക്ക് ആകെ അറിയാവുന്ന തൊഴിൽ അഭിനയവും സംഗീതവുമാണ്. അത് രണ്ടും ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇതേ അവസ്ഥയിലാണുള്ളത്. എന്നാൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മറിമായം പരമ്പരയുടെ ഷൂട്ടിംഗ് തുടങ്ങിയതാണ് ഏക ആശ്വാസമെന്നും വിനോദ് കോവൂർ വൺഇന്ത്യയോട് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് മറിമായത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ആദ്യത്തെ ലോക്ക് ഡൌണിൽ ഷൂട്ടിംഗ് നിർത്തിവെച്ചതോടെ അഭിനയ ജീവിതത്തിന് ഇടവേള വന്നുവെങ്കിലും മൂന്ന് മാസത്തിന് ശേഷം കൊവിഡ് കേസുകൾ കുറഞ്ഞതോടെ നേരിയതോതിൽ മറിമായത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. എന്നാൽ കേരളത്തിൽ വീണ്ടും കൊവിഡ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിർത്തിവെക്കുകയായിരുന്നുവെന്നും വിനോദ് കോവൂർ പറയുന്നു. കൊവിഡ് വന്നതോടെ മലയാളം ചാനലിൽ സംപ്രേക്ഷണം ചെയ്യാനിരുന്ന ഒരു ടെലിവിഷൻ പരിപാടിയും നീണ്ടുപോയി. ഏപ്രിൽ- മെയ് മാസങ്ങളിൽ നടക്കാനിരുന്ന രണ്ട് മൂന്നോ സിനിമകളുടെ ഷൂട്ടിംഗും ഇത്തരത്തിൽ നീണ്ടുപോയിട്ടുണ്ടെന്നും വിനോദ് കോവൂർ പറയുന്നു.

കേരളത്തിലെ കലാകാരൻമാരെ സംബന്ധിച്ച് പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് ഓരോ വർഷവും വരുന്ന ഗൾഫ് ഷോകളാണ്. എന്നാൽ കൊവിഡിന്റെ വരവോടെ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കിയതോടെ ഈ പ്രതീക്ഷയും അസ്തമിച്ച് കഴിഞ്ഞിരിക്കുകയാണ്. പെരുന്നാൾ, ഓണം സീസണുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഗൾഫ് ഷോകളിലെ പ്രധാന ആകർഷണം കേരളത്തിൽ നിന്നുള്ള കലാകാരന്മാർ തന്നെയാണ്. ഇക്കഴിഞ്ഞ രണ്ട് സീസണുകളിലും ഈ പ്രതീക്ഷകൾക്ക് കൊവിഡ് തുരങ്കം വെക്കുകയായിരുന്നു.

മാസത്തിൽ ഒന്നും രണ്ടും തവണ ഗൾഫിൽ പോയി പ്രോഗ്രാം ചെയ്ത് മടങ്ങിയെത്തിയിരുന്ന തന്നെപ്പോലുള്ളവർക്ക് ഇക്കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രോഗ്രാമുകളില്ലെന്നും അദ്ദേഹം പറയുന്നു. കൊവിഡ് പ്രതിസന്ധി വന്നതോടെ തന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗം ഇല്ലാതായെന്നും വിനോദ് കോവൂർ തുറന്നു പറയുന്നു.

വിനോദ് അഭിനയിച്ച അഞ്ച് സിനിമകളാണ് 2021ൽ റിലീസ് ചെയ്യാനിരിക്കുന്നത്. നടനായും പിന്നണി ഗായകനായും പ്രവർത്തിച്ചിട്ടുള്ള സ്റ്റേഷൻ 5, ചെക്കൻ, കള്ളൻ ഡിസൂസ, അപർണ ഐപിഎസ്, കാൾ മാക്സ് എന്നീ ചിത്രങ്ങളുടെ റിലീസും കൊവിഡ് മൂലം വൈകിയിട്ടുണ്ട്. 2021 മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു പ്രശാന്ത് കാനത്തൂരിന്റെ സ്റ്റേഷൻ 5.

"എന്നെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൌണിൽ ഉണർന്നിരുന്ന ഒരാളാണ്. ഫേസ്ബുക്കിലും യൂട്യൂബിലുമായി നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതായിരുന്നു എന്റെ വിനോദം. കുട്ടികൾക്ക് വേണ്ടി ഒരു പാട് വീഡിയോകൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇട്ടിരുന്നു. അതിന് ഒരുപാട് കമന്റുകൾ വന്നിരുന്നു." വിനോദ് കോവൂർ പറയുന്നു..

കൊവിഡ് കാലത്ത് സ്കൂൾ കലോത്സവങ്ങൾ അടക്കമുള്ള പരിപാടികൾ ഗൂഗിൾ മീറ്റിലേക്കും സൂമിലേക്കും മാറിയതോടെ ഈ പരിപാടികളിലും അതിഥിയായി പങ്കെടുത്തുവെന്നും വിനോദ് കോവൂർ പറയുന്നു. ഒഴിവു സമയത്തിന്റെ ഒരു പങ്ക് എഴുത്തിലേക്ക് മാറ്റിവെച്ചതോടെ ഒരു തിരക്കഥയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതെല്ലാം ചെയ്യുമ്പോഴും വരുമാനം ഇല്ല എന്ന വിഷമം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം തുറന്നു പറയുന്നു.
Recommended Video

കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ ജീവിതത്തിനിടയിൽ ഏറെ സന്തോഷം അനുഭവിച്ച കാലഘട്ടമാണ് ഇത്. വീട്ടിലിരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതുപോലൊരു വീട്ടിലിരുന്ന കാലം മുൻപൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രോഗ്രാമുകൾക്ക് വേണ്ടി വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന അവസ്ഥയിൽ നിന്ന് മാറി കുടുബാംഗങ്ങൾക്കൊപ്പം സമയം ചെലവിടാൻ കഴിഞ്ഞുവെന്ന സന്തോഷമുണ്ടെന്നും വിനോദ് കോവൂർ പറയുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക എന്നിങ്ങനെ ചിട്ടയായ രീതിയിലേക്ക് ജീവിതം മാറിയെന്നും അദ്ദേഹം ഓർക്കുന്നു. എന്നാൽ ഓണക്കാലത്തോടെ പ്രോഗ്രാമുകൾ വരുമെന്നും സാമ്പത്തിക സുരക്ഷിതത്വം നേടാനാവുമെന്നുള്ള പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications