'അറിഞ്ഞപ്പോള്‍ തളർന്നുപോയി, മമ്മൂട്ടിയെ വിളിച്ചു', പറഞ്ഞത്, വെളിപ്പെടുത്തി മണിയൻപിളള രാജു
കഴിഞ്ഞ വർഷം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട നടൻ മണിയൻപിളള രാജുവിന്റെ രൂപം ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രിയതാരത്തിന് എന്ത് പറ്റി എന്നുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടെയാണ് താൻ കാൻസർ സർവൈവർ ആണെന്ന് വെളിപ്പെടുത്തി മണിയൻപിളള രാജു തന്നെ രംഗത്ത് വന്നത്.
കാൻസർ ആണെന്ന് അറിഞ്ഞ നിമിഷം താൻ തളർന്ന് പോയെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. അസുഖ ബാധിതനാണെന്ന കാര്യം മമ്മൂട്ടിയെ വിളിച്ച് പറഞ്ഞതും അദ്ദേഹം നൽകിയ മറുപടിയും മണിയൻപിളള രാജു പങ്കുവെയ്ക്കുന്നു.

മണിയൻപിള്ള രാജു പറയുന്നു: '' നിസ്സാര കാര്യങ്ങള്‍ക്ക് തളരുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണ് താന്‍. പക്ഷേ അത് നിമിഷങ്ങള്‍ മാത്രമേ നില്‍ക്കുകയുളളൂ. പിന്നെ അതില്‍ നിന്ന് വേഗത്തില്‍ തിരിച്ച് വരും. താനൊരു ഫൈറ്ററാണ്, പോരാളിയാണ്. കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ ഒരു സെക്കന്‍ഡ് താന്‍ തളര്‍ന്ന് പോയി. എന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ, ഇനി എന്താണ് ചെയ്യുക. പിന്നെ താന്‍ ആലോചിച്ചു, പൊരുതുക തന്നെ.
താന്‍ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു, അദ്ദേഹം പറഞ്ഞു, ഫൈറ്റ് ചെയ്യണമെടാ. നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ, നീ ഫൈറ്റ് ചെയ്യെടാ എന്ന്. അപ്പോള്‍ താനും വിചാരിച്ചു, നമ്മള്‍ തളര്‍ന്നാല്‍ പോയി. ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവിടുത്തെ നഴ്‌സുമാര്‍ പറയും, ഇങ്ങനെ വയ്യാതെ കിടക്കുമ്പോഴും തന്റെ കുട്ടിത്തം മാറിയിട്ടില്ല എന്ന്. എല്ലാവരിലും ഒരു കുട്ടിത്തം കാണും. ആശുപത്രിയില്‍ കിടക്കുമ്പോഴും തനിക്കത് ഉണ്ടായിരുന്നു. നഴ്‌സുകാരൊക്കെ എത്രയോ രോഗികളേയും മരണങ്ങളും കാണുന്നവരാണ്. പക്ഷേ അവര്‍ക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അവര്‍ പറയും, ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട് എന്ന്.
പരിചയമില്ലാത്ത ഒരുപാട് പേര്‍ തന്നെ വഴിയില്‍ വെച്ച് കാണുമ്പോള്‍ പറയും, സാറിന്റെ ആരോഗ്യം പൂര്‍ണമായി തിരിച്ച് കിട്ടട്ടെ എന്നോ അല്ലെങ്കില്‍ രാജുവേട്ടന്‍ തിരിച്ച് വരും എന്നൊക്കെ. അതൊക്കെ തനിക്ക് ഒരു പ്രചോദനം ആയിരുന്നു. ഇപ്പോള്‍ അയ്യോ കാന്‍സര്‍ വന്നല്ലോ, എല്ലാം തീര്‍ന്നല്ലോ എന്നൊരു വിചാരം ഇല്ല. ഇനിയും ഫൈറ്റ് ചെയ്യും, ഇനിയും അഭിനയിക്കും, പടങ്ങള്‍ നിര്‍മ്മിക്കും, ആ ഒരു തീരുമാനത്തിലാണ് മുന്നോട്ട് പോകുന്നത്.
ചിലര്‍ വിവരമില്ലായ്മ കൊണ്ട് പൊതുസ്ഥലത്തൊക്കെ വച്ച് നമ്മളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയും. താന്‍ മരിച്ച് പോയോ എന്ന് തന്നോട് തന്നെ വിളിച്ച് ചോദിച്ച ഒരാളുണ്ട്. ചേട്ടാ, ഉള്ളതാണോ ഈ കേള്‍ക്കുന്നത്, ചേട്ടന്‍ മരിച്ചുവെന്ന്. എന്തൊരു മണ്ടന്‍ ചോദ്യമാണ് നിങ്ങളീ ചോദിക്കുന്നത് എന്ന് താന്‍ ചോദിച്ചു. അല്ല ചേട്ടാ സിനിമയില്‍ ആയത് കൊണ്ട് പലരും പലതും പറയും, അത് കൊണ്ട് ചോദിച്ചെന്നേ ഉളളൂ എന്നാണ് അയാള്‍ പറഞ്ഞത്. അതൊരു തമാശയായിട്ടേ താന്‍ എടുക്കുന്നുളളൂ.
ഒരിക്കല്‍ ഒരു കല്യാണ റിസപ്ഷന് പോയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വയസ്സായ ഒരാള്‍ എല്ലാവരും കേള്‍ക്കെ വിളിച്ച് ചോദിച്ചു, ഷുഗര്‍ അടിച്ചല്ലേ, അങ്ങ് വല്ലാതെ ഓഞ്ഞ് പോയല്ലോ, വാര്‍ന്ന് പോയല്ലോ ആള് എന്ന്. അപ്പോള്‍ താന്‍ അയാളേക്കാളും ഉറക്കെ പറഞ്ഞു, ഷുഗറൊന്നും അല്ല, അതിനേക്കാള്‍ നല്ല സാധനമാ, കാന്‍സര്‍. അതില്‍ നിന്ന് രക്ഷപ്പെട്ട് വന്ന ആളാണ്, ഇപ്പോള്‍ ഓകെ അല്ലേ എന്ന്. അതോടെ ആളുകള്‍ അയാള്‍ക്ക് നേരെ തിരിഞ്ഞു, വയ്യാത്ത ഒരാളോട് ഇങ്ങനെയൊക്കെ ആണോ ചോദിക്കുന്നത് എന്ന് ചോദിച്ച്.












Click it and Unblock the Notifications