'മനോരമയോട് തിരുത്താൻ ആവശ്യപ്പെട്ടു, പക്ഷെ ചെയ്തത് ഇത്'; എട്ടിന്റെ പണിയുമായി നടൻ മണികണ്ഠൻ ആചാരി
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തന്റെ പടം തെറ്റായി കൊടുത്തത്തിൽ മനോരമയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് നടൻ മണികണ്ഠൻ. അസിസ്റ്റന്റ് എംവിഐ ഉദ്യോഗസ്ഥൻ മണികണ്ഠനാണ് കേസിൽ പെട്ടത്. ഇയാൾക്ക് പകരം നടൻ മണികണ്ഠന്റെ ഫോട്ടോയാണ് മനോരമ തെറ്റായി നൽകിയത്.
അതേസമയം വിട്ടുവീഴ്ചയ്ക്ക് താൻ തയ്യാറായിരുന്നുവെന്നും തിരുത്ത് നൽകാൻ ആവശ്യപ്പെട്ടെങ്കിലും അവർ യാതൊരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്നും ലെറ്റ്സ് ടു ടോക്ക് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മണികണ്ഠൻ പറഞ്ഞു.

'എന്റെ ഫോട്ടോ വെച്ച് തെറ്റായ വാർത്ത വന്നു, അതിനാൽ എന്റെ ഫോട്ടോ വെച്ച് തന്നെ അത് തിരുത്തണമെന്നതായിരുന്നു എന്റെ ആവശ്യം. അതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. അത്തരമൊരു കോമ്പ്രമൈസിന് മാത്രമായിരുന്നു ഞാൻ തയ്യാറായത്. അതല്ലാതെ മറ്റൊന്നിനും ഞാൻ തയ്യാറായിരുന്നില്ല. പിന്നെ എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടം അല്ല ഇത്.
ഈ കേസ് ഒരു താമ്പത്തിക തട്ടിപ്പാണ്, മറ്റൊരു സ്ത്രീ വിഷയമോ ലഹരി കേസോ ഒക്കെയായിരുന്നെങ്കിൽ ജനങ്ങളുടെ പിന്തുണ എനിക്ക് ഉണ്ടാകുമായിരുന്നില്ല. അതേസമയം എന്റെ സാമ്പത്തികം എന്താണെന്ന് ആളുകൾക്ക് എല്ലാം അറിയാം. ഞാൻ വളരെ സാധാരണക്കാരനായാണ് ഇന്നും ജീവിക്കുന്നത്. റോള് ചെയ്തും ലോണടച്ചുമെല്ലാമാണ് ഞാൻ ജീവിക്കുന്നത്. ജനത്തിന് ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് എനിക്ക് അവരുടെ പിന്തുണ ലഭിച്ചത്. മറിച്ചൊരു വാർത്തയായിരുന്നെങ്കിൽ എന്റെ കുടുംബം തന്നെ തകർന്നേനെ. ഞാൻ തിരുത്തി വരുമ്പോഴേക്കും എന്റെ ഭാര്യയും കുട്ടിയും എന്നെ സ്നേഹിച്ചവരും ഉപേക്ഷിച്ചേനെ. അങ്ങനെയല്ലെന്ന് തിരുത്തി കാണിച്ചാൽ എന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുതരാൻ പറ്റുമോ? ഇതിപ്പോൾ ഞാൻ ഒരു സിനിമ നടനായത് കൊണ്ട് എല്ലാവർക്കും മനസിലായി. സാധാരണക്കാരനായിരുന്നെങ്കിലോ?
ദുബായിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ എനിക്കെ വിളി വന്നു. ആ വാർത്ത വളരെ അധികം എന്നെ വേദനിപ്പിച്ചു. ഒരു പൗരനോട് ഇവർ കാണിക്കുന്ന ഉത്തരവാദിത്തം എന്താണ്.ഞാൻ മനോരമയ്ക്കെതിരെ പ്രതികരിച്ച അടുത്ത ദിവസം തന്നെ ആ വാർത്ത തിരുത്തി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ? എന്നാൽ ഒരു തരിപോലും കുറ്റബോധമോ ചെയ്തത് തെറ്റായി എന്ന പ്രതികരണമോ ഒന്നുമില്ല. ഞാനായതുകൊണ്ടാണോ? മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ അവർ തിരുത്തില്ലേ?
ഞാൻ മനോരമയുടെ പൈസയുടെ കണ്ടിട്ട് ഒരു കാറും വീടും ബുക്ക് ചെയ്തിട്ടില്ല. ഔദ്യോഗികമായി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ പണം പറഞ്ഞെന്നേ ഉള്ളൂ, അല്ലാതെ മനോരമയുടെ പണം ഞാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യന്റെ മാനാഭിമാനത്തിനും വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും ഇവിടുത്തെ മാധ്യമങ്ങൾ വില കൽപിക്കണം, തെറ്റ് പറ്റിയാൽ തിരുത്താൻ തയ്യാറകണം, എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
മനോരമയായിട്ട് നല്ല ബന്ധം ഉള്ളയാളാണ് ഞാൻ. ഈ വാർത്ത വന്നപ്പോൾ തൃപ്പൂണിത്തുറയിലെ മനോരമയുടെ പ്രാദേശിക ലേഖകൻ എന്നെ വിളിച്ചു. നേരിട്ട് കണ്ടു. വന്ന വഴി തന്നെ ഇവൻ എന്റെ കാലിൽ വീണു, പറ്റിപ്പോയി, ക്ഷമിക്കണം എന്ന് പറഞ്ഞു. നീയാണോ വാർത്ത കൊടുത്തത് എന്ന് ചോദിച്ചപ്പോൾ അല്ല മലപ്പുറം എഡിഷനാണെന്ന് പറഞ്ഞു. പിന്നെ എന്തിന് കാലിൽ വീണെന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ പത്രമല്ലേയെന്ന് പറഞ്ഞു. കോമ്പ്രമൈസിനാണ് അവൻ വന്നത്. എന്നാൽ ഉത്തരവാദിത്തപ്പെട്ട ആളുമായി സംസാരിക്കണമന്ന് ഞാൻ പറഞ്ഞു. പിറ്റേന്ന് തന്നെ ഒരാൾ വന്നു. എറണാകുളത്തെ സ്റ്റാഫാണ്. മലപ്പുറത്തെ റിപ്പോർട്ടർക്ക് സംഭവിച്ച പിഴവമാണ് എന്ന് അദ്ദേഹം ഒറ്റവാക്കിൽ പറഞ്ഞു. പക്ഷെ എനിക്ക് സാമ്പത്തികമായും മാനസികമായും നഷ്ടം വന്നതോ?
മനോരമ ഖേദം പ്രകടിപ്പിച്ചാൽ മാത്രം മതി, അത് ഞാൻ കൃത്യമായി ഞാൻ പറഞ്ഞു. പിന്നെ പോകാൻ നേരം ഞാൻ പറഞ്ഞു, എനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിൽ കമ്പനി എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ ഞാൻ വേണ്ടെന്ന് പറയില്ല, കാരണം എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, പക്ഷെ എന്റെ ലക്ഷ്യം പണം അല്ലെന്നും വ്യക്തമാക്കിയതാണ്.
ഞാൻ അവരോട് സംസാരിച്ചതിന് ശേഷം അവർ എനിക്കൊരു സാധാനം അയച്ച് തന്നു. എന്നെ ഇന്റർവ്യൂ ചെയ്തത് പോലൊരു സാധനം ആയിരുന്നു. അതിൽ ഞാൻ വയലന്റായി. ഇനി ഒന്നിനുമില്ല, ഞാൻ എന്റേതായ വഴിയിൽ പോകാമെന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട് മാപ്പ് ചോദിക്കുന്നത് പോലൊരു സാധനമാണ് അയച്ച് തന്നത്.ഞാനല്ല മണികണ്ഠൻ വിവദത്തിന് ഇനി ഞാനില്ല എന്ന തരത്തിലൊരു സാധനമാണ് തന്നത്. പിന്നീട് മലപ്പുറം എഡിഷനിൽ ചെറിയൊരു വരിയിൽ അവർ ഒരു തിരുത്ത് കൊടുത്തു. ', മണികണ്ഠൻ പറഞ്ഞു.












Click it and Unblock the Notifications