മീഡിയവണ്‍ വിലക്ക്: സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച നല്‍കി സുപ്രീം കോടതി
ദില്ലി: മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രത്തിന് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി മൂന്നാഴ്ച അനുവദിച്ചു. നാലാഴ്ച സമയം അനുവദിക്കണമെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. മേയ് ആദ്യ വാരം കേസ് വീണ്ടും പരിഗണിക്കുന്നതായിരിക്കും. സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്തുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.
കേസില്‍ മീഡിയ വണ്‍ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം തേടിയിരുന്നു. നാലാഴ്ച കൂടി അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നേരത്തെ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി മാര്‍ച്ച് 30 വരെയാണ് സമയം അനുവദിച്ചത്. എന്നാല്‍ സമയപരിധി പാലിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിച്ചിരുന്നു.

മാര്‍ച്ച് 15ന് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16ന് ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയില്‍ ഹാജരായത്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ഹര്‍ജിയലായിരുന്നു സുപ്രീം കോടതി വാദം കേട്ടത്.
Recommended Video
അതേസമയം, മീഡിയവണ്‍ സംപ്രേഷണ വിലക്ക് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഈവിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് പ്രമോദ് രാമന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.












Click it and Unblock the Notifications