'അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ, കാറും കോളുമുളള ഒരു വലിയ കടല്‍ താണ്ടി'
അസുഖം ഭേദമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി തിരിച്ച് വരുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങളായി മമ്മൂട്ടി ചികിത്സയിലും വിശ്രമത്തിലുമാണ്. ആരാധകര്‍ ആകട്ടെ പ്രിയ നടന്റെ തിരിച്ച് വരവിന് വേണ്ടിയുളള കാത്തിരിപ്പിലും.
ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് മമ്മൂട്ടി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ച് വരികയാണ്. നിര്‍മ്മാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ച് വരവ് വാര്‍ത്തയായത്. ഇതോടെ സിനിമയ്ക്ക് അകത്തും പുറത്തും നാനാതുറയിലും ഉളള ആളുകള്‍ ആഘോഷപൂര്‍വ്വം അതേറ്റെടുത്തു.
മമ്മൂട്ടിയുടെ തിരിച്ച് വരവിനെ കുറിച്ച് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ: '' കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു.

സീരിയല്‍ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു.
അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്.. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്‌നേഹം, ഇബ്രാഹിംകുട്ടി''.
'' സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി''! എന്നാണ് മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിർമ്മാതാവുമായ ജോർജ് കുറിച്ചിരിക്കുന്നത്.
'എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകളുടെ പിൻബലത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്നൊരാളല്ലേ ഞാൻ. ഓർമയിലേക്ക് തിരിച്ചു വന്ന ദിവസങ്ങളിൽ ഞാനാദ്യം കണ്ട ആശംസാ സന്ദേശവും മമ്മൂക്കയുടേത് തന്നെയായിരുന്നല്ലോ. വാർത്തയറിയുമ്പോൾ മനസ്സിന് നല്ല തണുപ്പ്.. സമാധാനം..' എന്നാണ് തൃക്കാക്കര എംഎൽഎ ഉമ തോമസ് പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications