സർക്കാറിന്റേയും മുന്നണിയുടേയും നിലപാടല്ല: വിവാദ നോട്ടീസ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: മുസ്ലിം പള്ളികളില്‍ നടക്കുന്ന മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കാണിച്ച് മഹല്ല് ഭാരവാഹികള്‍ക്ക് നോട്ടിസ് നല്‍കിയ കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒയ്ക്കെതിരെ നടപടി സ്വീകരിച്ച് സർക്കാർ. എസ് എച്ച് ഒയെ ചുമതലയില്‍ നിന്ന് മാറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.
മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ട്. രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.

ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ
അതേസമയം "തെറ്റു ചെയ്താൽ നടപടി ഉറപ്പാണ്'' എന്നും വ്യക്തമാക്കി മുന്‍മന്ത്രി കെടി ജലീലും രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിൽ മറ്റൊരിടത്തും ഇങ്ങിനെ സംഭവിച്ചിട്ടില്ലെന്നത് പ്രത്യേകം ഓർക്കുക. ഇത്തരമൊരു നോട്ടീസ് നൽകിയത് പോലീസ് അധികാരികളുടെയോ സർക്കാരിൻ്റെയോ അറിവോടെയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. നോട്ടീസ് വിഷയം ശ്രദ്ധയിൽ പെട്ട ഉടനെതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായാണ് അറിവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പ് വരുന്നതിന് മുമ്പെ പുറത്ത് വിട്ട ഫേസ്ബുക്ക് കുറിപ്പിലൂടെ കെടി ജലീല്‍ വ്യക്തമാക്കുന്നു. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"തെറ്റു ചെയ്താൽ നടപടി ഉറപ്പാണ്''
കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു ജുമാ മസ്ജിദ് കമ്മിറ്റിക്ക് അവിടുത്തെ പോലീസ് ഓഫീസർ നൽകിയ നോട്ടീസ് വിവാദമായിരിക്കുകയാണല്ലോ?
കേരളത്തിൽ മറ്റൊരിടത്തും ഇങ്ങിനെ സംഭവിച്ചിട്ടില്ലെന്നത് പ്രത്യേകം ഓർക്കുക. ഇത്തരമൊരു നോട്ടീസ് നൽകിയത് പോലീസ് അധികാരികളുടെയോ സർക്കാരിൻ്റെയോ അറിവോടെയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. നോട്ടീസ് വിഷയം ശ്രദ്ധയിൽ പെട്ട ഉടനെതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായാണ് അറിവ്.
പ്രസ്തുത നോട്ടീസ് കാണാനിടയായപ്പോൾ നിജസ്ഥിതി അറിയാൻ മയ്യിൽ എസ്.എച്ച്.ഒ യെ വിളിച്ചു. അദ്ദേഹം പറഞ്ഞതിൻ്റെ ചുരുക്കം ഇങ്ങിനെയാണ്. "മയ്യിൽ പ്രദേശത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്ഥലത്തെ ജുമാ മസ്ജിദ് കമ്മിറ്റിക്ക് ഒരു നോട്ടീസ് നൽകിയിരുന്നു. സാധാരണഗതിയിൽ ഉൽസവ സമയങ്ങളിലും മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുള്ള ഘട്ടങ്ങളിലും ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളോടും ആരാധനാലയ ഭാരവാഹികളോടും വാക്കാൽ പറയാറുള്ള കാര്യമാണ് നോട്ടീസായി പള്ളി കമ്മിറ്റിക്ക് നൽകിയത്. അത് അദ്ദേഹത്തിൻ്റെ ഭാഗത്ത് സംഭവിച്ച വീഴ്ചയാണ്.
സർക്കാരോ മേലുദ്യോഗസ്ഥരോ അതിൽ കുറ്റക്കാരല്ല. തൻ്റെ പ്രവൃത്തി തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിൽ അതിയായി ഖേദിക്കുന്നു". ഒരു പോലീസുദ്യോഗസ്ഥൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി കേരള സർക്കാരിനെതിരെ രാഷ്ട്രീയ ദുർലാക്കോടെ ദുഷ്പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമാണ്. പിശക് പറ്റിയ പോലീസ് ഉദ്യോഗസ്ഥൻ്റെ കാര്യത്തിൽ എടുക്കേണ്ട നടപടികൾ തീർച്ചയായും വകുപ്പ് സ്വീകരിക്കുമെന്നാണ് അറിഞ്ഞത്.
ഒരു വ്യക്തിയുടെ ഭാഗത്ത് സംഭവിച്ച അബദ്ധം എന്നതിനപ്പുറത്തേക്ക് വലിച്ചു നീട്ടി ഇടതുപക്ഷ സർക്കാരിനെതിരെ സാധാരണക്കാരായ വിശ്വാസികളെ തിരിച്ചുവിട്ട് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നത്. ആ ചതിക്കുഴിയിൽ ആരും വീണു പോകരുത്.
ന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്ലിങ്ങൾ അവരുടെ യഥാർത്ഥ മിത്രങ്ങളെയും ശരിയായ ശത്രുക്കളെയും വിവേചിച്ചറിയുന്നതിൽ പരാജയപ്പെടുന്നതാണ് പലപ്പോഴും കാണുന്നത്. കാള പെറ്റു എന്നു കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന അതിവൈകാരികത സമുദായത്തിന് ചങ്ങാതിമാരെയല്ല എതിരാളികളെയാണ് ഉണ്ടാക്കിക്കൊടുക്കുക. ആ ബോധം ഇടതുപക്ഷ വിരോധികളായ ആവേശക്കമ്മിറ്റിക്കാർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.












Click it and Unblock the Notifications