'പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു'; എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. തിരുവനന്തരുരം ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിലെ പ്രതികളാണ്.
തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയായ യുവതിയാണ് പരാതിക്കാരി. യുവതിയെ ഒന്നിലേറെ തവണ എൽദോസ് ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുവതിയും എൽദോസും തമ്മിൽ അഞ്ച് വർഷത്തോളം നീണ്ട ബന്ധമുണ്ടായിരുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം യുവതിയെ എം എൽ ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കോവളം ഗസ്റ്റ് ഹൗസില്‍ നിന്നും മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിനുള്ള കുറ്റം കൂടി കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

2022 സെപ്റ്റംബര്‍ 28-നാണ് യുവതി എൽദോസിനെതിരെ പോലീസിൽ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോകുന്ന വഴി ഉപദ്രവിച്ചുവെന്നുമായിരുന്നു പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എം എൽ എ മർദിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞത്.
സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി പിന്നീട് കോവളം പോലീസ് സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്യുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ യുവതിയുടെ മൊഴി കോവളം സിഐ പല തവണ അവഗണിച്ചെന്ന പരാതി ഉയർന്നു. ഇതിനിടയിൽ പരാതി പിൻവലിക്കാൻ യുവതിക്ക് മേൽ സമ്മർദ്ദം ശക്തമായിരുന്നു. സംഭവത്തിൽ സി ഐക്കെതിരെ പിന്നീട് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കോവളം പോലീസില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറി.
ക്രൈംബ്രാഞ്ചിന് മുൻപിലും യുവതി എൽദോസിനെതിരായ തന്റെ പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം ആരംഭിച്ചത്. യുവതിയെ ഭീഷണിപ്പെടുത്താന്‍ കൂടെ നിന്നതിനാണ് സുഹൃത്തുക്കളെ പ്രതി ചേര്‍ത്തിട്ടുള്ളത്.












Click it and Unblock the Notifications