മേയർക്ക് തുടരാൻ അവകാശമില്ല; തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നും സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്ന് ബി ജെ പി സംസ്ഥാനത്ത അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചുവെന്ന ആരോപണത്തിലായിരിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കോർപറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനാണോയെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു.

സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലായിടത്തും സി പി എം പ്രവർത്തകരായാൽ മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടണമെങ്കിൽ സിപിഎം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് മഞ്ഞുമലയുടെ അറ്റംമാത്രമാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പ്, ആറ്റുകാൽ പൊങ്കാല ഫണ്ട് തട്ടിപ്പ്, പാർക്കിംഗ് ഗ്രൗണ്ട് തട്ടിപ്പ് ഉൾപ്പെടെ വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നത്. പിഎസ്സി പോലും സിപിഎമ്മിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറിയിരിക്കുകയാണ് . സിപിഎമ്മായാൽ പരീക്ഷ എഴുതാത്തവനും റാങ്ക് പട്ടികയിൽ ഒന്നാമതെത്തും. ചോദ്യ പേപ്പർ നേരത്തെ കിട്ടും എന്നതാണ് സ്ഥിതി.
ഗവർണർക്കെതിരെ സിപിഎം കടന്നാക്രമണം നടത്തുന്നതും ഇത്തരം അഴിമതിയും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കിൽ വലിയ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ കോൺഗ്രസും മേയർക്കെതിരെ രംഗത്തെത്തി.കേരളത്തിലെ യുവജനങ്ങൾക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയർ ആര്യാ രാജേന്ദ്രന്റെ കത്തെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പ്രതികരിച്ചു. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം. എകെജി സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്.ആനാവൂർ നാഗപ്പനോ സിപിഎമ്മോ അല്ല തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ടത്.ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്.അതീവ ഗൗരവമുള്ള ഈ വിഷയം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.












Click it and Unblock the Notifications