"ഷൈലോക്കാണോ ഇന്ത്യ ഭരിക്കുന്നത്?" ഇത് വൻ ചതിയെന്ന് എംബി രാജേഷ്... മോദി ഓർമിപ്പിക്കുന്നത് ഷൈലോക്കിനെ
പാലക്കാട്: വാക്സിൻ വിതരം സൌജന്യമായി തുടരും എന്നാണ് മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. അത് കഴിഞ്ഞ് അധികം കഴിയും മുന്പ് തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒരു നിർദ്ദേശം വന്നു. 18 മുതൽ 45 വരെ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ എങ്ങനെ ആണെന്നത് സംബന്ധിച്ചായിരുന്നു അത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇവർ വാക്സിൻ എടുക്കേണ്ടത് എന്നായിരുന്നു നിർദ്ദേശം.
ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ എംപിയും സിപിഎം നേതാവും ആയ എംബി രാജേഷ്. നരേന്ദ്ര മോദി ഓർമിപ്പിക്കുന്നത് ഷേക്സ്പിയർ കഥാപാത്രമായ ഷൈലോക്കിനെ ആണെന്നും രാജേഷ് പറയുന്നു.

ഹൃദയശൂന്യമായ നടപടി
ഷൈലോക്കാണോ ഇന്ത്യ ഭരിക്കുന്നത്?
എന്തൊരു ചതി ! 18-45 പ്രായപരിധിയിലുള്ള വർക്ക് വാക്സിനേഷൻ സ്വകാര്യ മേഖലയിൽ മാത്രം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ട്വീറ്റ്.18-45 പ്രായത്തിൽ പെട്ടവർ വാക്സിൻ എടുക്കാൻ എങ്ങിനെ രജിസ്റ്റർ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ട്വീറ്റിലെ നാലാമത്തെ പോയിൻ്റിലാണ് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ വാക്സിൻ എടുക്കാനാവൂ എന്നു പറയുന്നത്. ലോകത്ത് ഒരിടത്തുമില്ലാത്ത വില വാക്സിന് ഈടാക്കി മുതലാളിമാർക്ക് കൊള്ളലാഭം ഉറപ്പാക്കുന്നതിന് പിന്നാലെയാണ് ഹൃദയശൂന്യമായ ഈ നടപടി.

ഷൈലോക്കിനെ ഓർമിപ്പിക്കുന്ന മോദി
ശ്വാസം നിലച്ച് ആയിരങ്ങൾ പിടഞ്ഞു മരിക്കുന്ന മഹാദുരന്തത്തിൽ നിന്ന് കൊള്ളലാഭം കൊയ്യുന്ന മനുഷ്യ വിരുദ്ധരാണിവർ. മിസ്റ്റർ മോദി, താങ്കൾ ഷേക്ക്സ്പിയർ കഥാപാത്രമായ ഷൈലോക്കിനെയാണ് ഓർമ്മിപ്പിക്കുന്നത്. വെൻറിലേറ്ററിൽ ഒരു രാജ്യം മുഴുവൻ ഊർദ്ധ്വശ്വാസം വലിക്കുമ്പോൾ ജനതയെ സ്വകാര്യ മൂലധനത്തിൻ്റെ ലാഭാർത്തിക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നു ഭരണകൂടം. അപ്പോഴും ഒരു കൂട്ടം മന:സാക്ഷിയില്ലാത്ത മനുഷ്യ വിരുദ്ധർ "മന്ന വേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം " എന്ന് ന്യായീകരിച്ച് പുളക്കുന്നുണ്ട്. എന്തൊക്കെ ന്യായീകരണങ്ങളാണ് ഇക്കൂട്ടർ നിരത്തുന്നത്?

കാവി വൈറസുകൾ
1. ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലത്രേ! ഇന്നും പത്രത്തിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച അനേകം മനുഷ്യരുടെ വാർത്തയുണ്ട്. സിലിണ്ടറുകൾ താങ്ങിപ്പിടിച്ച് ആശുപത്രിയിലേക്കോ ടുന്നവരുടെ ചിത്രങ്ങളുണ്ട്. ഇപ്പോൾ കേന്ദ്രം തരുന്ന 300 ടൺ കൊണ്ട് ഒന്നുമാവില്ല 1500 ടൺ ഓക്സിജൻ അടിയന്തിരമായി വേണമെന്ന് കർണാടകയിലെ ബിജെപിക്കാരനായ ആരോഗ്യ മന്ത്രി പറഞ്ഞിട്ടുണ്ട്. ആശുപത്രികൾ ഓക്സിജനു വേണ്ടി കോടതി കയറിയിട്ടുണ്ട്. ഓക്സിജൻ കൊടുക്കൂ എന്നു പറഞ്ഞ് കോടതി തന്നെ പൊട്ടിത്തെറിച്ചിട്ടുണ്ട്.ഈ പൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങളുടെ നടുവിൽ കണ്ണുമടച്ചു നിന്ന് പിഐബിയുടെ പത്രക്കുറിപ്പെന്ന കീറക്കടലാസും കാണിച്ച് 162 പ്ലാന്റ് തുടങ്ങാൻ തീരുമാനിച്ചുവെന്നും ഓക്സിജൻ ആവശ്യത്തിലേറെയായെന്നും ന്യായീകരിക്കുന്ന ഒരുത്തനുണ്ടെങ്കിൽ അവൻ മനുഷ്യ രൂപത്തോളം വളർന്ന ഒരു കാവി വൈറസായിരിക്കുമെന്ന് തീർച്ച.ആ വൈറസിന് വാക്സിൻ എന്നല്ല ആൻറി വെനം പോലും മതിയാവില്ല.

കേരളത്തിന്റെ നേട്ടവും മോദിയുടെ മികവെന്ന്
2. ഇന്ത്യയിലെ ഏക ഓക്സിജൻ മിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാറിന് ഒരു പങ്കുമില്ലെന്ന് ! പിന്നെയോ? മോദിയുടെ മികവാണത്രേ !! എന്നാൽ പിന്നെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേയും മോദിക്ക് ഇതുപോലെ കടാക്ഷിച്ചു കൂടായിരുന്നോ? വേണ്ട സ്വന്തം മണ്ഡലം ഉൾപ്പെടുന്ന യുപി യെ എങ്കിലും?
കേന്ദ്രത്തിൻ്റെ കടലാസിൽ കൊട്ടി ഗ്ഘോഷിച്ച 162 പ്ലാൻ്റിൽ യു പി ക്ക് 14 ഉണ്ടായിരുന്നല്ലോ? തുടങ്ങിയതോ വട്ടപ്പൂജ്യം . കേരളം ഓക്സിജൻ മിച്ചമായത് മോഡിയുടെ മാജിക്. മോദിയും യോഗിയും മേയുന്ന യുപിയിലും ഗുജറാത്തിലുമൊക്കെ ഓക്സിജൻ ക്ഷാമത്തിന് കാരണമോ? അതു പിന്നെ പിണറായി തന്നെ.

കേരളത്തിന്റെ ആസൂത്രണം
3. കേന്ദ്രം തന്ന 5 പ്ലാൻ്റ് കേരളത്തിൽ തുടങ്ങിയില്ലെന്നും നിരീക്ഷിച്ചിട്ടുണ്ട് ഒരു വിദ്വാൻ .എന്നിട്ടും കേരളം ഓക്സിജൻ മിച്ചമായി. അതാ പറഞ്ഞത് മോദിയും കേന്ദ്രവുമല്ല കേരള സർക്കാരിൻ്റെ ആസൂത്രണമാണ് ഓക്സിജൻ മിച്ചമാവാൻ കാരണമെന്ന് .

ഇഡിയോ മോഡിയോ വിചാരിച്ചാൽ പോലും
4. കേന്ദ്രം ഇന്ത്യയിലാകെ 162 പ്ലാൻ്റിന് 201 കോടി കൊടുത്തെന്ന്. മഹാകാര്യമായിപ്പോയി. കേരളത്തിൻ്റെ സ്വന്തം പൊതുമേഖലാ സ്ഥാപനം കെഎംഎംഎൽ, 58 കോടി രൂപക്കാണ് ഒരൊറ്റ വൻകിട പ്ലാൻ്റുണ്ടാക്കിയത്. അങ്ങിനെയാണ് കേരളം ഓക്സിജൻ മിച്ചമായത്. ആ ധൈര്യത്തിലാണ്, താനും തൻ്റെ വേണ്ടപ്പെട്ടവരും കേരളത്തിലായതു കൊണ്ടു മാത്രം പ്രാണവായു കിട്ടാതെ പിടഞ്ഞു തീരില്ല എന്ന ഒറ്റ ഉറപ്പിലാണ് ഇവരുടെ ന്യായീകരണം. ഇവരെയൊക്കെ അഹമ്മദാബാദിലോ ഭോപ്പാലിലോ ഉള്ള ആശുപത്രിയുടെ മുന്നിൽ കൊണ്ടു പോയാക്കണം. എന്നിട്ട് അവിടെ നിന്നിട്ട് ഉറക്കെ പറയട്ടെ ഓക്സിജൻ ക്ഷാമമില്ലെന്ന്. ഇഡിയോ മോഡിയോ വിചാരിച്ചാൽ പോലും തടി രക്ഷിക്കാനാവില്ല.

എന്ത് ആരോഗ്യപരമായ മത്സരം
5. കേന്ദ്രത്തിൻ്റെ വാക്സിൻ നയ മാഹാത്മ്യം വാഴ്ത്തുന്നു വേറെ ചിലർ. " ആരോഗ്യകരമായ മൽസരമുണ്ടാക്കുന്ന നയം " ആണത്രേ കേന്ദ്രത്തിൻ്റെ. ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന മനുഷ്യർ ജീവൻ രക്ഷിക്കാനുള്ള മരുന്നിന് മൽസരിക്കുന്നത് ആരോഗ്യകരമാണത്രേ ! "അവിടെ കുറയുന്നതിൻ്റെ ഒരംശം മാത്രമേ ഇവിടെ കൂട്ടുന്നുള്ളൂ, അപ്പോൾ യഥാർത്ഥത്തിൽ ഇവിടെ കുറയുകയാണ് " എന്നതിനേക്കാൾ ക്രൂരമായ ഫലിതമായിപ്പോയി ഇത് മന്ത്രി മഹോദയ്.

ഒരു വാക്സിൻ, പലനിരക്ക്
6. കേന്ദ്രത്തിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയും തെറ്റല്ലത്രേ. 'ഒരു രാജ്യം ഒരു വിപണി ഒരു നികുതി ' എന്നാണ് ജിഎസ്ടി കാലത്തെ മുദ്രാവാക്യം. മഹാമാരിക്കാലത്തോ?' ഒരു വാക്സിൻ പല നിരക്ക് തോന്നിയ വില '. വാക്സിൻ സൗജന്യമായി കൊടുക്കും എന്ന കേന്ദ്രത്തിൻ്റെ വാക്കിനോ പുല്ലുവില.

ദേശീയദുരന്ത പരിവാരങ്ങൾ
7. ആരോഗ്യം സംസ്ഥാന വിഷയമാണ് എന്നാണ് ന്യായീകരിക്കാനുള്ള അറ്റകൈ പ്രയോഗം. ഇത് ഒരു ദേശീയ ദുരന്തമാണ് ദുരന്ത പരിവാരമേ. സുപ്രീം കോടതി പറഞ്ഞത് അത് നേരിടാൻ ദേശീയ പദ്ധതി ( National Plan ) വേണമെന്നാണ്. സംസ്ഥാനങ്ങൾ നോക്കട്ടെ എന്നു പറഞ്ഞ് കൈകഴുകാൻ കണ്ണിൽ ചോരയില്ലാത്ത, കഴിവുകെട്ട ഒരു കേന്ദ്ര ഭരണകൂടത്തിനേ കഴിയൂ.

വർഗ്ഗീയ വായ്നാറ്റം
8. അവസാനമായി നിങ്ങൾക്ക് വിശ്വാസമില്ലാത്ത, ഞങ്ങളുടെ ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 21 ഉണ്ട്. ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന അനുഛേദം. ജീവിക്കാനുള്ള അവകാശത്തിൽ പ്രാണവായുവിനും ജീവൻ രക്ഷാ വാക്സിനുമുള്ള അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടത്തിലാണിന്ന് ഇന്ത്യ. വിദൂഷകപ്പരിഷകൾ ന്യായീകരിക്കുന്നത് പ്രാണവായു നിഷേധിക്കുന്നതിനേയാണ്. പരിഹസിക്കുന്നത് മരിച്ചു വീഴുന്ന മനുഷ്യരേയാണ്. അവരുടെ ഉറ്റവരുടെ തീരാവേദനകളേയാണ്.അതുകൊണ്ട് , വർഗ്ഗീയ വായ്നാറ്റം മാത്രമുളവാക്കുന്ന നിങ്ങളുടെ വാ തുറന്ന് ന്യായീകരണങ്ങൾ കൊണ്ട് അന്തരീക്ഷ വായുവിനെയെങ്കിലും ദുർഗന്ധപൂരിതമാക്കാതിരിക്കുക.












Click it and Unblock the Notifications